ദില്ലി: കേന്ദ്രസർക്കാർ ചൊവ്വാഴ്ച പുറത്തു വിട്ട കൊവിഡ് സ്ഥിതിവിവരകണക്കുകൾ പ്രകാരം രാജ്യത്ത് തന്നെ കൊവിഡ് വ്യാപനം ഏറ്റവും ശക്തമായ സംസ്ഥാനമായി കേരളം മാറിയിരിക്കുകയാണ്. നിലവിൽ എല്ലാം ദിവസവും ഏറ്റവും കൂടുതൽ പുതിയ കൊവിഡ് കേസുകൾ റിപ്പോർട്ട് ചെയ്യുന്നതും ഏറ്റവും കൂടുതൽ കൊവിഡ് രോഗികൾ ചികിത്സയിൽ കഴിയുന്നതും കേരളത്തിലാണ്. എന്നാൽ സാംപിളുകളുടെ പരിശോധനയിൽ മറ്റു സംസ്ഥാനങ്ങളെ അപേക്ഷിച്ച് കേരളം പിന്നിലാണ്. 

കണ്ണൂര്‍, എറണാകുളം ,തിരുവനന്തപുരം ജില്ലകൾ അടക്കം സംസ്ഥാനത്തെ എട്ട് ജില്ലകളിൽ കൊവിഡ് രോഗികളുടെ എണ്ണം അപകടകരമാം വിധം കൂടുകയാണ്. പ്രതിദിന കോവിഡ് രോഗികളുടെ എണ്ണവും ആകെ രോഗികളുടെ എണ്ണവും രാജ്യത്ത് തന്നെ ഏറ്റവും കൂടുതലായ കേരളത്തില്‍ പക്ഷേ പരിശോധിക്കുന്ന സാംപിളുകളുടെ എണ്ണം വളരെ കുറവാണ്. 

ഏഴ് ദിവസം കൊണ്ട് രോഗികളുടെ എണ്ണത്തില്‍ 15 ശതമാനം വര്‍ധനയാണ് രേഖപ്പെടുത്തിയത്. ജില്ലകളുടെ കണക്കെടുത്താൽ അതും ഞെട്ടിക്കുന്നതാണ്. കണ്ണൂരില്‍ 40 ശതമാനം വര്‍ധനയുണ്ടായി, രോഗികളുടെ എണ്ണം ഏറ്റവും കുറവായിരുന്ന വയനാട് ജില്ലയില്‍ ഒരാഴ്ചയില്‍ ഉണ്ടായ വര്‍ധന 34 ശതമാനമാണ്. തിരുവനന്തപുരത്ത് 33ശതമാനവും കൊല്ലത്ത് 31ശതമാനവും കോട്ടയത്ത് 25ശതമാനവും ആണിത്. 

കണ്ണൂര്‍,കൊല്ലം,എറണാകുളം, കാസർകോഡ്,ആലപ്പുഴ,തിരുവനന്തപുരം,പത്തനംതിട്ട, തൃശൂര്‍ ജില്ലകളില്‍ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കും കുത്തനെ ഉയര്‍ന്നു. ദേശീയ ശരാശരി 2ലും താഴെ ആയിരിക്കെ സംസ്ഥാനത്ത് അത് ഒന്നരമാസത്തിലേറെയായി 10ന് മുകളിലാണ് . ആശുപത്രികളിലും കൊവിഡ് ചികില്‍സ കേന്ദ്രങ്ങളിലും പ്രവേശിപ്പിക്കപ്പെടുന്നവരുടെ എണ്ണത്തിലും വര്‍ധനയുണ്ട്. 

കൊവിഡ് ഗുരുതരമാകുന്നവരുടെ എണ്ണവും കഴിഞ്ഞ രണ്ടാഴ്ചക്കിടെ കൂടിയിട്ടുണ്ട് . രോഗ് വ്യാപനം ഇതേ നിരക്കില്‍ തുടര്‍ന്നാൽ തീവ്രപരിചരണമടക്കം പ്രതിസന്ധിയിലായേക്കും. കൊവിഡ് രോഗികളുടെ മരണ നിരക്ക് മറ്റ് സംസ്ഥാനങ്ങളെ അപേക്ഷിച്ച് പിടിച്ചു നിര്‍ത്താനായത് മാത്രമാണ് ഏക ആശ്വാസം . 

എന്നാല്‍ മറ്റ് രോഗങ്ങളുള്ളവരിലെ കൊവിഡ് ബാധിച്ചുള്ള മരണം കണക്കില്‍ പെടുത്താത്തതാണ് മരണനിരക്ക് കുറഞ്ഞിരിക്കാൻ കാരണമെന്നാണ് വിദഗ്ധര്‍ പറയുന്നത് . 50ശതമാനം മാത്രം സെൻസിറ്റീവായ ആൻറിജൻ പരിശോധനയാണ് കേരളത്തില്‍ വ്യാപകമായി നടക്കുന്നത് .  ഇതിനുപകരം പി സി ആര്‍ പരിശോധനകളുടെ  എണ്ണം കൂട്ടുകയും നിരീക്ഷണമടക്കം കര്‍ശനമാക്കുകയും ചെയ്തില്ലെങ്കില്‍ വലിയ വിപത്താകുമെന്നാണ് ആരോഗ്യ വിദഗ്ധരുടെ മുന്നറിയിപ്പ്