ദളിത് സ്ത്രീയായ ബിന്ദുവിനെ വ്യാജമോഷണക്കേസിൽ കസ്റ്റഡിലെടുത്ത ഉദ്യോഗസ്ഥർക്കെതിരെ നടപടി വേണമെന്ന അന്വേഷണ സംഘത്തിന്‍റെ റിപ്പോർട്ട് മനുഷ്യാവകാശ കമ്മീഷൻ ഇന്ന് പരിഗണിക്കും.

തിരുവനന്തപുരം: ദളിത് സ്ത്രീയായ ബിന്ദുവിനെ വ്യാജമോഷണക്കേസിൽ കസ്റ്റഡിലെടുത്ത ഉദ്യോഗസ്ഥർക്കെതിരെ നടപടി വേണമെന്ന അന്വേഷണ സംഘത്തിന്‍റെ റിപ്പോർട്ട് മനുഷ്യാവകാശ കമ്മീഷൻ ഇന്ന് പരിഗണിക്കും. പേരൂർക്കട സ്റ്റേഷനിലെ പൊലീസ് ഉദ്യോഗസ്ഥർക്കെതിരെയും ബിന്ദു ജോലി ചെയ്തിരുന്ന വീട്ടുടമ ഓമന ഡാനിയലിനെതിരെയും നടപടി വേണമെന്നാണ് ഡിവൈഎസ്പി വിദ്യാധരന്‍റെ റിപ്പോർട്ട്. ഓമന ഡാനിയലിന്‍റെ പരാതിയിലാണ് ബിന്ദുവിനെ പേരൂർക്കട പൊലീസ് 20 മണിക്കൂർ അനധികൃത കസ്റ്റഡിയിൽ വച്ചത്. മനുഷ്യാവകാശ കമ്മീഷൻെറ നിർദ്ദേശ പ്രകാരമാണ് പ്രത്യേക സംഘം അന്വേഷണം നടത്തി റിപ്പോർട്ട് നൽകിയത്. കമ്മീഷൻ അധ്യക്ഷൻ ജസ്റ്റിസ് അലക്സാണ്ടർ തോമസാണ് റിപ്പോർട്ട് പരിഗണിക്കുന്നത്.

അതിനിടെ ബിന്ദുവിന് സഹായവുമായി എംജിഎം ഗ്രൂപ്പ് എത്തിയിരുന്നു. ചുള്ളിമാനൂർ സ്വദേശി ബിന്ദുവിന് എംജിഎം സ്കൂളിൽ പ്യൂണായി നിയമനം നൽകുമെന്ന് എംജിഎം ഗ്രൂപ്പ് ചെയർമാൻ ഗീവർഗീസ് യോഹന്നാൽ അറിയിച്ചു. മാനേജുമെൻ്റ് പ്രതിനിധികൾ ബിന്ദുവിൻ്റെ വീട്ടിലെത്തിയാണ് ഇക്കാര്യം അറിയിച്ചത്.

പേരൂർക്കടയിലെ വ്യാജ മാല മോഷണക്കേസിൽ ഇന്നലെയാണ് വൻ വഴിത്തിരിവ് ഉണ്ടായത്. വീട്ടുജോലിക്കാരി ബിന്ദുവിനെ പ്രതിയാക്കാൻ പൊലീസ് തിരക്കഥയുണ്ടാക്കിയെന്ന് പ്രത്യേക അന്വേഷണ സംഘം കണ്ടെത്തുകയായിരുന്നു. പരാതിക്കാരിയായ ഓമന ഡാനിയലിന്‍റെ വീട്ടിനുള്ളിൽ നിന്ന് സ്വർണ്ണം കിട്ടിയിട്ടും ബിന്ദുവിനെ കുടുക്കാൻ ശ്രമിച്ചെന്നാണ് പത്തനംതിട്ട ജില്ലാ ക്രൈംബ്രാഞ്ച് ഡിവൈഎസ്പി വിദ്യാധരന്‍റെ അന്വേഷണത്തിലെ കണ്ടെത്തൽ. വീടിന് പിന്നിലെ ചവറുകൂനയിൽ നിന്ന് സ്വർണ്ണം കിട്ടിയെന്ന് പറയാൻ പരാതിക്കാരിയോട് പൊലീസ് ആവശ്യപ്പെട്ടെന്ന നിർണ്ണായക കണ്ടെത്തൽ ഏഷ്യാനെറ്റ് ന്യൂസ് പുറത്തുവിട്ടിരുന്നു.

Asianet News Live | Malayalam News Live | Kerala News Live | Breaking News Live | HD Live Streaming