കൊച്ചി: ദേശീയപാത 66 വികസനത്തിന്റെ ഭാഗമായി മലപ്പുറം ഇടിമൂഴിക്കൽ മുതൽ രാമനാട്ടുകര വരെയുള്ള സ്ഥലം ഏറ്റെടുക്കാനായി പുറപ്പെടുവിച്ച വിജ്ഞാപനം ഹൈക്കോടതി റദ്ദാക്കി. പരാതികളും അഭിപ്രായങ്ങളും പരിഗണിക്കാതെയാണ് പുതിയ അലൈൻമെന്റ് സംബന്ധിച്ച് സർക്കാർ തീരുമാനമെടുത്തതെന്ന് വ്യക്തമാകുന്നതായി ചൂണ്ടിക്കാട്ടിയായിരുന്നു കോടതി നടപടി.

അലൈൻമെൻറ് സംബന്ധിച്ച് എത്രയും വേഗം പുതിയ തീരുമാനമെടുക്കണമെന്ന് കോടതി സർക്കാറിനോട് ഉത്തരവിട്ടു. വിജ്ഞാപനം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് പാത കടന്നുപോകുന്ന മേഖലയിലെ ഭൂവുടമകളായ 60 പേർ സമർപ്പിച്ച ഹർജി തീർപ്പാക്കിയാണ് കോടതി ഉത്തരവ്.

രാമനാട്ടുകര നിസരി ജം​ഗ്ഷൻ മുതല്‍ ഇടിമുഴിക്കല്‍ മഹാശിവക്ഷേത്രം സ്ഥിതിചെയ്യുന്ന ഭാഗം വരെയാണ് ദേശീയപാതയ്ക്കായി സ്ഥലമേറ്റെടുക്കാൻ തീരുമാനിച്ചത്. ദേശീയപാത സർവേയുടെ തുടക്കം മുതലെ പ്രദേശവാസികൾ ആക്ഷന്‍ കൗണ്‍സിലിന്റെ നേതൃത്വത്തില്‍ പ്രതിഷേധവുമായി രം​ഗത്തെത്തിയിരുന്നു.