തിരുവനന്തപുരം: ലൈഫ് മിഷൻ പദ്ധതിയുടെ ഭാഗമായി വടക്കാഞ്ചേരിയിൽ നിർമ്മിക്കുന്ന ഫ്ലാറ്റിന്റെ നിർമ്മാണത്തിൽ കെട്ടിട നിർമ്മാണ ചട്ടങ്ങളും സർക്കാർ അനുശാസിക്കുന്ന വ്യവസ്ഥകളും കാറ്റിൽപ്പറത്തിയെന്ന പരാതിയെ കുറിച്ച് വിശദമായ അന്വേഷണം നടത്താൻ സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ ഉത്തരവിട്ടു. ചീഫ് സെക്രട്ടറിയും ലൈഫ് മിഷൻ സി ഇ ഒ യും അന്വേഷണം നടത്തി മൂന്നാഴ്ചക്കകം റിപ്പോർട്ട് സമർപ്പിക്കണമെന്ന് കമ്മീഷൻ ജുഡീഷ്യൽ അംഗം പി മോഹനദാസ് ആവശ്യപ്പെട്ടു. അനിൽ അക്കര എം എൽ എ സമർപ്പിച്ച പരാതിയിലാണ് നടപടി.

വടക്കാഞ്ചേരിയിൽ 20 കോടി മുടക്കി സർക്കാർ ഏറ്റെടുത്ത 1.5 ഹെക്ടർ ഭൂമിയിലാണ് സ്വന്തമായി വീടും സ്ഥലവുമില്ലാത്തവർക്കായി 140 വീടുകൾ നിർമ്മിക്കുന്നതെന്ന് പരാതിയിൽ പറയുന്നു. യു എ ഇ ആസ്ഥാനമായുള്ള റെഡ് ക്രസന്റ് എന്ന സംഘടനയുടെ സഹായത്തോടെയാണ് സർക്കാർ വീട് നിർമ്മിക്കുന്നത്. ലൈഫ് പദ്ധതിയിൽ വീട് നിർമ്മിക്കാൻ സർക്കാരിന് കൃത്യമായ ചട്ടങ്ങളുണ്ട്. എന്നാൽ ധാരണാപത്രത്തിലെ വ്യവസ്ഥകളെല്ലാം ഉദ്യോഗസ്ഥർ കാറ്റിൽ പറത്തിയതായി പരാതിയിൽ പറയുന്നു. കെട്ടിട സമുച്ചയത്തിൽ അഗ്നി രക്ഷാ സംവിധാനം ഏർപ്പെടുത്തിയിട്ടില്ലെന്ന് പരാതിയിൽ പറയുന്നു.

കെട്ടിടം നിർമ്മിക്കുന്ന യൂണിടാകിനും സെയിൽ വെഞ്ചേഴ്സിനും പൊതുമരാമത്ത് വകുപ്പിന്റെ കെട്ടിട നിർമ്മാണ ലൈസൻസില്ലെന്ന് പരാതിയിൽ പറയുന്നു. കെട്ടിടത്തിന് സർക്കാർ അംഗീകരിച്ച പ്ലാനോ എസ്റ്റിമേറ്റോ ഇല്ല. കെട്ടിടനിർമ്മാണത്തിന് ഗുണനിലവാരവുമില്ല. 2018 ൽ ഉരുൾപൊട്ടലുണ്ടായ കുറാഞ്ചേരിക്ക് സമീപത്തായിട്ടും റവന്യു- പരിസ്ഥിതി വകുപ്പിന്റെ അനുമതിയും പദ്ധതിക്കുണ്ട്.