Asianet News MalayalamAsianet News Malayalam

യൂത്ത് കോൺഗ്രസ്സ് വ്യാജ ഐഡി കാർഡ്; സിബിഐക്ക് വിടണമെന്ന ഹർജി ഹൈക്കോടതിയിൽ, ഡിജിപിയോട് വിശദീകരണം തേടി

ഇക്കാര്യത്തിൽ ഡിജിപിയോട് ഹൈക്കോടതി വിശദീകരണം തേടി. അതേസമയം, ഹർജി ക്രിസ്മസ് അവധിക്ക് ശേഷം പരിഗണിക്കാൻ ഹൈക്കോടതി മാറ്റി.
 

High Court sought an explanation from the DGP on the Youth Congress fake identity card controversy fvv
Author
First Published Dec 19, 2023, 4:23 PM IST

കൊച്ചി: യൂത്ത് കോൺഗ്രസ്സ് തെരഞ്ഞെടുപ്പിൽ വ്യാജ ഐഡികാർഡ് ഉപയോഗിച്ചെന്ന കേസിൽ അന്വേഷണം സിബിഐക്ക് വിടണമെന്ന ഹർജിയിൽ  ഹൈക്കോടതി സംസ്ഥാന പൊലീസ് മേധാവിയോട് വിശദീകരണം തേടി. ഹർജി ഹൈക്കോടതി ക്രിസ്മസ് അവധിക്ക് ശേഷം വീണ്ടും പരിഗണിക്കും. മൂവാറ്റുപുഴ സ്വദേശിയാണ് ഹർജിയുമായി ഹൈക്കോടതിയെ സമീപിച്ചത്. നിഷ്പക്ഷ അന്വേഷണത്തിനായി കേസ് സി.ബി.ഐയ്ക്ക് വിടാൻ നിർദേശം നൽകണമെന്നാണാവശ്യം. ഹർജിക്കാരന്റെ പേരിൽ വ്യാജ ഐ.ഡി. കാർഡുപയോഗിച്ച് യൂത്ത് കോൺഗ്രസ് മെമ്പർഷിപ്പെടുത്തതായും ഇതിനു പിന്നിലുള്ള കുറ്റക്കാരെ കണ്ടെത്താൻ യൂത്ത് കോൺഗ്രസ് സെൻട്രൽ ഓഫീസിലെ രേഖകൾ പിടിച്ചെടുക്കേണ്ടതുണ്ടെന്നും ഹർജിയിൽ പറയുന്നുണ്ട്. വ്യാജ തെരഞ്ഞെടുപ്പ് തിരിച്ചറിയൽ കാർഡ് നിർമ്മിച്ചെന്ന പരാതിയിൽ യൂത്ത് കോൺ​ഗ്രസ് സംസ്ഥാന അധ്യക്ഷൻ രാഹുൽ മാങ്കൂട്ടത്തിലിനെ നേരത്തെ ചോദ്യം ചെയ്തിരുന്നു. വിഷയത്തിൽ പൊലീസ് അന്വേഷണം നടക്കുന്നതിനിടയിലാണ് സിബിഐ അന്വേഷണമെന്ന ആവശ്യം ഉയരുന്നത്.

ഏത് അന്വേഷണവും നടക്കട്ടെയെന്നായിരുന്നു രാഹുൽ മാങ്കൂട്ടത്തിലിൻ്റെ പ്രതികരണം. തെരഞ്ഞെടുപ്പ് സുതാര്യമായിരുന്നു എന്നതിൽ ഞങ്ങൾക്ക് യാതൊരു ആശങ്കയും ഇല്ല. ആർക്കുവേണമെങ്കിലും പരാതി കൊടുക്കാമെന്നും രാഹുൽ മാങ്കൂട്ടത്തിൽ പറഞ്ഞിരുന്നു. ഇലക്ഷൻ കമ്മീഷൻ വിഷയം ഗൗരവമായി എടുത്തത് സ്വാഗതം ചെയ്യുന്നു. കേരളാ പൊലീസിൽ നിന്ന് സാധാരണക്കാർക്ക് നീതി കിട്ടില്ല. ഇങ്ങനെയുള്ള പരാതി നൽകുമ്പോൾ ഡിവൈഎഫ്ഐക്കെങ്കിലും നീതി കിട്ടുമോ എന്ന് നോക്കാം. ഡിവൈഎഫ്ഐക്ക് ഇത്തരത്തിൽ താഴെ തട്ടു മുതൽ ഇങ്ങനെ ഒരു തെരഞ്ഞെടുപ്പ് നടത്താൻ സാധിക്കുമോയെന്നുമായിരുന്നു രാഹുൽ മാങ്കൂട്ടത്തിലിൻ്റെ പ്രതികരണം.

സംഘടനാതലത്തിൽ ഇങ്ങനെയൊരു പരാതി ഉയർന്നതായി അറിയില്ല. പാലക്കാട്ടെ മറ്റ് തെരഞ്ഞെടുപ്പിലും കൃത്രിമം നടന്നോയെന്ന് പരിശോധിക്കണമെന്ന സുരേന്ദ്രൻ്റെ പ്രസ്താവന തരം താഴ്ന്നതാണെന്നും  ഇങ്ങനെ സ്വയം പരിഹാസ്യനാകരുതെന്നും ഷാഫി പറമ്പിൽ പ്രതികരിച്ചിരുന്നു. കെ. സുരേന്ദ്രനെതിരെ ആവശ്യമെങ്കിൽ നിയമ നടപടി സ്വീകരിക്കുമെന്നും ഷാഫി പറമ്പിൽ പറഞ്ഞു. യൂത്ത് കോണ്‍ഗ്രസ് തെരഞ്ഞെടുപ്പിൽ വ്യാജ തിരിച്ചറിയൽ കാർഡ് ഉപയോഗിച്ചെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ സുരേന്ദ്രനാണ് ആരോപണമുന്നയിച്ചത്. 
ഭർത്താവായാലും അനുവാദമില്ലാതെ സ്പർശിക്കരുത്, അത് ബലാത്സം​ഗം; ശ്രദ്ധേയപരാമർശവുമായി ഗുജറാത്ത് ഹൈക്കോടതി

https://www.youtube.com/watch?v=Ko18SgceYX8

Latest Videos
Follow Us:
Download App:
  • android
  • ios