തിരുവനന്തപുരം: കനത്ത മഴയെത്തുടർന്ന് നാളെ മൂന്ന് ജില്ലകളിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിച്ചു. കണ്ണൂർ, കാസർകോട്, മലപ്പുറം ജില്ലകളിലും കുട്ടനാട്ടിലും കോട്ടയത്തും ചിലയിടത്തുമാണ് നാളെ അവധി പ്രഖ്യാപിച്ചിരിക്കുന്നത്. 

കോട്ടയം

കോട്ടയം ജില്ലയിൽ ദുരിതാശ്വാസ ക്യാമ്പുകൾ പ്രവർത്തിക്കുന്ന എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും കളക്ടർ നാളെ അവധി പ്രഖ്യാപിച്ചു.

കുട്ടനാട്

കുട്ടനാട് താലൂക്കിലെ പ്രൊഫഷണൽ കോളേജ് ഒഴികെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും നാളെ (23/07/19- ചൊവ്വ) ജില്ലാ കളക്ടർ അവധി പ്രഖ്യാപിച്ചു.

മലപ്പുറം

മലപ്പുറം ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി. പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും (സിബിഎസ്ഇ, ഐസിഎസ്ഇ സിലബസ് സ്കൂളുകൾ ഉൾപ്പെടെ) ജൂലൈ 23-ന് അവധിയായിരിക്കുമെന്ന് ജില്ലാ കലക്ടർ അറിയിച്ചു. കാലവർഷം ശക്തമായി തുടരുകയും ദുരന്തനിവാരണ അതോറിറ്റി ഓറഞ്ച് അലർട്ട് പ്രഖ്യാപിക്കുകയും ചെയ്ത സാഹചര്യത്തിലാണ് അവധി പ്രഖ്യാപിച്ചത്. അങ്കണവാടികൾക്കും മദ്രസകൾക്കും അവധി ബാധകമാണെന്ന് ജില്ലാ കളക്ടർ അറിയിച്ചു. അതേസമയം, മുൻകൂട്ടി നിശ്ചയിച്ച പരീക്ഷകൾക്ക് അവധി ബാധകമല്ല.

കണ്ണൂർ

കാലവർഷം ശക്തമായി തുടരുകയും ദുരന്തനിവാരണ അതോറിറ്റി റെഡ് അലർട്ട് പ്രഖ്യാപിക്കുകയും ചെയ്ത സാഹചര്യത്തിൽ കണ്ണൂർ ജില്ലയിലെ പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും (സിബിഎസ്ഇ, ഐസിഎസ്ഇ സിലബസ് സ്കൂളുകൾ ഉൾപ്പെടെ) ജൂലൈ 23-ന് അവധിയായിരിക്കുമെന്ന് ജില്ലാ കലക്ടർ അറിയിച്ചു. അങ്കണവാടികൾക്കും അവധി ബാധകമാണ്. അതേസമയം, സർവ്വകലാശാലാ പരീക്ഷകൾക്ക് മാറ്റമുണ്ടാകില്ല.

കാസർകോട്

കനത്ത കാലവർഷം തുടരുന്ന സാഹചര്യത്തിൽ കാസർകോട് ജില്ലയിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും നാളെ അവധി. കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം കാസർകോട് ജില്ലയിൽ നാളെ റെഡ് അലർട്ട് നൽകിയ സാഹചര്യത്തിൽ ജില്ലയിലെ പ്രൊഫഷണൽ കോളേജുകൾ ഉൾപ്പടെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും നാളെ (ജൂലൈ 23) അവധിയായിരിക്കുമെന്ന് ജില്ലാ കളക്ടർ ഡോ.ഡി സജിത് ബാബു പ്രഖ്യാപിച്ചു.

അങ്കണവാടികൾക്കും കേന്ദ്രീയ വിദ്യാലയങ്ങൾക്കും ഉൾപ്പടെ അവധി ബാധകമാണ്. അതേസമയം, സർവ്വകലാശാലാ പരീക്ഷകൾക്ക് മാറ്റമില്ലെന്നും ജില്ലാ കളക്ടർ അറിയിച്ചു.

ജില്ലയിൽ പല ഭാഗത്തും ഇപ്പോഴും കനത്ത മഴ തുടരുകയാണ്. കാസര്‍കോട് ജില്ലയിലെ മലയോര മേഖലകളിലാണ് ശക്തമായ മഴ പെയ്യുന്നത്. താഴ്ന്ന പ്രദേശങ്ങളിൽ എല്ലാം വെള്ളം കയറിയിട്ടുണ്ട്. മധുര്‍ മേഖലയിൽ നിന്ന് മാത്രം മുപ്പത് കുടുംബങ്ങളെ മാറ്റി പാര്‍പ്പിച്ചിട്ടുണ്ട്. കട്‍ല, കാ‌ഞ്ഞങ്ങാട്, നീലേശ്വരം,ചെറുവത്തൂര്‍ മേഖലകളിലെല്ലാം കനത്ത മഴ തുടുകയാണ്. ഇന്നലെ വൈകിട്ടോടെ മഴയുടെ ശക്തി കുറഞ്ഞതിനാൽ ഇന്ന് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിരുന്നു. എന്നാൽ ഇന്ന് മഴയ്ക്ക് ശക്തി കൂടി. അതിനാൽ നാളെ റെഡ് അലർട്ട് പ്രഖ്യാപിക്കുകയായിരുന്നു.