മെഡിക്കൽ ബോർഡ് റിപ്പോർട്ടും പൊലീസിന്‍റെ കണ്ടെത്തലും പരിശോധിക്കുമെന്നും മനുഷ്യവകാശ കമ്മീഷൻ വ്യക്തമാക്കി
കോഴിക്കോട്: ഹർഷീനയുടെ വയറ്റിൽ കത്രിക കുടുങ്ങിയ സംഭവത്തിലും താനൂർ കസ്റ്റഡി മരണത്തിലും ഇടപെട്ട് മനുഷ്യാവകാശ കമ്മീഷൻ. ഹർഷീനയുടെ വയറ്റിൽ കത്രിക കുടുങ്ങിയ സംഭവത്തിൽ പൊലീസിൽ നിന്ന് വീണ്ടും റിപ്പോർട്ട് തേടിയതായി മനുഷ്യവകാശ കമ്മീഷൻ ആക്ടിംഗ് ചെയർമാൻ കെ ബൈജുനാഥ് അറിയിച്ചു. മെഡിക്കൽ ബോർഡ് റിപ്പോർട്ടും പൊലീസിന്‍റെ കണ്ടെത്തലും പരിശോധിക്കുമെന്നും മനുഷ്യവകാശ കമ്മീഷൻ വ്യക്തമാക്കി. നടപടിക്രമങ്ങൾ വൈകുന്നതിനാലാണ് നീതി വൈകുന്നതെന്നും കെ ബൈജുനാഥ് ചൂണ്ടികാട്ടി. ഹർഷീന മനുഷ്യാവകാശ കമ്മീഷനെ സമീപിച്ചതിനെ തുടർന്നാണ് നടപടി.
താനൂർ കസ്റ്റഡി മരണത്തിലും റിപ്പോർട്ട് തേടിയിട്ടുണ്ടെന്നും മനുഷ്യവകാശ കമ്മീഷൻ വ്യക്തമാക്കി. താനൂർ കസ്റ്റഡി മരണക്കേസ് അട്ടിമറിക്കാൻ ശ്രമമെന്ന് മരിച്ച താമിർ ജിഫ്രിയുടെ കുടുംബത്തിന്‍റെ ആരോപണം ഉയർന്നതോടെയാണ് കമ്മീഷന്‍റെ ഇടപെടൽ. താമിർ ജിഫ്രിയുടെ പോസ്റ്റ്മോർട്ടം ഫലം ചോദ്യം ചെയ്തുള്ള പൊലീസ് വാദം കേസ് അന്വേഷണത്തെ ബാധിക്കുമെന്നും കുടുംബം അഭിപ്രായപ്പെട്ടു. കേസ് അട്ടിമറിക്കാനുള്ള നീക്കങ്ങളാണ് ഇപ്പോൾ നടക്കുന്നത്. എത്രയും പെട്ടെന്ന് സി ബി ഐ കേസ് ഏറ്റെടുക്കണം എന്നും ഇതിനുള്ള നടപടികൾ സർക്കാർ സ്വീകരിക്കണമെന്നും സഹോദരൻ ഹാരിസ് ജിഫ്രി ആവശ്യപ്പെട്ടു.
അതേസമയം താനൂർ കസ്റ്റഡി മരണക്കേസിൽ നിഷ്പക്ഷ അന്വേഷണം ആവശ്യപ്പെട്ട് ആക്ഷൻ കൗൺസിൽ മലപ്പുറം കലക്ടറേറ്റ് മുന്നിൽ ഏകദിന ഉപവാസമരം നടത്തിയിരുന്നു. കസ്റ്റഡി മരണവുമായി ബന്ധപ്പെട്ട അന്വേഷണം സി ബി ഐക്ക് കൈമാറണമെന്നതാണ് ആക്ഷൻ കൗൺസിലിന്‍റെ പ്രധാന ആവശ്യം. അതേസമയം കേസിലെ ക്രൈംബ്രാഞ്ച് അന്വേഷണം പുരോഗമിക്കുകയാണ്. കേസുമായി ബന്ധപ്പെട്ട് സസ്പെൻഷൻ നടപടി നേരിടുന്ന എട്ടു പൊലീസുകാരിൽ മൂന്ന് പൊലീസുകാരുടെ മൊഴി ക്രൈംബ്രാഞ്ച് രേഖപ്പെടുത്തിയിരുന്നു. താനൂർ എസ് ഐ കൃഷ്ണ ലാലടക്കമുള്ളവരുടെ മൊഴിയാണ് ക്രൈംബ്രാഞ്ച് രേഖപ്പെടുത്തിയിട്ടുള്ളത്.
