കൊല്ലത്ത് ഹൗസ്ബോട്ടിന് തീപിടിച്ചു; മൂന്ന് വിനോദസഞ്ചാരികളെ രക്ഷപ്പെടുത്തി
മൂന്ന് വിനോദസഞ്ചാരികളെ രക്ഷപെടുത്തി. ഹൗസ് ബോട്ട് പൂർണ്ണമായും കത്തി നശിച്ചു. വൈകിട്ട് അഞ്ചരയോടെയാണ് തീപിടുത്തം ഉണ്ടായത്.

കൊല്ലം : പൊന്മനയിൽ ഹൗസ്ബോട്ടിന് തീപിടിച്ചു. മൂന്ന് വിനോദ സഞ്ചാരികൾ ഉൾപ്പടെ ആറ് പേരെ രക്ഷപെടുത്തി. ആലപ്പുഴ സ്വദേശിയുടെ ഉടമസ്ഥതയിലുള്ള റിവർ വ്യു ക്രൂസ് എന്ന ഹൗസ്ബോട്ടാണ് കത്തി നശിച്ചത്. വൈകിട്ട് അഞ്ചരയോടെ പൊന്മന കന്നിട്ട കടവിൽവെച്ചാണ് തീപിടുത്തമുണ്ടായത്. ആലപ്പുഴയിൽ നിന്ന് കൊല്ലത്തേക്ക് വരുമ്പോഴായിരുന്നു അപകടം. എൻജിനിൽ നിന്ന് തീ പടർന്നതോടെ ബോട്ടിലുണ്ടായിരുന്നവരെ നാട്ടുകാർ കടത്തു വള്ളത്തിൽ രക്ഷപ്പെടുത്തി കരക്കെത്തിച്ചു. ജർമ്മൻ സ്വദേശികളായ റിച്ചാർഡ് വാലന്റെൻ, ആൻഡ്രിയാസ്, ആലപ്പുഴ സ്വദേശികളായ ജോജിമോൻ തോമസ്, താജുദ്ദീൻ,ജോമോൻ ജോസഫ്. എന്നിവരാണ് ബോട്ടിൽ ഉണ്ടായിരുന്നത്. കൊല്ലം, ചവറ, കരുനാഗപ്പള്ളി എന്നിവിടങ്ങളിൽ നിന്നായി അഞ്ച് ഫയർ ഫോഴ്‌സ് യൂണിറ്റ് എത്തിയാണ് തീയണച്ചത്. 50 ലക്ഷം രൂപയുടെ നഷ്ടമുണ്ടായതായി ബോട്ടുടമ പറഞ്ഞു.