ഓട് മേഞ്ഞ സ്കൂൾ കെട്ടിടമാണ് അപകടാവസ്ഥയിലുള്ളതെന്നും അടിയന്തരമായി പൊളിക്കണം എന്നുമാണ് എൻജിനീയറിങ് വിഭാഗം ഇന്നലെ റിപ്പോർട്ട് നൽകിയത്

തിരുനെല്ലി: വയനാട് തിരുനെല്ലിയിലെ ബഡ്സ് പാരഡൈസ് സ്പെഷ്യൽ സ്കൂളിൽ അപകടാവസ്ഥയിലായിരുന്ന കെ‌ട്ടിടത്തോ‌ട് ചേർന്നുള്ള ഹട്ടുകൾ പൊളിച്ചുനീക്കാൻ തുടങ്ങി. മണ്ണ് കൊണ്ട് നിർമിച്ച ഹട്ടുകളാണ് പൊളിക്കുന്നത്. സ്കൂളിലെ കെ‌ട്ടി‌ടം ​ഗുരുതരാവസ്ഥയിലാണെന്ന് പഞ്ചായത്ത് എഞ്ചിനീയറിങ് വിഭാഗം റിപ്പോർട്ട് നൽകിയിരുന്നു.

ഓട് മേഞ്ഞ സ്കൂൾ കെട്ടിടമാണ് അപകടാവസ്ഥയിലുള്ളതെന്നും അടിയന്തരമായി പൊളിക്കണം എന്നുമാണ് എൻജിനീയറിങ് വിഭാഗം ഇന്നലെ റിപ്പോർട്ട് നൽകിയത്. എന്നാൽ, പൊളിച്ചു നീക്കുന്നത് കെ‌ട്ടിടത്തോട് ചേർന്നുള്ള ഹട്ടുകളാണ്. മണ്ണുമാന്തി യന്ത്രങ്ങൾ ഉപയോഗിച്ചാണ് ഹട്ടുകൾ പൊളിച്ചു നീക്കുന്നത്.

അതേസമയം, കെട്ടിടം പൊതു വിദ്യാഭ്യാസ വകുപ്പിൻ്റെതാണെന്നാണ് പഞ്ചായത്ത് അധികൃതർ പറയുന്നത്. മാനസിക ശാരീരിക വെല്ലുവിളി നേരിടുന്ന കുട്ടികള്‍ പഠിക്കുന്ന സ്കൂളില്‍ അപകടാവസ്ഥയില്‍ കെട്ടിടം നില്‍ക്കുന്നത് ഏഷ്യാനെറ്റ് ന്യൂസാണ് കഴിഞ്ഞ ദിവസം റിപ്പോർട്ട് ചെയ്തിരുന്നത്. ഇതിന് പിന്നാലെയാണ് അധികൃതർ പരിശോധന നടത്തിയത്.

സ്കൂള്‍ കെട്ടിടം അടിയന്തരമായി പൊളിച്ച് നീക്കാൻ തിരുനെല്ലി പഞ്ചായത്തിനോട് ഉദ്യോഗസ്ഥർ ആവശ്യപ്പെടുകയും ചെയ്തിരുന്നു. വെല്ലുവിളി നേരിടുന്ന കുട്ടികള്‍ പഠിക്കുന്ന ക്ലാസ്മുറികളുടെ തൊട്ട് ചേർന്നുള്ള കെട്ടിടമാണ് അപകടാവസ്ഥയില്‍ നിന്നിരുന്നത്. സിപിഎം ഭരിക്കുന്ന തിരുനെല്ലി പഞ്ചായത്തിനാണ് ബഡ്സ് പാരഡൈസ് സ്കൂളിന്‍റെ നടത്തിപ്പ്.