ലൈഫ് പദ്ധതി പ്രകാരം കിട്ടിയ പണം സാധനങ്ങൾ വാങ്ങാൻ പോലും തികയാതെ വന്നതോടെയാണ് സ്വന്തമായി വീട് നിർമ്മിക്കാൻ ഇവർ തീരുമാനിച്ചത്.
പത്തനംതിട്ട: വീട് നിർമ്മാണത്തിലെ എല്ലാ ജോലികളും സ്വയം ചെയ്തിരിക്കുകയാണ് പത്തനംതിട്ടയിലെ ദമ്പതികൾ. വിക്രമൻപിള്ളയും ഭാര്യ മണിയുമാണ് പണിക്കാരുടെ സഹായമില്ലാതെ വീട് നിർമ്മിക്കുന്നത്. ലൈഫ് പദ്ധതി പ്രകാരം കിട്ടിയ പണം സാധനങ്ങൾ വാങ്ങാൻ പോലും തികയാതെ വന്നതോടെയാണ് സ്വന്തമായി വീട് നിർമ്മിക്കാൻ ഇവർ തീരുമാനിച്ചത്.
65 വയസുണ്ട് വിക്രമൻ പിള്ളയ്ക്ക്, ഭാര്യ മണിക്ക് 58 കഴിഞ്ഞു. രണ്ട് പേരും ചേർന്ന് വിശ്രമമില്ലാതെ കെട്ടിപ്പൊക്കിയ സ്വപ്നമാണിത്. രാത്രിയെന്നോ പകലെന്നോ ഇല്ലാതെ പണിയെടുത്തു. ഒരു ചാക്ക് സിമന്റ് എടുക്കാൻ പോലും ആരേയും ആശ്രയിച്ചിട്ടില്ല. കല്ലും മണ്ണും ചുമന്നതും വാനം എടുത്ത് കട്ടകെട്ടിയതും മേൽക്കൂര വാർത്തതുമെല്ലാം രണ്ടാളും ഒറ്റയ്ക്ക്.
മേസ്തിരിപ്പണിയുടെ എല്ലാക്കാര്യങ്ങളും അറിയാമെന്ന് വിക്രമൻപിള്ള പറയുന്നു. ആശാരിപ്പണി മാത്രമേ അറിയാതെയുള്ളൂ. തൊഴിലുറപ്പ് തൊഴിലാളിയായ മണിക്ക് കെട്ടിട നിർമ്മാണത്തിൽ മുൻ പരിചയം ഇല്ല. രണ്ട് മുറിയും ഹാളും അടുക്കളയുമുള്ള വീട് 420 സ്ക്വയർ ഫീറ്റുണ്ട്. സ്ഥലം വാങ്ങാൻ രണ്ട് ലക്ഷം രൂപയും വീടിന് നാല് ലക്ഷം രൂപയുമാണ് ലൈഫിൽ അനുവദിച്ചത്. സാധന സാമഗ്രികളുടെ വില വർധിച്ചത് പ്രതിസന്ധിയുണ്ടാക്കി. കഷ്ടപ്പെട്ട് പണിയെടുക്കാനുള്ള മനസ്സുണ്ടെങ്കില്‍ ഏത് പ്രതിസന്ധിയെയും മറി കടക്കാമെന്ന് തെളിയിച്ചിരിക്കുകയാണ് ഈ ദമ്പതികൾ.

