തിരുവനന്തപുരം: കേരളത്തില്‍ ബിജെപിയുടെ കരുത്താര്‍ന്ന ശബ്ദമാണ് കെ സുരേന്ദ്രന്‍. ബിജെപി സംസ്ഥാന അധ്യക്ഷനായി ചുമതലയേറ്റതോടെ കേരള ബിജെപിയില്‍ ഒരു പുതിയ ഉണര്‍വ്വ് സൃഷ്ടിക്കാന്‍ സുരേന്ദ്രനായി. ബിജെപിയുടെ സമരങ്ങളുടെ മുന്നിലും വിവാദങ്ങള്‍ക്കൊപ്പവും സുരേന്ദ്രന്‍ കേരള രാഷ്ട്രീയത്തില്‍ നിറഞ്ഞ് നിന്നു. കൊവിഡ് കാലത്ത് സര്‍ക്കാരിന്റെ പ്രതിരോധ പ്രവര്‍ത്തനങ്ങളെ രൂക്ഷമായി വിമര്‍ശിച്ച് പ്രതിപക്ഷത്തിന്‍‌റെ റോളിലും സുരേന്ദ്രന്‍  കളം നിറഞ്ഞിരുന്നു.

ബിജെപി സംസ്ഥാന അധ്യക്ഷനെന്ന നിലയില്‍ കെ സുരേന്ദ്രനെ എങ്ങനെ വിലയിരുത്തുന്നുവെന്ന എഷ്യാനെറ്റ് ന്യൂസ് സി ഫോര്‍ സര്‍വേയിലെ ഫലം ഇങ്ങനെയാണ്. സുരേന്ദ്രന്‍റെ പ്രവര്‍ത്തനം വളരെ മികച്ചതാണെന്ന് അഭിപ്രായപ്പെട്ടത് 5 ശതമാനം പേരാണ്.  മികച്ച പ്രവര്‍ത്തനമെന്ന് 18 ശതമാനവും തൃപ്തികരമെന്ന് 40 ശതമാനമാളുകളും സര്‍വേയില്‍ അഭിപ്രായം രേഖപ്പെടുത്തി. അതേസമയം 37 ശതമാനം പേര്‍ സുരേന്ദ്രന്‍റെ പ്രവര്‍ത്തനം മോശമാണെന്ന് അഭിപ്രായപ്പെട്ടു.

കൊവിഡ് കാലത്ത് കെ സുരേന്ദ്രന്‍റെ മതിപ്പ് ഉയര്‍ന്നുവെന്നാണ് 56 ശതമാനം പേര്‍ അഭിപ്രായപ്പെട്ടത്. കൊവിഡ് കാലത്ത് സുരേന്ദ്രന്‍റെ  മതിപ്പ് കുറഞ്ഞെന്ന് 44 പേരാണ് അഭിപ്രായപ്പെട്ടത്.  തെരഞ്ഞെടുപ്പ് അടുത്തിരിക്കെ കേരളത്തിന്‍റെ രാഷ്ട്രീയ മനസ്സും കാഴ്ചപ്പാടും എന്താണ്? കൊവിഡ് മഹാമാരിക്കൊപ്പം നീങ്ങുന്ന കേരളം എങ്ങനെ ചിന്തിക്കുന്നു എന്ന് അന്വേഷിക്കുകയാണ് ഏഷ്യാനെറ്റ് ന്യൂസ് സി ഫോര്‍ സര്‍വെ. രണ്ട് ദിവസങ്ങളിലായാണ് സര്‍വെ ഫലം പുറത്ത് വിടുന്നത്.