കൊച്ചി:  തിരുവനന്തപുരം വിമാനത്താവളം വഴിയുള്ള സ്വര്‍ണ്ണക്കടത്ത് കേസിൽ കസ്റ്റംസ് ഉദ്യോഗസ്ഥരെ രൂക്ഷമായി വിമര്‍ശിച്ച് ഹൈക്കോടതി. കസ്റ്റംസ് ഉദ്യോഗസ്ഥർ നിഷ്ക്രിയർ ആണോ എന്നാണ് കോടതി വിമര്‍ശിച്ചത്. കേസിലെ നാല് പ്രതികളുടെ ജാമ്യഹര്‍ജി പരിഗണിക്കവേയായിരുന്നു കോടതിയുടെ പരാമര്‍ശം.

കേസില്‍ കസ്റ്റംസ് സൂപ്രണ്ടിന്‍റെ  പങ്ക്  അന്വേഷിക്കണം. 83തവണ പ്രതികൾ വിമാനത്താവളം വഴി സ്വർണം കടത്തിയത് വേദനാജനകമാണെന്നും കോടതി അഭിപ്രായപ്പെട്ടു. 

മെയ് 13നാണ് ദുബായില്‍ നിന്ന് കടത്തിക്കൊണ്ടുവന്ന 25 കിലോഗ്രാം സ്വര്‍ണം തിരുവനന്തപുരം വിമാനത്താവളത്തില്‍ നിന്ന് പിടികൂടിയത്.  കേസിലെ മുഖ്യപ്രതി അഡ്വ. ബിജു മനോഹര്‍ പിന്നീട് ഡിആര്‍ഐ  ഓഫീസിലെത്തി കീഴടങ്ങിയിരുന്നു. കേസില്‍ കസ്റ്റംസ് സൂപ്രണ്ട് വി.രാധാകൃഷ്ണനെയും പ്രതി ചേര്‍ത്തിട്ടുണ്ട്.