മനുഷ്യ-വന്യജീവി സംഘർഷം കുറയ്ക്കുന്നതിനായി തിരുവനന്തപുരം ജില്ലയിൽ 404 കാട്ടുപന്നികളെ വെടിവെച്ചുകൊന്നതായി തദ്ദേശസ്വയംഭരണ വകുപ്പ്.  പെരിങ്ങമല പഞ്ചായത്തിലാണ് ഏറ്റവും കൂടുതൽ പന്നികളെ (85) കൊന്നത്. കഴിഞ്ഞ മാസം 67 പന്നികളെ വെടിവെച്ചുകൊന്നു.

തിരുവനന്തപുരം: മനുഷ്യ വന്യജീവി സംഘർഷം ലഘൂകരിക്കുന്നതിന്‍റെ ഭാഗമായി ജില്ലയിലെ വിവിധ മേഖലകളിൽ നിന്ന് 404 കാട്ടുപന്നികളെ വെടിവച്ചു കൊന്നതായി തദ്ദേശസ്വയംഭരണ വകുപ്പിന്‍റെ കണക്കുകൾ. അപകടകാരികളായ കാട്ടുപന്നികളെ വെടിവച്ചു കൊല്ലാമെന്ന സർക്കാരിന്‍റെ പുതിയ ഉത്തരവിന്‍റെ അടിസ്ഥാനത്തിലുള്ള കണക്കാണിത്. കഴിഞ്ഞ മാസം മാത്രം 67 പന്നികളെയാണ് ലൈസൻസുള്ള ഷൂട്ടർമാർ വെടിവെച്ചു കൊന്നതെന്ന് കണക്കുകൾ പറയുന്നു. തിരുവനന്തപുരം ജില്ലയിൽ വിവിധ പഞ്ചായത്തുകൾ തിരിച്ച് കൊലപ്പെടുത്തിയ കാട്ടുപന്നികളുടെ കണക്കുകൾ തദ്ദേശ സ്വയംഭരണ വകുപ്പ് പുറത്തുവിട്ടു.

പഞ്ചായത്ത് തിരിച്ചുള്ള കണക്കുകൾ

പെരിങ്ങമല പഞ്ചായത്തിലാണ് ഏറ്റവും കൂടുതൽ കാട്ടുപന്നികളെ വെടിവച്ചു കൊന്നത്. 85 പന്നികളെയാണ് ഇവിടെ കൊന്നത്. ആനാട് പഞ്ചായത്തിൽ 28, ആര്യനാട് പഞ്ചായത്തിൽ അഞ്ച്, കിഴുവിലം പഞ്ചായത്തിൽ 12, കിളിമാനൂർ പഞ്ചായത്തിൽ 16, മടവൂർ പഞ്ചായത്തിൽ 2, മാണിക്കൽ പഞ്ചായത്തിൽ 13, മുദാക്കൽ പഞ്ചായത്തിൽ 22, നന്ദിയോട് പഞ്ചായത്തിൽ 2, നെല്ലനാട് പഞ്ചായത്തിൽ 69, പാങ്ങോട് പഞ്ചായത്തിൽ 9, പൂവച്ചൽ പഞ്ചായത്തിൽ 3, ഉഴമലയ്ക്കൽ പഞ്ചായത്തിൽ 81, നെടുമങ്ങാട് പഞ്ചായത്തിൽ 34, കോർപ്പറേഷൻ പരിധിയിൽ 23 എന്നിങ്ങനെയാണ് പുതിയ ഉത്തരവ് പ്രകാരം കൊന്ന കാട്ടുപന്നികളുടെ കണക്ക്. മനുഷ്യ വന്യജീവി സംഘർഷം ലഘൂകരിക്കുന്നതിന്‍റെ ഭാഗമായുള്ള ജില്ലാതല നിയന്ത്രണ സമിതി യോഗത്തിൽ തദ്ദേശ സ്വയംഭരണ വകുപ്പ് ജോയിന്‍റ് ഡയറക്ടർ ജി. സുധാകരനാണ് ഇത് സംബന്ധിച്ച കണക്ക് അവതരിപ്പിച്ചത്.