സ്വർണ്ണക്കൊള്ള കേസിൽ ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ് പുറത്ത്. ക്രിമിനൽ ഗൂഡാലോചന അന്വേഷിക്കാനും ദേവസ്വം ബോർഡിലെ താഴെത്തട്ടിലുള്ളവർക്ക് പുറമെ മേൽത്തട്ടിലുള്ള ഉദ്യോഗസ്ഥരെയും അന്വേഷണ പരിധിയിൽ കൊണ്ടുവരാനും എസ്ഐടിക്ക് നിർദ്ദേശം നൽകി.
കൊച്ചി: സ്വർണ്ണക്കൊള്ള കേസിൽ ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ് പുറത്ത്. അന്വേഷണത്തിൽ തൃപ്തി രേഖപ്പെടുത്തി ഹൈക്കോടതി. ക്രിമിനൽ ഗൂഡാലോചന അന്വേഷിക്കണമെന്ന് ഹൈക്കോടതി എസ് ഐ ടി ക്ക് നിർദ്ദേശം നൽകി. ദേവസ്വം ബോർഡ് മിനിറ്റ്ട്സ് പിടിച്ചെടുക്കാനും സുരക്ഷിതമായി സൂക്ഷിക്കാനും അന്വേഷണ സംഘത്തിന് നിർദ്ദേശം നൽകി.ദേവസ്വം ബോർഡിന്റെ താഴെത്തട്ടിലുള്ളവർ മാത്രമല്ല മേൽത്തട്ടിലുള്ള ഉദ്യോഗസ്ഥരും അന്വേഷണ പരിധിയിൽ വരണം. സ്വർണ്ണം പൂശിയ ശേഷം നിറം മങ്ങിയപ്പോൾ ടെണ്ടർ പോലും വിളിക്കാതെ പോറ്റിയെ ഏൽപിച്ചു. ഇത് ദുരൂഹമാണ്. 2019ൽ സ്വർണ്ണം പൂശി കൊണ്ട് വന്നപ്പോൾ തിരുവാഭരണം രജിസ്റ്ററിയിൽ രേഖപ്പെടുത്തിയിട്ടില്ലെന്നും കോടതി നിരീക്ഷിച്ചു.
സ്വർണ്ണപാളികളും, വശങ്ങളിലെ പാളികളും കൈമാറിയതിൽ ദേവസ്വം ബോർഡിന് വീഴ്ച സംഭവിച്ചിട്ടുണ്ട്. താഴെത്തട്ടിലുള്ള ഉദ്യോഗസ്ഥരിൽ മാത്രം ഈ കേസ് ഒതുക്കരുതെന്നും മേൽത്തട്ടിലുള്ളവരുടെ പങ്കും പുറത്ത് വരണമെന്നും കോടതി ചൂണ്ടിക്കാട്ടി. ഏഴ് ദിവസം കൊണ്ട് തിരുവാഭരണം കമ്മീഷണർ നിലപാട് മാറ്റിയത് സംശയമുണ്ടാക്കുന്നതാണ്. ഇതിന് കാരണം തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് ആണ്. സ്മാർട്ട് ക്രിയേഷൻസിന് പൂശിയ സ്വർണ്ണത്തിന് മേൽ വീണ്ടും സ്വർണ്ണം പൂശാനുള്ള സാങ്കേതിക വൈദഗ്ധ്യം ഇല്ലെന്നായിരുന്നു തിരുവാഭരണം കമ്മീഷണറുടെ ആദ്യ റിപ്പോർട്ടെന്നും കോടതി നിരീക്ഷിച്ചു.
അടച്ചിട്ട കോടതി മുറിയൽ രഹസ്യസ്വഭാവം ഉറപ്പാക്കിയാണ് ഇന്ന് പ്രത്യേക അന്വേഷണ സംഘം കൈമാറിയ റിപ്പോർട്ട് കോടതി പരിശോധിച്ചത്. അന്വേഷണ വിവരങ്ങൾ പുറത്ത് പോകാതിരിക്കാൻ സർക്കാരിനെയും, ദേവസ്വം ബോർഡിനെയും, ദേവസ്വം വിജിലൻസിനെയും മാത്രം എതിർകക്ഷികളാക്കി കോടതി സ്വമേധയാ പുതിയ കേസ് രജിസ്റ്റർ ചെയ്തു. ഉണ്ണികൃഷ്ണൻ പോറ്റി പറഞ്ഞതും പ്രത്യേക അന്വേഷണ സംഘം കണ്ടെത്തിയതും, ചെന്നൈയിലും ബെംഗളൂരുവിലുമടക്കം ശബരിമലയിലെ സ്വർണ്ണം പോയ വഴികൾ കേന്ദ്രീകരിച്ചുള്ള വിവരങ്ങളാണ് അന്വേഷണസംഘത്തിലെ എസ് പി എസ് ശശിധരൻ മുദ്ര വെച്ച കവറിൽ ഇന്ന് കോടതിയിൽ ഹാജരാക്കിയത്.


