ചേർത്തല ശ്രീ നാരായണപുരം കൃഷ്ണ കൃപയിൽ പ്രീതി രമണനാണ് രണ്ട് പെൺമക്കളുമായി സർക്കാർ ഓഫീസുകൾ കയറിയിറങ്ങുന്നത്

ചേർത്തല: ഭർത്താവ് സർവീസിൽ നിന്നും വിരമിച്ചപ്പോൾ ലഭിക്കാനുള്ള തുകയ്ക്ക് വേണ്ടി വിധവയായ വീട്ടമ്മ വിവിധ ഓഫീസുകളിൽ കയറാൻ തുടങ്ങിയിട്ട് ആറുവർഷം. ചേർത്തല ശ്രീ നാരായണപുരം കൃഷ്ണ കൃപയിൽ പ്രീതി രമണനാണ് രണ്ട് പെൺമക്കളുമായി സർക്കാർ ഓഫീസുകൾ കയറിയിറങ്ങുന്നത്. ചേർത്തല ഗവണ്‍മെന്‍റ് പോളിടെക്നിനിക്ക് കോളേജിൽ മെക്കാനിക്കൽ വിഭാഗം ലക്ചറായി ജോലിയിലിരിക്കെ 2019 ജൂൺ 30നാണ് പ്രീതിയുടെ ഭർത്താവ് ആർ രമണൻ സർവീസിൽ നിന്നും വിരമിക്കുന്നത്. ഏഴാമത് സി പി സി കാറ്റഗറിയിലിരിക്കെ ആറാമത് സി പി സി കാറ്റഗറി പ്രതിഫലമാണ് വർഷങ്ങളായി രമണന് ലഭിച്ചിരുന്നത്.

എന്നാൽ വിരമിക്കുമ്പോൾ എല്ലാവിധ ആനുകൂല്യങ്ങളോടുകൂടി ലഭിക്കുമെന്ന് കരുതി കാത്തിരുന്നെങ്കിലും പണം ലഭിച്ചില്ല. വിരമിച്ചിട്ടും പണം ലഭിക്കാതെ വന്നതോടെ രമണൻ ഓഫീസുകളിൽ കയറിയിറങ്ങാൻ തുടങ്ങി. ഇതിനിടെ കരൾ സംബന്ധമായ അസുഖം രമണനെ പിടികൂടുകയും പിന്നീട് സ്ഥിതി വഷളാകുകയും കരൾ മാറ്റിവയ്ക്കൽ ശസ്ത്രക്രിയക്ക് വിധേയനാകേണ്ട അവസ്ഥയുമായി.

ഇതിനായി 40 ലക്ഷത്തോളം രൂപ ആവശ്യമായി വന്നതോടെ കുടുംബം എങ്ങോട്ട് പോകണമെന്നറിയാതെ പകച്ചു നിന്നു. മകൾ കരൾ നൽകാനായി മുന്നോട്ടുവന്നെങ്കിലും ഓപ്പറേഷന് വേണ്ടുന്ന 40 ലക്ഷത്തോളം രൂപ കണ്ടെത്താനായില്ല. രമണന് സർക്കാരിൽ നിന്നും ലഭിക്കേണ്ട തുകയ്ക്ക് വേണ്ടി ടെക്നിക്കൽ എജ്യുക്കേഷൻ ഡയറക്ടർക്ക് ചികിത്സാസംബന്ധമായ ചിലവുകൾക്കാവിശ്യമായ പണം അടിയന്തരമായി അനുവദിച്ച് തരണമെന്ന് കാട്ടി അപേക്ഷ അയച്ചു. എന്നാൽ, പിറ്റേദിവസം തന്നെ അനുവദിച്ച് പേ-സ്ലിപ്പ് നൽകിയെങ്കിലും പണം ലഭിച്ചില്ല.

അന്വേഷിച്ചപ്പോൾ ഫണ്ട് വന്നിട്ടില്ലെന്ന കാരണമാണ് ഓഫീസിൽ നിന്നും പറഞ്ഞെതെന്ന് പ്രീതി രമണൻ പറഞ്ഞു. ഇതോടെ രമണന്‍റെ ഓപ്പറേഷനും നടക്കാതെ പോയി. എറണാകുളം ലേക്ക് ഷോർ ആശുപത്രിയിലും തുടർന്ന് തിരുവനന്തപുരം കിംസ് ആശുപത്രിയിലും ചികിത്സയിലിരിക്കെ 2022 ഫെബ്രുവരി 12 ന് രമണൻ മരിച്ചു.

സാമ്പത്തികമായി കുടുംബം തകർന്നതോടെ മുഖ്യമന്ത്രി, ഹയർ എജുക്കേഷൻ ഡയറക്ടർ, കൃഷി വകുപ്പ് മന്ത്രിയും എംഎൽ എയുമായ പി പ്രസാദ്, ധനകാര്യ മന്ത്രി, സി പി എം പാർട്ടി സെക്രട്ടറി എം വി ഗോവിന്ദൻ മാസ്റ്റർ, കേരളാ ഗവർണ്ണർ എന്നിവർക്ക് പ്രീതിരമണൻ പരാതി നൽകിയെങ്കിലും ഇതുവരെ നടപടി ഉണ്ടായിട്ടില്ല.

കോൺഗ്രസ് അനുകൂല സംഘടനയിൽ പ്രവർത്തിച്ചതുമൂലമാണ് സർക്കാർ രമണന് നൽകേണ്ട ആനുകൂല്യങ്ങൾ നൽകാത്തതാണെന്നും സമാന രീതിയിൽ ഏഴോളം പേർക്ക് വിരമിക്കൽ ആനുകൂല്യം നൽകാത്തതുമൂലം അവർ ഹൈക്കോടതിയെ സമീപിച്ചിട്ടുണ്ടെന്നും പരാതി നൽകിയവർ എല്ലാവരും തന്നെ ജീവിച്ചിരിപ്പുള്ളവരാണെന്നും അതിൽ രമണൻ മാത്രമാണ് മരിച്ചതെന്നും പ്രീതി രമണൻ പറഞ്ഞു. മുഖ്യമന്ത്രി പിണറായി വിജയൻ നടത്തിയ നവകേരള സദസിലും പരാതി നൽകിട്ടും പരിഹാരമാകാത്ത അവസ്ഥയിൽ ഇനി എങ്ങോട്ട് പോകണമെന്നറിയാതെ വിവാഹ പ്രായമായ പെൺമക്കളുമായി കഴിയുകയാണ് പ്രീതി രമണൻ.