വയനാട്: വയനാട് സുല്‍ത്താന്‍ ബത്തേരി താലൂക്കില്‍ പ്രളയത്തില്‍ ഭവന രഹിതരായ 54 പട്ടികവര്‍ഗ്ഗ കുടുംബങ്ങള്‍ക്ക് വീടുകള്‍ ഒരുങ്ങുന്നു. ആദ്യ ഘട്ടത്തില്‍ പുല്‍പ്പള്ളിയില്‍ പൂര്‍ത്തിയായ 26 വീടുകള്‍ ഇന്ന് കൈമാറും. നിര്‍മ്മിതി കേന്ദ്രയാണ് മരകാവില്‍ വീടുകള്‍ നിര്‍മ്മിച്ചത്. ജില്ലാ ഭരണകൂടം ഏറ്റെടുത്ത് നല്‍കിയ അഞ്ച് ഏക്കറോളം ഭൂമിയിലാണ് പുനരധിവാസ ഗ്രാമം.

പുല്‍പ്പള്ളി പാളകൊല്ലി കോളനിവാസികളുടെ ഭവന പദ്ധതിയുടെ ആദ്യഘട്ടമാണ് പൂര്‍ത്തിയായത്. നിര്‍മ്മിതി കേന്ദ്രയാണ് മരകാവില്‍ വീടുകള്‍ നിര്‍മ്മിച്ചത്. ജില്ലാ ഭരണകൂടം ഏറ്റെടുത്ത് നല്‍കിയ അഞ്ച് ഏക്കറോളം ഭൂമിയിലാണ് പുനരധിവാസ ഗ്രാമം. 485 ചതുരശ്ര അടി വരുന്നതാണ് വീടുകള്‍. 54 വീടുകളില്‍ 26 എണ്ണത്തിന്റെ നിര്‍മ്മാണം പൂര്‍ത്തിയാക്കി. മറ്റുള്ളവ രണ്ട് മാസത്തിനകം പൂര്‍ത്തീകരിക്കും.

പ്രളയദുരിതബാധിതരില്‍ 50ല്‍ അധികം ഗുണഭോക്താക്കള്‍ നേരിട്ട് നിര്‍മ്മാണം നടത്തുന്നുണ്ട്. രണ്ട് പ്രളയത്തിലും ദുരിതം നേരിട്ട കോളിനിവാസികള്‍ വീട് ലഭിച്ചതിന്റെ ആശ്വാസത്തിലാണ്. അഞ്ച് കോടി തൊണ്ണൂറ്റിയാറ് ലക്ഷം രൂപയാണ് സ്ഥലമേറ്റെടുത്ത് ഭവന പദ്ധതി പൂര്‍ത്തീകരിക്കാന്‍ വേണ്ടി വന്നത്. വീടുകളുടെ കൈമാറ്റം കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് നടക്കും.