Asianet News MalayalamAsianet News Malayalam

'ജീവിക്കുന്നു ഞങ്ങളിലൂടെ', എങ്ങനെ മറക്കും പ്രിയ സഖാവേ..! കോടിയേരി ഉറങ്ങുന്ന മണ്ണിലേക്ക് ഒഴുകിയെത്തി ജനങ്ങള്‍

ഇന്ന് വൈകിട്ടും സിപിഎം പ്രവർത്തകരും നാട്ടുകാരും കോടിയേരി ഉറങ്ങുന്ന മണ്ണിലേക്ക് എത്തുന്ന കാഴ്ചയായിരുന്നു പയ്യാമ്പലത്ത്. നിരവധി പേർ കോടിയേരിയിലെ വീട്ടിലും എത്തുന്നുണ്ട്

hundreds of people comes to payyambalam to tribute late cpim leader kodiyeri balakrishnan
Author
First Published Oct 4, 2022, 7:15 PM IST

കണ്ണൂര്‍: അന്തരിച്ച സിപിഎം നേതാവ് കോടിയേരി ബാലകൃഷ്ണന്റെ സംസ്കാരം നടന്ന പയ്യാമ്പലത്തേക്ക് ജനപ്രവാഹം. ഇന്ന് വൈകിട്ടും സിപിഎം പ്രവർത്തകരും നാട്ടുകാരും കോടിയേരി ഉറങ്ങുന്ന മണ്ണിലേക്ക് എത്തുന്ന കാഴ്ചയായിരുന്നു പയ്യാമ്പലത്ത്. നിരവധി പേർ കോടിയേരിയിലെ വീട്ടിലും എത്തുന്നുണ്ട്. സംസ്ഥാന സമ്മേളനമായതിനാൽ ചടങ്ങിൽ പങ്കെടുക്കാൻ കഴിയാതെ പോയ സിപി ഐ മന്ത്രിമാർ ഇന്നാണ് കോടിയേരിയുടെ വീട്ടിലെത്തി ബന്ധുക്കളെ കണ്ടത്.

പ്രിയ നേതാവിന്‍റെ സംസ്കാര ചടങ്ങിൽ പങ്കെടുക്കാൻ സംസ്ഥാനത്തിന്‍റെ  വിവിധ ഭാഗങ്ങളിൽ നിന്നാണ് പ്രവർത്തകർ പയ്യാമ്പത്ത് എത്തിയത്. സംസ്കാര സമയത്ത് പയ്യാമ്പലത്തെ സ്ഥല പരിമിതി കാരണം പൊലീസ് പ്രവർത്തകർക്ക് ഇന്നലെ  നിയന്ത്രണം ഏർപ്പെടുത്തിയിരുന്നു. സംസ്കാര സമയത്ത് ഏർപ്പെടുത്തിയ നിയന്ത്രണം രാത്രിയോടെ നീക്കുകയും ചെയ്തിരുന്നു. ചിതയുടെ പരിസരത്തേയ്ക്ക് ആളുകളെ കടത്തി വിട്ടതോടെയാണ് പ്രദേശത്തേക്ക് ജനങ്ങള്‍ എത്തി തുടങ്ങിയത്.

പ്രിയ നേതാവിന് അന്തിമോപചാരം അർപ്പിക്കാൻ കഴിയാതിരുന്നവരാണ് രാവിലെ മുതൽ പയ്യാമ്പലത്തും വീട്ടിലും എത്തുന്നത്. കോടിയേരി ബാലകൃഷ്ണന് ഇന്നലെ വികാര നിര്‍ഭരമായ യാത്രയയപ്പാണ് കേരളം നല്‍കിയത്. സംസ്ഥാനത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ നിന്നായി ആയിരക്കണക്കിന് പേര്‍ പ്രിയ സഖാവിനെ അവസാനമായി ഒരുനോക്ക് കാണാന്‍ കണ്ണൂരിലേക്കെത്തി. പൂര്‍ണ്ണ ബഹുമതികളോടെയായിരുന്നു പയ്യാമ്പലത്ത് മൃതദേഹം സംസ്‍കരിച്ചത്. ഇ കെ നായനാരുടെയും ചടയൻ ഗോവിന്ദന്‍റെയും സ്മൃതി കുടീരങ്ങള്‍ക്ക് നടുവിലാണ് കോടിയേരിക്ക് ചിതയൊരുങ്ങിയത്.

മക്കളായ ബിനീഷും ബിനോയിയും ചേര്‍ന്നാണ് ചിതയ്ക്ക് തീ കൊളുത്തിയത്. കുടുംബാഗങ്ങൾക്കും 12 നേതാക്കൾക്കും മാത്രമാണ് പയ്യാമ്പലത്ത് സംസ്‍ക്കാരം നടക്കുന്ന സ്ഥലത്തേക്ക് പ്രവേശനമുണ്ടായിരുന്നത്. എന്നാല്‍ ചിതയെരിയും മുമ്പേ നിരവധി പ്രവർത്തകർ നിയന്ത്രണങ്ങൾ മറികടന്ന്  സംസ്കാര ചടങ്ങുകൾക്ക് സാക്ഷികളാകാനെത്തിയിരുന്നു. പ്രവര്‍ത്തകരുടെ മുദ്രാവാക്യം വിളികളാല്‍ പയ്യാമ്പലം കടപ്പുറം മുഖരിതമായിരുന്നു. കോടിയേരി ബാലകൃഷ്ണന്റെ സംസ്കാര ചടങ്ങിന് ശേഷം നടന്ന അനുശോചന യോഗത്തിൽ പ്രസംഗം പൂർത്തിയാക്കാതെ പാതിയിൽ നിർത്തി മുഖ്യമന്ത്രി പിണറായി വിജയൻ വിതുമ്പുന്ന കാഴ്ച കേരളത്തെയാകെ കണ്ണീരണിയിച്ചു.

'ഏത് നേതാവിന്റെയും വിയോഗം കൂട്ടായ പരിശ്രമത്തിലൂടെ പരിഹരിക്കാറാണ് പതിവ്. എന്നാൽ ഇത് പെട്ടെന്ന് പരിഹരിക്കാനാവുന്ന വിയോഗമല്ല. പക്ഷെ ഞങ്ങളത് കൂട്ടായ പ്രവർത്തനത്തിലൂടെ നികത്താനാണ് ശ്രമിക്കുക. ഞാൻ നേരത്തെ പറഞ്ഞതുപോലെ....... അവസാനിപ്പിക്കുന്നു,'- മുഖ്യമന്ത്രി പ്രസംഗം നിർത്തി. പിന്നീട് ഇരിപ്പിടത്തിലേക്ക് മടങ്ങിയ മുഖ്യമന്ത്രി പിണറായി വിജയൻ, കോടിയേരി ബാലകൃഷ്ണന്റെ ഓർമ്മകളിൽ വിതുമ്പിക്കരയുകയായിരുന്നു. 

നെഞ്ച് നീറി ഒപ്പം നടന്ന് പിണറായി; ഹൃദയം തൊട്ട പ്രിയ സഖാവിനെ തോളിലേറ്റി, ചെമ്മണ്ണ് കണ്ണീരില്‍ കുതിര്‍ന്നു

Follow Us:
Download App:
  • android
  • ios