തിരുവനന്തപുരം: മലയോര ഹൈവേ പദ്ധതി ഈ സര്‍ക്കാരിന്‍റെ കാലത്ത് പൂര്‍ണമാകില്ല. 40 റിച്ചുകളായി നടപ്പാക്കാനുദ്ദേശിക്കുന്ന പദ്ധതിയുടെ പകുതിഭാഗത്തും നിര്‍മ്മാണം ഇതുവരെ തുടങ്ങിയിട്ടില്ല. ഇതിനിടെ വകുപ്പുകള്‍ തമ്മിലുള്ള ഏകോപനമില്ലായ്‌മയ്ക്ക് പരസ്‌പരം പഴിചാരി മന്ത്രിമാര്‍ തന്നെ രംഗത്തെത്തി. 

ഇടതുമുന്നണിയുടെ പ്രകടനപത്രികയിലെ പ്രധാന വാഗ്ദാനങ്ങളിലൊന്നായിരുന്നു മലയോര ഹൈവ. ഈ സര്‍ക്കാരിന്‍റെ കാലത്ത് തന്നെ പദ്ധതി പൂര്‍ത്തീകരിക്കുമെന്ന് മുഖ്യമന്ത്രി പലവട്ടം പ്രഖ്യാപിച്ചിരുന്നു. കാസര്‍കോട് നന്ദാരപ്പടവ് മുതല്‍ പാറശ്ശാലവരെ 1251 കീ.മി ദുരത്തിലാണ് പദ്ധതി വിഭവാനം ചെയ്തിരിക്കുന്നത്. 12 മീറ്റര്‍ വീതിയിലാണ് നിര്‍മ്മാണം. ആലപ്പുഴ ഒഴികെയുള്ള ജില്ലകളിലൂടെയാണ് മലയോര ഹൈവേ കടന്നുപോകുന്നത്. തിരുവനന്തപുരം, കൊല്ലം, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ മാത്രമാണ് നിര്‍മാണം കാര്യമായി പുരോഗമിക്കുന്നത്. മൊത്തം 40 റീച്ചുകളായി തിരിച്ചുള്ള നിര്‍മ്മാണത്തില്‍ 21 ഇടത്ത് മാത്രമേ നിര്‍മാണം നടക്കുന്നുള്ളൂ. ഏഴ് ഇടത്ത് 12 മീറ്റര്‍ സ്ഥലം കിട്ടിയിട്ടില്ല.

ഒരു ഹൈക്ടറില്‍ കൂടുതല്‍ വനഭൂമി വേണമെങ്കില്‍ കേന്ദ്രനുമതി വേണം. ഓരോ ജില്ലയിലും വനഭൂമി എത്ര വിട്ടുകിട്ടണം എന്ന സര്‍വ്വേ പൂര്‍ത്തിയാക്കി യൂസര്‍ ഏജന്‍സിയായ പൊതുമരാമത്ത് വകുപ്പ് അപേക്ഷ നല്‍കിയാല്‍ കേന്ദ്രത്തിന് ശുപാര്‍ശ നില്‍കാമെന്നാണ് വനം വകുപ്പിന്‍റെ നിലപാട്. വനഭൂമി വിട്ടുകിട്ടാനുള്ള തടസ്സം മൂലം പലയിടത്തും അലൈന്‍മെന്‍റ് തന്നെ മാറ്റേണ്ട അവസ്തയാണുള്ളത്. വകുപ്പുകളുടെ ഏകോപനക്കുറവിനൊപ്പം കൊവിഡ് ഭീഷണി കൂടി വന്നതോടെ പദ്ധതിയുടെ താളം തെറ്റി. കേരളത്തിന്‍റെ ജീവരേഖയെന്ന് വിശേഷിപ്പിക്കുന്ന മലയോര ഹൈവേ പൂര്‍ത്തിയാകാനുള്ള കാത്തിരിപ്പ് നീളുമെന്നുറപ്പ്. 

ഇരുപത്തിയൊന്നായിരം വാര്‍ഡുകളില്‍ സത്യഗ്രഹം; സർക്കാരിനെതിരെ സമരം കടുപ്പിക്കാന്‍ യുഡിഎഫ്