മാധ്യമങ്ങൾക്കെതിരെ അപകീർത്തി കേസെടുക്കുമ്പോൾ ജാഗ്രത വേണം: മലയാള മനോരമക്കെതിരായ കേസ് റദ്ദാക്കി ഹൈക്കോടതി
മാധ്യമങ്ങളുടെ സ്വാതന്ത്ര്യവും വാർത്തകൾ അറിയാനുള്ള ജനങ്ങളുടെ അവകാശവും ജനാധിപത്യ രാജ്യത്ത് കൈകോർത്ത് പോകേണ്ടതാണെന്നും ഹൈക്കോടതി
കൊച്ചി: മാധ്യമങ്ങൾക്കെതിരെ അപകീർത്തി കേസെടുക്കുമ്പോൾ ജാഗ്രത വേണമെന്ന് കേരള ഹൈക്കോടതി. മതിയായ വസ്തുതകളുണ്ടെന്നു വിചാരണക്കോടതികൾ ഉറപ്പുവരുത്തണം. അല്ലെങ്കിൽ മാധ്യമ സ്വാതന്ത്ര്യവും അറിയാനുള്ള ജനങ്ങളുടെ അവകാശവും ഹനിക്കപ്പെടും. കൃത്യമായ വസ്തുതകളുണ്ടെന്ന് ഉറപ്പാക്കിയതിന് ശേഷം മാത്രമേ മാധ്യമങ്ങൾക്കെതിരെ നടപടി പാടുള്ളൂ. മാധ്യമ സ്വാതന്ത്ര്യത്തിനുള്ള പ്രതിബന്ധം ജനാധിപത്യത്തിലേക്കല്ല, ജനക്കൂട്ടത്തിന്റെ ആധിപത്യത്തിലേക്കാണ് നയിക്കുക. വാർത്ത നൽകാനുള്ള മാധ്യമങ്ങളുടെ സ്വാതന്ത്ര്യവും വാർത്തകൾ അറിയാനുള്ള ജനങ്ങളുടെ അവകാശവും ജനാധിപത്യ രാജ്യത്ത് കൈകോർത്ത് പോകേണ്ടതാണെന്നും ഹൈക്കോടതി ചൂണ്ടിക്കാട്ടി. മലയാള മനോരമ ദിനപത്രത്തിനെതിരെയുള്ള കേസ് റദ്ദാക്കിക്കൊണ്ടാണ് കേരളാ ഹൈക്കോടതി ജസ്റ്റിസ് ബദറുദ്ദീൻ ഉത്തരവിട്ടത്.