കൊച്ചി: തിരുവനന്തപുരം പൊലീസ് സഹകരണ സംഘം റൗഡി സഹകരണ സംഘമാണോ എന്ന് ഹൈക്കോടതിയുടെ ചോദ്യം. സഹകരണ സംഘം തെരഞ്ഞെടുപ്പിന്‍റെ തിരിച്ചറിയൽ കാർഡ് വിതരണവുമായി ബന്ധപ്പെട്ട് ഉണ്ടായ സംഘര്‍ഷങ്ങളുടെ പശ്ചാത്തലത്തിലായിരുന്നു കോടതിയുടെ വിമർശനം. 

സഹകരണ സംഘം തെരഞ്ഞെടുപ്പിൽ എല്ലാ അപേക്ഷകർക്കും തിരിച്ചറിയൽ കാർഡ് നൽകണമെന്ന്  കോടതി നേരത്തെ ഉത്തരവിട്ടിരുന്നു. ആർക്കെങ്കിലും കാർഡ് ലഭിച്ചില്ലെങ്കിൽ ചീഫ് എക്സിക്യൂട്ടീവ് ഓഫീസർക്കെതിരെ കോടതിയലക്ഷ്യ നടപടിയുണ്ടാകുമെന്നും അറിയിച്ചിരുന്നു. തെരഞ്ഞെടുപ്പ് സമാധാനപരമായി നടത്തുമെന്ന് ഡിജിപി ഹൈക്കോടതിയില്‍ ഉറപ്പ് നല്‍കുകയും ചെയ്തിരുന്നു. എന്നാല്‍ ഇവയെല്ലാം കാറ്റില്‍ പറത്തിക്കൊണ്ടുള്ള നടപടികളാണ് പൊലീസുകാര്‍ക്കിടയില്‍ ഉണ്ടായത്. 

തിരിച്ചറിയല്‍ കാര്‍ഡ് വിതരണത്തില്‍ ക്രമക്കേട് ആരോപിച്ച് ഒരു സംഘം പൊലീസുകാര്‍ രംഗത്തെത്തിയത് സംഘര്‍ഷത്തില്‍ കലാശിക്കുകയായിരുന്നു. യുഡിഎഫ് അനുകൂല പൊലീസുകാർക്ക് വോട്ട് ചെയ്യാനുള്ള തിരിച്ചറിയൽ കാർഡ് നൽകുന്നില്ലെന്നായിരുന്നു ഇവരുടെ ആരോപണം.  പ്രതിഷേധക്കാര്‍ പൊലീസ് സർവ്വീസ് സഹകരണ സംഘത്തിന്‍റെ ഓഫീസ് ഉപരോധിക്കുകയും മുദ്രാവാക്യം വിളിക്കുകയുമായിരുന്നു. കഴിഞ്ഞ ശനിയാഴ്‍ചയായിരുന്നു സംഭവം. ഇതുമായി ബന്ധപ്പെട്ട് 14 പേര്‍ ഇപ്പോള്‍ സസ്പെന്‍ഷനിലാണ്. ഈ സാഹചര്യത്തിലാണ്  തിരുവനന്തപുരം പൊലീസ് സഹകരണ സംഘത്തില്‍ എന്താണ് നടക്കുന്നതെന്ന് ഹൈക്കോടതി വിമര്‍ശിച്ചത്. 

ഈ മാസം 27 നാണ് പൊലീസ് സഹകരണ സംഘം തെരഞ്ഞെടുപ്പ്.