നിലമ്പൂര്‍ ചന്തക്കുന്ന് സ്വദേശി അബ്ദുൽ ഹക്കീമിനാണ് 12 വര്‍ഷത്തെ നിയമപോരാട്ടത്തിന് ഒടുവിൽ നീതി ലഭിച്ചത്. നഷ്ടപരിഹാരം ഉൾപ്പടെ 143714 രൂപ നൽകാനാണ് കോടതി വിധിച്ചത്.

മലപ്പുറം: തകരാറിലായ ഹോണ്ട ബൈക്ക് മാറ്റി നൽകാത്തതിന് ബൈക്ക് കമ്പനിക്ക് ഒരു ലക്ഷത്തി നാൽപതിനായിരം രൂപ പിഴയിട്ട് ഉപഭോക്തൃ കോടതി. നിലമ്പൂര്‍ ചന്തക്കുന്ന് സ്വദേശി അബ്ദുൽ ഹക്കീമിനാണ് 12 വര്‍ഷത്തെ നിയമപോരാട്ടത്തിന് ഒടുവിൽ നീതി ലഭിച്ചത്. നഷ്ടപരിഹാരം ഉൾപ്പടെ 143714 രൂപ നൽകാനാണ് കോടതി വിധിച്ചത്.

2013 ൽ 79,400 രൂപയ്ക്ക് ഹക്കീം ബൈക്ക് വാങ്ങിയത്. മഞ്ചേരിയിലെ ഹോണ്ട ഷോറൂമിൽ നിന്നായിരുന്നു പര്‍ച്ചേഴ്സ്. 72 കിലോ മീറ്ററായിരുന്നു മൈലേജ് വാഗ്ദാനം. എന്നാല്‍ 50 കിലോ മീറ്ററിൽ താഴെ മൈലേജ് മാത്രമേ കിട്ടിയോള്ളൂ. ഒപ്പം ബൈക്കിൽ നിന്ന് എപ്പോഴും പ്രത്യേക ശബ്ദവും കേട്ടിരുന്നു. പ്രശ്നം സര്‍വീസ് സെൻ്ററിൽ അറിയിച്ചു. ഇടയ്ക്ക് അറ്റകുറ്റപ്പണി നടത്തി. പക്ഷേ, അബ്ദുൽ ഹക്കീം നേരിട്ട രണ്ട് പ്രശ്നങ്ങൾക്കും പരിഹാരം മാത്രമുണ്ടായില്ല. ഒടുവിൽ ബൈക്ക് മാറ്റിത്തരാൻ അബ്ദുൽ ഹക്കീം ആവശ്യപ്പെട്ടു. ഈ ആവശ്യം കമ്പനി നിരസിച്ചു. അവിടെത്തുടങ്ങിയതാണ് നിയമപേരാട്ടം.

മലപ്പുറം ഉപഭോകൃത കോടിതിയിലാണ് കേസ് ഫയൽ ചെയ്തത്. നഷ്ടപരിഹാരം ഉൾപ്പെടെ ഒരു ലക്ഷത്തോളം രൂപ അബ്ദുൽ ഹക്കീമിന് നൽകാൻ കോടതി വിധിച്ചു. എന്നാൽ ബൈക്ക് കമ്പനി വിധി മേൽക്കോടതിയിൽ ചോദ്യം ചെയ്തു. പക്ഷേ, നീതി ഹക്കീമിന് ഒപ്പം നിന്നു. നഷ്ടപരിഹാരത്തുക കൂട്ടുകയും ചെയ്തു. 1,43,714 രൂപ നൽകാനാണ് വിധി. പ്രശ്നമുണ്ടാക്കിയ ബൈക്ക് കമ്പനിക്ക് കൈമാറി. പണം സ്വീകരിച്ച് ഹക്കീമിപ്പോൾ ഹാപ്പിയാണ്.

YouTube video player