കണ്ണൂർ: ബെംഗലൂരുവിൽ ഭാര്യ ഓട്ടോറിക്ഷയിൽ പ്രസവിക്കുമ്പോൾ നാട്ടിൽ നിസഹായനായിപ്പോയെന്ന് ഭർത്താവ് ജംഷീർ. ലോക്ക് ഡൗണിൽ കുടുങ്ങിയതിനാൽ കണ്ണൂർ പഴയങ്ങാടിയിലെ വീട്ടിൽ നിന്നും ഇറങ്ങാനായില്ല. സഹായിക്കാനായി ഒരുപാടുപേരെ വിളിച്ചിരുന്നതായും ജംഷീർ ഏഷ്യാനെറ്റ് ന്യൂസിനനോട് പറഞ്ഞു.

കൊവിഡിൻ്റെ പേരിൽ അഞ്ച് ആശുപത്രികൾ പ്രവേശനം നിഷേധിച്ചതിനെ തുടർന്നാണ് മലയാളി യുവതി അർധരാത്രിയിൽ ഓട്ടോറിക്ഷയിൽ വച്ച് പ്രസവിച്ചത്.  പ്രസവവേദന അനുഭവപ്പെട്ടതോടെയാണ് പൂർണഗർഭിണിയായ യുവതി ഓട്ടോറിക്ഷ വിളിച്ച് ആശുപത്രിയിലേക്ക് പോയത്. എന്നാൽ കൊവിഡ് കാരണം പുതിയ രോഗികളെ എടുക്കില്ല എന്നായിരുന്നു ആദ്യമെത്തിയ ആശുപത്രിയിൽ നിന്നുള്ള മറുപടി. ഇതോടെ മറ്റൊരു ആശുപത്രിയിലേക്ക് പോയെങ്കിലും അവിടേയും അഡ്മിഷൻ നൽകാൻ തയ്യാറായില്ല.

തുടർന്ന് ഓട്ടോറിക്ഷയിൽ തന്നെ മൂന്ന് ആശുപത്രികളിലേക്ക് കൂടി യുവതി പോയെങ്കിലും എവിടെയും അവരെ പ്രവേശിപ്പിച്ചില്ല. ഒടുവിൽ അർധരാത്രിയോടെ സിദ്ധപ്പുര റോഡരികിൽ ഓട്ടോറിക്ഷയിൽ വച്ചു യുവതി കുഞ്ഞിനെ പ്രസവിക്കുകയായിരുന്നു.

ഭാര്യ അയച്ചു കൊടുത്ത കുഞ്ഞിന്‍റെ ഫോട്ടോ കണ്ടപ്പോൾ മാത്രമാണ് ജംഷീറിന് ശ്വാസം നേരെ വീണത്. പ്രസവ ശേഷം ഭാര്യയെ ആശുപത്രിയിൽ എത്തിക്കാൻ സഹായിച്ച കെഎംസിസി പ്രവർത്തകരോട് തീർത്താൽ തീരാത്ത നന്ദിയുണ്ടെന്നും ജംഷീർ  പറഞ്ഞു.