തിരുവനന്തപുരം: നെടുങ്കണ്ടം കസ്റ്റഡി മരണത്തെക്കുറിച്ചുള്ള വിശദമായ റിപ്പോര്‍ട്ട് മനുഷ്യാവകാശ കമ്മീഷന്‍ ഒരാഴ്ചയ്ക്കകം സര്‍ക്കാരിന് നല്‍കും. ഇതിന്‍റെ ഭാഗമായി കമ്മീഷന്‍ ചെയര്‍മാന്‍ ആന്‍റണി ഡൊമനിക് പീരുമേട് സബ്‍ജയിലും നെടുങ്കണ്ടം പൊലീസ് സ്റ്റേഷനും സന്ദര്‍ശിച്ച് തെളിവെടുത്തു. 

പീരുമേട് സബ്‍ജയിലിലെത്തി ഉദ്യോഗസ്ഥരെ കണ്ട കമ്മീഷൻ നെടുങ്കണ്ടം സ്‍റ്റേഷനില്‍ എത്തി രാജ്‍കുമാറിനെ മർദ്ദിച്ച പൊലീസുകാരുടെ വിശ്രമമുറിയിലും സെല്ലിലും പരിശോധന നടത്തി. അടുത്ത ദിവസങ്ങളില്‍ കോട്ടയം മെഡിക്കല്‍ കോളേജിലും കമ്മീഷന്‍ തെളിവെടുപ്പ് നടത്തും.

രാജ്‍കുമാറിന്‍റെ കസ്റ്റഡി മരണത്തിൽ കമ്മീഷൻ നേരത്തെ സ്വമേധയാ കേസെടുത്തിരുന്നു. കൂടാതെ രാജ്‌കുമാറിന്‍റെ ഭാര്യ വിജയയുടെ പരാതിയിൽ കേസ് എടുത്തിട്ടുണ്ടെന്ന് ആന്‍റണി ഡൊമനിക് അറിയിച്ചു. സന്ദര്‍ശനത്തിന് പിന്നാലെ രാജ്‍കുമാറിന്‍റെ മരണത്തില്‍ കമ്മീഷന്‍ തുടര്‍നടപടികള്‍ സ്വീകരിക്കും.

നേരത്തേ രാജ്‍കുമാറിന്‍റെ പോസ്റ്റ്മോർട്ടം റിപ്പോർട്ട്, ഇൻക്വസ്റ്റ്‌ , മജിസ്റ്റീരിയൽ എൻക്വയറി റിപ്പോർട്ട് എന്നിവ ഹാജരാക്കാന്‍ ജയില്‍ ഡിജിപിക്ക് ചെയര്‍മാന്‍ നിര്‍ദ്ദേശം നല്‍കിയിരുന്നു. ക്രൈംകേസുകളിൽ പ്രതികളായ പോലീസ്  ഉദ്യോഗസ്ഥർക്കെതിരെ നേരത്തെ നടപടി എടുത്തിരുന്നെങ്കിൽ ഇത്തരം നിർഭാഗ്യസംഭവങ്ങൾ ഉണ്ടാകില്ലെന്നായിരുന്നു മുന്‍പ് ചെയര്‍മാന്‍റെ പ്രതികരണം.