ആഭ്യന്തര വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറിക്ക് ഹൈക്കോടതിയുടെ വിമർശനം. ഡിജിപി എസ് ശ്രീജിത്തിന്റെ അനുമതിയില്ലാത്ത വിദേശയാത്രയുമായി ബന്ധപ്പെട്ട് ഹാജരായതിനിടെ ആണ് വിമർശനം.
കൊച്ചി: ഡിജിപി എസ് ശ്രീജിത്തിനെതിരായ ഹർജിയിൽ ഹാജരായ ആഭ്യന്തര വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറിക്ക് ഹൈക്കോടതിയുടെ വിമർശനം. നേരിട്ട് ഹാജരാകാനുള്ള ഉത്തരവിനെതിരെ കീഴുദ്യോഗസ്ഥൻ വഴി അവധി ചോദിച്ചതിനാണ് വിമർശനം. ഇത് സംസ്ഥാനത്തെ ഉന്നത കോടതി ആണെന്നും വില്ലേജ് ഓഫീസ് അല്ലെന്നും ജസ്റ്റിസ് ബദറുദ്ദീൻ പറഞ്ഞു.
ആഭ്യന്തര സെക്രട്ടറി മിൻഹാജ് ആലമിനാണ് ഹൈക്കോടതിയിൽനിന്ന് വിമർശനം ഉണ്ടായത്. ഇത്തരം നടപടി ആവർത്തിച്ചാൽ കോടതി അലക്ഷ്യ കേസോ പിഴയോ ഈടാക്കുമെന്നും കോടതി മുന്നറിയിപ്പ് നൽകി. ശ്രീജിത്തിനെതിരായ വിജിലൻസ് അന്വേഷണ ആവശ്യത്തിൽ തീരുമാനമെടുത്തത് അറിയിക്കാത്തതിലാണ് ആഭ്യന്തര വകുപ്പ് സെക്രട്ടറിയോട് നേരിട്ട് ഹാജരാകാൻ കോടതി നിർദേശം നൽകിയിരുന്നത്. പരാതിക്കാരനെ കേട്ട് മൂന്നാഴ്ചക്കകം തീരുമാനമെടുത്ത് അറിയിക്കണമെന്ന് കോടതി നിദേശിച്ചിരുന്നു. എന്നാലിത് നടപ്പിലാക്കാത്ത സാഹചര്യത്തിലാണ് ഹൈക്കോടതി ഉദ്യോഗസ്ഥനെ വിളിപ്പിച്ചത്.
അതേസമയം എസ് ശ്രീജിത്തിനെതിരെ വിജിലൻസ് അന്വേഷണം ആവശ്യപ്പെട്ടുള്ള ഹർജിയിൽ പുതിയ പെറ്റീഷൻ സമർപ്പിക്കാൻ ഹൈക്കോടതി ഹർജിക്കാരന് നിർദേശം നൽകി. മുൻകൂട്ടി അനുമതിയില്ലാതെ വിദേശയാത്ര നടത്തിയത് അടക്കമുള്ള വിഷയങ്ങളിൽ വിജിലൻസ് അന്വേഷണം ആവശ്യപ്പെട്ടാണ് ഹർജിക്കാരനായ ദിപിൻ എടവന കോടതിയെ സമീപിച്ചത്. യൂണിഫോം ധരിച്ചു യുഎഇയിൽ സ്വകാര്യ സ്ഥാപനത്തിൻ്റെ ഉദ്ഘാടനത്തിൽ പങ്കെടുത്തു, ഗതാഗത കമ്മീഷണറായിരിക്കെ അഴിമതി നടത്തി തുടങ്ങിയ ഗുരുതര ആരോപണങ്ങളിലാണ് ഹർജിക്കാരൻ അന്വേഷണം ആവശ്യപ്പെട്ടിരിക്കുന്നത്.


