പാലാരിവട്ടം അഴിമതിക്കേസിൽ നേരത്തെ ഇബ്രാഹിം കുഞ്ഞിനെ വിജിലൻസ് സംഘം ചോദ്യ ചെയ്തിരുന്നു. കേസിന്റെ  പ്രാഥമിക അന്വേഷണത്തിന്‍റെ ഭാഗമായിട്ടായിരുന്നു ചോദ്യം ചെയ്യൽ. 

കൊച്ചി: പാലാരിവട്ടം പാലം അഴിമതിക്കേസിൽ രാഷ്ട്രീയ നേതൃത്വത്തിന്റെ പങ്ക് വിജിലൻസ് അന്വേഷിക്കട്ടെയെന്ന് മുന്‍ പൊതുമരാമത്ത് മന്ത്രി വി കെ ഇബ്രാഹിം കുഞ്ഞ്. വിഷയത്തിൽ ഏത് അന്വേഷണത്തെയും സ്വാ​ഗതം ചെയ്യുന്നുവെന്നും വിജിലൻസ് കോടതിയിൽ രാഷ്ട്രീയ നേതാക്കളുടെ ആരുടെയും പേര് ഇതുവരെ പറഞ്ഞിട്ടില്ലെന്നും ഇബ്രാഹിം കുഞ്ഞ് പറഞ്ഞു.

പാലാരിവട്ടം അഴിമതിക്കേസിൽ നേരത്തെ ഇബ്രാഹിം കുഞ്ഞിനെ വിജിലൻസ് സംഘം ചോദ്യ ചെയ്തിരുന്നു. കേസിന്റെ പ്രാഥമിക അന്വേഷണത്തിന്‍റെ ഭാഗമായിട്ടായിരുന്നു ചോദ്യം ചെയ്യൽ. സത്യസന്ധമായി മൊഴി നല്‍കിയിട്ടുണ്ടെന്ന് ചോദ്യം ചെയ്യലിന് ശേഷം ഇബ്രാഹിം കുഞ്ഞ് പ്രതികരിച്ചിരുന്നു.

കഴിഞ്ഞ യുഡിഎഫ് സര്‍ക്കാരിന്‍റെ കാലത്ത്, ദേശീയ പാത വിഭാഗത്തെ ഒഴിവാക്കിയാണ് റോഡ്സ് ആന്‍റ് ബ്രി‍ഡ്ജസ് ഡെവലപ്മെന്‍റ് കോര്‍പറേഷന് പാലത്തിന്‍റെ നിര്‍മ്മാണ ചുമതല നല്‍കിയത്. അഴിമതിക്ക് കളമൊരുക്കാനാണ് ഇത്തരം ഒരു തീരുമാനം എടുത്തതെന്ന് ആരോപണം ഉയര്‍ന്നിരുന്നു. ഇത് സംബന്ധിച്ച വിശദാംശങ്ങളായിരുന്നു വിജിലന്‍സ് സംഘം ചോദിച്ചറിഞ്ഞത്.

Read Also:പാലാരിവട്ടം മേല്‍പ്പാലം അഴിമതിക്കേസ്; മുൻ മന്ത്രി ഇബ്രാഹിം കുഞ്ഞിനെ വിജിലൻസ് ചോദ്യം ചെയ്തു

അതേസമയം, പാലാരിവട്ടം പാലം പൂർണ്ണമായും പുതുക്കി പണിയാൻ സർക്കാർ തീരുമാനിച്ചതായി മുഖ്യമന്ത്രി മന്ത്രി പിണറായി വിജയൻ അറിയിച്ചു. പാലത്തിന്‍റെ ബലക്ഷയത്തെ കുറിച്ച് വിശദമായി പഠിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കാൻ ചെന്നൈ ഐഐടിയെ ചുമതലപ്പെടുത്തിയിരുന്നതായും അവര്‍ തയ്യാറാക്കിയ വിശദമായ റിപ്പോര്‍ട്ട് സര്‍ക്കാരിന് കിട്ടിയിട്ടുണ്ടെന്നും പിണറായി വിജയൻ വ്യക്തമാക്കി.

സമയബന്ധിതമായി പാലം പണി പൂര്‍ത്തിയാക്കാൻ ഇ ശ്രീധരനെ തന്നെ ചുമതലപ്പെടുത്തിയതായും ഒക്ടോബറിൽ പണി തുടങ്ങാനാണ് ഉദ്ദേശിക്കുന്നതെന്നും പിണറായി വിജയൻ പറഞ്ഞു. 

Read More:പാലാരിവട്ടം പാലം പൊളിച്ച് പണിയും : ഇ ശ്രീധരനെ ഏൽപ്പിച്ചെന്ന് പിണറായി വിജയൻ