Asianet News MalayalamAsianet News Malayalam

6.65 ലക്ഷം ടിൻ അരവണ എങ്ങനെ നശിപ്പിക്കും? പദ്ധതിയുമായി ഹിന്ദുസ്ഥാൻ ലാറ്റക്സ് ഉൾപ്പെടെയുള്ള സ്ഥാപനങ്ങൾ

ഏലയ്ക്കയിൽ കീടനാശിനി കണ്ടെത്തിയതിനെ തുടർന്ന് വിൽപ്പന നിരോധിച്ച 6.65 ലക്ഷം ടിൻ അരവണയാണ് സന്നിധാനത്ത് കെട്ടിക്കിടക്കുന്നത്.

How to dispose 6.65 lakh tin Aravana Sabarimala Firms including Hindustan Latex approached the Devaswom Board SSM
Author
First Published Dec 7, 2023, 8:07 AM IST

പത്തനംതിട്ട: ശബരിമലയിൽ കെട്ടിക്കിടക്കുന്ന അരവണ നശിപ്പിക്കാനുള്ള കരാർ ഏറ്റെടുക്കാൻ സന്നദ്ധത അറിയിച്ച് പൊതുമേഖലാ സ്ഥാപനങ്ങൾ അടക്കം ദേവസ്വം ബോർഡിനെ സമീപിച്ചു. കരാർ നൽകുന്നതിൽ ദേവസ്വം ബോർഡ് അന്തിമ തീരുമാനം എടുത്തിട്ടില്ല. അടുത്ത ദിവസം ചേരുന്ന ബോർഡ് യോഗത്തിൽ, കമ്പനികൾ മുന്നോട്ടുവച്ച ആശയങ്ങൾ ചർച്ച ചെയ്യും.

ഏലയ്ക്കയിൽ കീടനാശിനി കണ്ടെത്തിയതിനെ തുടർന്ന് വിൽപ്പന നിരോധിച്ച 6.65 ലക്ഷം ടിൻ അരവണയാണ് സന്നിധാനത്ത് കെട്ടിക്കിടക്കുന്നത്. കഴിഞ്ഞ തീർത്ഥാടന കാലത്താണ് നിരോധനം ഏർപ്പെടുത്തിയത്. കെട്ടിക്കിടക്കുന്ന അരവണ നശിപ്പിക്കാൻ സുപ്രിം കോടതിയും അനുമതി നൽകി. എന്നാൽ ഒരു വർഷമായി അരവണ എങ്ങനെ നശിപ്പിക്കുമെന്നതിൽ ആശയക്കുഴപ്പം നിലനിൽക്കുകയാണ്. ആദ്യ ഘട്ടത്തിൽ ശബരിമല വനത്തിൽ തന്നെ നശിപ്പിക്കാനാണ് തീരുമാനിച്ചത്. എന്നാൽ വനസംരക്ഷണ നിയമത്തിലെയും വന്യജീവി സംരക്ഷണ നിയമത്തിലേയും ചില വ്യവസ്ഥകൾ ഈ സാധ്യത അടച്ചു. 

ഇതിന് പിന്നാലെയാണ് പൊതുമേഖല സ്ഥാപനമായ ഹിന്ദുസ്ഥാൻ ലാറ്റക്സ് ലിമിറ്റഡ് ബോർഡിനെ അറിയിച്ചത്. സന്നിധാനത്ത് പ്രത്യേകം യന്ത്രം എത്തിച്ച് അരവണയും ടിന്നും വേർതിരിച്ച് നശിപ്പിക്കാനുള്ള ആശയമാണ് ഹിന്ദുസ്ഥാൻ ലാറ്റക്സ് ലിമിറ്റഡ് മുന്നോട്ടുവെച്ചത്. ഗുരുവായൂരിൽ മാലിന്യ നിർമ്മാർജനം നടത്തുന്ന സ്ഥാപനവും ബോർഡിനെ സമീപിച്ചിട്ടുണ്ട്. അരവണ ടിന്നുകൾ പമ്പയിൽ എത്തിച്ച് നൽകിയാൽ ഏറ്റെടുക്കാമെന്നാണ് ഈ കമ്പനിയുടെ നിർദേശം.

ടെണ്ടർ നൽകിയാൽ കൂടുതൽ സ്ഥാപനങ്ങൾ എത്തുമെന്നാണ് ദേവസ്വം ബോർഡ് കണക്ക് കൂട്ടുന്നത്. സർക്കാരിന്റെ കൂടി അഭിപ്രായം തേടി ഇക്കാര്യത്തിൽ ബോർഡ് കൂടുതൽ വ്യക്തത വരുത്തും. എങ്ങനെ നശിപ്പിക്കുമെന്ന കാര്യത്തിലും കൃത്യമായ മാസ്റ്റർ പ്ലാൻ വേണം. ഹൈക്കോടതി ദേവസ്വം ബഞ്ചിനെ അടക്കം ഇത് ധരിപ്പിക്കേണ്ടതുണ്ട്. മാത്രമല്ല ടെണ്ടർ വിളിച്ച് കരാർ നൽകാനാണ് തിരുവതാംകൂർ ദേവസ്വം ബോർഡ് തീരുമാനിക്കുന്നതെങ്കിൽ ഈ തീർത്ഥാടനം കാലം കഴിഞ്ഞാൽ മാത്രമേ അരവണ നശിപ്പിക്കുന്നതിലേക്ക് കടക്കാൻ കഴിയൂ.

Latest Videos
Follow Us:
Download App:
  • android
  • ios