ഹർജി വെള്ളിയാഴ്ച പരിഗണിക്കാൻ മാറ്റി. സ്വര്‍ണകടത്ത് കേസിലെ പ്രതി സ്വപ്ന സുരേഷിന് ജോലി നൽകിയത് എച്ച് ആർ ഡി എസ് ആയിരുന്നു. 

പാലക്കാട്: ആദിവാസി ഭൂമി തട്ടിപ്പ് നടത്തിയെന്ന കേസില്‍ പാലക്കാട് എച്ച് ആർ ഡി എസ് ജീവനക്കാര്‍ നല്‍കിയ മുന്‍കൂർ ജാമ്യാപേക്ഷയിൽ ഹൈക്കോടതി സര്‍ക്കാരിന്‍റെ വിശദീകരണം തേടി. ജോജി മാത്യു, വേണുഗോപാല്‍, ആത്മനാമ്പി എന്നിവരാണ് മുന്‍കൂർ ജാമ്യാപേക്ഷ നല്‍കിയത്. ഷോളയൂര്‍ പോലിസ് രജിസ്റ്റർ ചെയ്ത കേസിൽ അറസ്റ്റിന് സാധ്യതയുണ്ടെന്ന് ചൂണ്ടികാട്ടിയാണ് ഇവർ കോടതിയെ സമീപിച്ചത്. ഹർജി വെള്ളിയാഴ്ച പരിഗണിക്കാൻ മാറ്റി. സ്വര്‍ണകടത്ത് കേസിലെ പ്രതി സ്വപ്ന സുരേഷിന് ജോലി നൽകിയത് എച്ച് ആർ ഡി എസ് ആയിരുന്നു.

'വിദേശ ഫണ്ടിന് സഹായം വേണം, ഉന്നത പദവി നല്‍കി'; സ്വപ്ന എച്ച്ആര്‍ഡിഎസിന്‍റെ ഭാഗമെന്ന് അജി കൃഷ്ണൻ

സ്വര്‍ണക്കടത്ത് കേസ് (Gold Smuggling Case) പ്രതിയായ സ്വപ്ന സുരേഷ് ഇപ്പോഴും എച്ച്ആര്‍ഡിഎസിന്‍റെ (HRDS) ഭാഗമാണെന്ന് സംഘടനയുടെ സ്ഥാപക സെക്രട്ടറി അജി കൃഷ്ണൻ (Aji Krishnan). അവരെ പേ റോളില്‍ നിന്ന് മാത്രമാണ് നീക്കിയത്. സംഘടനയ്ക്ക് വിദേശഫണ്ട് ലഭിക്കാൻ സ്വപ്ന സുരേഷിന്‍റെ സഹായം അത്യാവശ്യമാണ്. അതിനാൽ അവര്‍ക്ക് സംഘടനയിൽ ഉന്നത പദവി നൽകി ഒപ്പം നിര്‍ത്തിയിരിക്കുകയാണെന്നും അജി കൃഷ്ണൻ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.

സ്വപ്ന സുരേഷിനെ എച്ച്ആര്‍ഡിഎസില്‍ നിന്ന് പുറത്താക്കാൻ വലിയ സമ്മർദ്ദമാണ് ഉണ്ടായത്. ചില സിപിഎം നേതാക്കൾ പോലും ഇതിനായി തന്നെ വിളിച്ചിരുന്നു. എന്തിനാണ് സ്വപ്നയെ ജോലിക്ക് നിർത്തുന്നത് എന്നാണ് അവര്‍ ചോദിച്ചത്. ചോദ്യം ചെയ്യല്ലിൽ പൊലീസും നിരന്തരം ഇക്കാര്യം ചോദിച്ചു. സ്വർണക്കടത്ത് കേസിൽ സ്വപ്നയ്ക്ക് തെറ്റുപറ്റിയതാണ്. അക്കാര്യം അവർ ഏറ്റുപറഞ്ഞതുമാണെന്നും അജികൃഷ്ണൻ വ്യക്തമാക്കി.

മുഖ്യമന്ത്രി പിണറായി വിജയന് സ്വര്‍ണക്കടത്തിൽ പങ്കുണ്ടെന്നും ഒരു കമ്മ്യൂണിസ്റ്റുകാരന് വേണ്ട യാതൊരു ഗുണവും മുഖ്യമന്ത്രിക്കില്ലെന്നും അജി കൃഷ്ണൻ പറഞ്ഞു. എച്ച്ആര്‍ഡിഎസിനെ സംസ്ഥാന സര്‍ക്കാര്‍ വേട്ടയാടുകയാണ്. കൂടുതൽ അന്വേഷണ ഏജൻസികൾ ഇപ്പോൾ തന്നെ ചോദ്യം ചെയ്യാൻ വിളിപ്പിക്കുന്നുണ്ടെന്നും അജി കൃഷ്ണന്‍ വ്യക്തമാക്കി. അതേ സമയം ആദിവാസി ഭൂമി തട്ടിപ്പ് കേസില്‍ എച്ച്ആര്‍ഡിഎസ് സെക്രട്ടറി അജി കൃഷ്ണന് ബുധനാഴ്ച ജാമ്യം ലഭിച്ചിരുന്നു.

Read Also : സ്വപ്നയെ ഒപ്പം നിര്‍ത്തിയതിൻ്റെ പേരിൽ സര്‍ക്കാര്‍ വേട്ടയാടുന്നുവെന്ന് അജി കൃഷ്ണൻ