ട്രഷറി–ആസൂത്രണ വകുപ്പ് സ്ഥലംമാറ്റത്തിൽ ട്രിബ്യൂണൽ ഉത്തരവ് സ്റ്റേ ചെയ്ത് ഹൈക്കോടതി. കേരള സർക്കാർ നൽകിയ ഹർജിയിലാണ് നടപടി. ജസ്റ്റിസ്‌ അനിൽ കെ നരേന്ദ്രൻ, ജസ്റ്റിസ്‌ മുരളീകൃഷ്ണ എന്നിവരടങ്ങിയ ഡിവിഷൻ നെഞ്ചിന്റേതാണ് ഉത്തരവ്.

കൊച്ചി: ട്രഷറി വകുപ്പിലെയും ആസൂത്രണ വകുപ്പിലെയും സ്ഥലം മാറ്റം തടഞ്ഞ കേരള അഡ്മിനിസ്ട്രേറ്റീവ് ഉത്തരവ് സ്റ്റേ ചെയ്ത് ഹൈക്കോടതി. കേരള സർക്കാർ നൽകിയ ഹർജിയിലാണ് നടപടി. ട്രഷറി വകുപ്പിലെയും ആസൂത്രണ വകുപ്പിലെയും സ്ഥലം മാറ്റങ്ങൾ പൊതു സ്ഥലം മാറ്റങ്ങളോടൊപ്പം മാത്രമേ ചെയ്യാൻ പാടുള്ളൂ എന്നതായിരുന്നു കേരള അഡ്മിനിസ്ട്രേറ്റീവ് ട്രിബൂണലിന്റെ ഉത്തരവ്. കൂടാതെ, രണ്ടാഴ്ചക്കക്കം അന്തിമ സ്ഥലംമാറ്റ ലിസ്റ്റ് തയ്യാറാക്കണം എന്നും അടിയന്തരമായി സാങ്കേതിക പ്രശ്നങ്ങൾ പരിഹരിച്ച് പ്രത്യേക ചട്ടങ്ങൾ രൂപീകരിക്കണം എന്നും ഉത്തരവിൽ പറഞ്ഞിരുന്നു. എന്നാൽ, ഇത് കേരള അഡ്മിനിസ്റ്ററ്റീവ് ട്രിബൂണൽ നിയമത്തിന്റെ ചട്ടലംഘനമാണ് എന്നും സർക്കാർ അധികാരത്തിലേക്കുള്ള കടന്നു കയറ്റമാണിതെന്നും ചൂണ്ടിക്കാട്ടിയാണ് സർക്കാർ ഹർജി നൽകിയത്.

ജസ്റ്റിസ്‌ അനിൽ കെ നരേന്ദ്രൻ, ജസ്റ്റിസ്‌ മുരളീകൃഷ്ണ എന്നിവരടങ്ങിയ ഡിവിഷൻ നെഞ്ചിന്റേതാണ് ഉത്തരവ്. ട്രഷറി വകുപ്പിലെയും ആസൂത്രണ വകുപ്പിലെയും അടിയന്തിര സ്ഥലം മാറ്റങ്ങളും പ്രൊമോഷനുകളും നടപ്പിലാക്കാൻ പറ്റാത്ത സാഹചര്യം ഉണ്ടായിട്ടുണ്ടെന്ന് സർക്കാരിന് വേണ്ടി ഹാജരായ അഡിഷണൽ അഡ്വക്കേറ്റ് ജനറൽ മുഹമ്മദ്‌ ഷാ വാദിച്ചു. പൊതുവായ സ്ഥലം മാറ്റാതെ തടയുന്ന ആവശ്യങ്ങൾ ഉന്നയിച്ചുള്ള ഹാർജികൾ നിലനിൽക്കുന്നതല്ല എന്നും വ്യക്തിപരമായി ഉദ്യോഗസ്ഥനെ ബാധിക്കുന്ന സ്ഥലം മാറ്റ ഉത്തരവുകളെ ചോദ്യം ചെയ്തു മാത്രമേ ഹർജികൾ നൽകാൻ സാധിക്കൂ എന്നും സർക്കാർ വാദിച്ചു. സർക്കാരിന്റെ വാദം പ്രഥമ ദൃഷ്ട്യാ നിലനിൽക്കുന്നതാണ് എന്ന് കണ്ടെത്തിയാണ് ട്രിബൂണൽ ഉത്തരവ് ഒരു മാസത്തേക്ക് ഹൈക്കോടതി സ്റ്റേ ചെയ്തത്.