ഗാർഹിക പീഡനങ്ങൾ വർദ്ധിക്കുന്ന സാഹചര്യത്തിൽ ഇതിനെതിരെ ആഭ്യന്തര വകുപ്പ് 'സ്പീക് അപ്' എന്ന പുതിയ പദ്ധതി പ്രഖ്യാപിച്ചു. പരാതി നൽകുന്ന സ്ത്രീകളുടെ വിവരങ്ങൾ രഹസ്യമായി സൂക്ഷിക്കുമെന്ന് നോഡൽ ഓഫീസർ ഐജി അജീതാ ബീഗം വ്യക്തമാക്കി. മുൻകാല പദ്ധതികളുടെ പോരായ്മകൾ പരിഹരിച്ച് സ്ത്രീധന പീഡനങ്ങൾ ഇല്ലാതാക്കാനാണ് ഈ നീക്കം.

തിരുവനന്തപുരം: ഗാർഹിക പീഡനങ്ങള്‍ക്കെതിരെ സ്പീക് അപ് പദ്ധതിയുമായി ആഭ്യന്തരവകുപ്പ്. ഗാർഹിക പീഡനങ്ങൾ കൂടി വരുന്ന പശ്ചാത്തലത്തിലാണ് പുതിയ പദ്ധതിയെന്ന് ആഭ്യന്തരമന്ത്രി പറഞ്ഞു. പരാതി നൽകുന്ന സ്ത്രീകളുടെ വിവരങ്ങള്‍ രഹസ്യമായി സൂക്ഷിക്കുമെന്ന് നോ‍ഡൽ ഓഫീസർ ഐജി അജീതാ ബീഗം പറ‌ഞ്ഞു

സ്ത്രീധനത്തിന്റെ പേരിൽ കൊടിയ പീഡനങ്ങളുടെ മുറിപ്പാടുമായുള്ള കൊല്ലത്തെ യുവതിയുടെ ചിത്രം ഇപ്പോൾ വലിയ ചർച്ചയാകുന്നുണ്ട്. സ്ത്രീധന പീഡനത്തിനിരയായി ജീവൻ നഷ്ടമായ വിസ്മയെയും ഉത്തരയെയും ഈ നാട് മറന്നിട്ടില്ല. അന്നുയർന്ന പ്രതിക്ഷേധങ്ങൾക്കും പ്രഖ്യാപിക്കപ്പെട്ട വിവിധ പദ്ധതികൾക്കും സ്ത്രീധനമെന്ന വിപത്തിനെ ചെറുക്കുന്നതിന് ഇനിയും കഴിഞ്ഞിട്ടില്ല. പരാതികൾ വീണ്ടും വീണ്ടും ഉയരുന്ന പശ്ചാത്തലത്തിലാണ് പുതിയ പദ്ധതി. സതിയെന്ന ദുരാചാരത്തെ കുഴിച്ചുമൂടിയെങ്കിലും വീടിൻെറ അകത്തളങ്ങളിൽ പുതിയ രൂപത്തിൽ സതി തുടരുന്നവെന്ന് പറഞ്ഞുകൊണ്ടാണ് സ്പീക് അപ് പദ്ധതി ആഭ്യന്തര മന്ത്രി പ്രഖ്യാപിക്കുന്നത്.

കഴി‍ഞ്ഞ ഏഴുവർഷത്തിനിടെ ഗാർഹിക പീഡനത്തിൽ ജീവനൊടുക്കിയത് 92 സ്ത്രീകളാണ്. 15,000 ത്തോളം പരാതികളാണ് പൊലീസിന് മുന്നിലെത്തിയത്. വിസ്മയയുടെ മരണത്തിന് അപരാജിത എന്ന പദ്ധതി പൊലിസ് ആവിഷ്കരിച്ചിരുന്നു. തുടക്കത്തിൽ സമഗ്രമായി നടന്നുവെങ്കിലും ഉദ്യോഗസ്ഥ മാറ്റവും ഭരണമാറ്റവുമുണ്ടായതോടെ പദ്ധതി മെല്ലപ്പോക്കിലായി. ഓരോ മരണവും ചർച്ചയാകുമപോൾ നടത്തുന്ന പ്രഖ്യാപനങ്ങളും പദ്ധതികളും കാര്യക്ഷമമായി തുടർന്ന് കൊണ്ട് പോകാനാകാത്തത് പ്രധാന പ്രശ്നമാണ്.