Asianet News MalayalamAsianet News Malayalam

Idukki Dam : ഷട്ടറില്ലാത്ത ഇടുക്കി ഡാം തുറക്കുമ്പോള്‍; 'ഓരോ തവണയും പുതിയ ചരിത്രം', ഓര്‍മ്മിപ്പിച്ച് മന്ത്രി

ഓരോ തവണ തുറക്കുമ്പോഴും അത് ചരിത്രമാണെന്ന് മന്ത്രി പറഞ്ഞു. വർഷങ്ങൾ കൂടുമ്പോഴാണ് ഡാം തുറക്കേണ്ട അവസ്ഥ ഉണ്ടാവാറുള്ളത്. എന്നാൽ കഴിഞ്ഞു കുറച്ചു വർഷങ്ങളായി ഡാം ചെറിയ കാലയളവിൽ തുറന്നു.

idukki dam opening history from 1981 to 2022
Author
Idukki, First Published Aug 7, 2022, 7:03 PM IST

ഇടുക്കി: കനത്ത മഴയെ തുടര്‍ന്ന് ഇടുക്കി ഡാം തുറന്ന സാഹചര്യത്തില്‍ ചരിത്രം ഓര്‍മ്മിപ്പിച്ച് മന്ത്രി കെ കൃഷ്ണന്‍കുട്ടി. ജില്ലയിലെ മറ്റു ഡാമുകളെ പോലെയല്ല ഇടുക്കി ഡാം. ഓരോ തവണ തുറക്കുമ്പോഴും അത് ചരിത്രമാണെന്ന് മന്ത്രി പറഞ്ഞു. വർഷങ്ങൾ കൂടുമ്പോഴാണ് ഡാം തുറക്കേണ്ട അവസ്ഥ ഉണ്ടാവാറുള്ളത്. എന്നാൽ കഴിഞ്ഞു കുറച്ചു വർഷങ്ങളായി ഡാം ചെറിയ കാലയളവിൽ തുറന്നു. 1981 ൽ രണ്ട് വട്ടം ഡാം തുറന്നിരുന്നു. 32.88 മില്യൺ ക്യൂബിക് മീറ്റർ ജലമാണ് അന്ന് ഒഴുക്കി വിട്ടത്.

ഒക്ടോബർ 29 മുതൽ നവംബർ 5 വരെ  23.42 മില്യൺ ക്യൂബിക് മീറ്റർ ജലവും, നവംബർ 10  മുതൽ 14 വരെ  9.46 മില്യൺ ക്യൂബിക് മീറ്റർ ജലവുമാണ് തുറന്നു വിട്ടത്. 11 വർഷങ്ങൾക്ക് ശേഷം 1992 ലാണ്  പിന്നെ ഡാം തുറന്നത്. അന്ന്  78.57 മില്യൺ ക്യൂബിക് മീറ്റർ ജലമാണ് തുറന്നു വിട്ടത്. ഒക്ടോബർ 12 മുതൽ 16  വരെ  26.16 മില്യൺ ക്യൂബിക് മീറ്റർ ജലവും നവംബർ 16 മുതൽ 23 വരെ  52.41 മില്യൺ ക്യൂബിക് മീറ്റർ ജലവുമാണ് തുറന്നു വിട്ടത്. 26 വർഷങ്ങൾക്ക് ശേഷം 2018ലെ പ്രളയത്തിനാണ് പിന്നീട് ഡാം തുറക്കുന്നത്.

അതൊരു ചരിത്രമായിരുന്നു. റെക്കോർഡ് വെള്ളമാണ് അന്ന് ഡാമിൽ നിന്ന് തുറന്നു വിട്ടത്.  1068.32 മില്യൺ ക്യൂബിക് മീറ്റർ ജലമാണ് അന്ന് തുറന്നത്. ഓഗസ്റ്റ് 10 മുതൽ സെപ്റ്റംബർ 8 വരെ  1063.23 മില്യൺ ക്യൂബിക് മീറ്റർ ജലവും ഒക്ടോബർ 7 മുതൽ 9 വരെ 5.09 മില്യൺ ക്യൂബിക് മീറ്റർ ജലവുമാണ് തുറന്നത്. 2021 ൽ ഡാം തുറന്നത് ഏറെ ചർച്ചചെയ്യപ്പെട്ടിരുന്നു. അടുപ്പിച്ചു മൂന്ന് മാസത്തിനുള്ളിൽ നാല് തവണയാണ് അന്ന് ഡാം തുറന്നത്.

ഇടുക്കി ഡാമിന്‍റെ മൂന്ന് ഷട്ടറുകള്‍ തുറന്നു; തുറന്നു വിടുന്നത് സെക്കന്റിൽ ഒരു ലക്ഷം ലിറ്റർ വെള്ളം

ഒക്ടോബർ 19 മുതൽ ഒക്ടോബർ 27 വരെ  46.29 മില്യൺ ക്യൂബിക് മീറ്റർ ജലവും,  നവംബർ 14 മുതൽ  16 വരെ  8.62 മില്യൺ ക്യൂബിക് മീറ്റർ ജലവും നവംബർ 18 മുതൽ 20 വരെ 11.19 മില്യൺ ക്യൂബിക് മീറ്റർ ജലവും, ഡിസംബർ 7 മുതൽ 9 വരെ  8.98 മില്യൺ ക്യൂബിക് മീറ്റർ ജലവുമാണ് അന്ന് തുറന്നു വിട്ടത്. ഇടുക്കി ജില്ലയിൽ കഴിഞ്ഞ കുറച്ചു ദിവസങ്ങളായി പെയ്യുന്ന കനത്ത മഴയെ തുടർന്നും മുൻ കരുതൽ എടുക്കുന്നതിന്റെ ഭാഗമായുമാണ് ഇന്ന് ഡാം തുറന്നത്.  ഇടുക്കി ഡാമിന്റെ ഷട്ടർ തുറക്കുന്നു എന്നു പറയുമ്പോളും സത്യം മറ്റൊന്നാണ്. ഇടുക്കി ഡാമിനു ഷട്ടറുകളില്ല.

ചെറുതോണി, കുളമാവ് അണക്കെട്ടുകൾ ഇടുക്കി ആർച്ചു ഡാം എന്നിവ ചേർന്നതാണ് ഇടുക്കി ജലവൈദ്യുത പദ്ധതി. ഇവിടെ വെള്ളം നിറയുമ്പോൾ ചെറുതോണി ഡാമിന്റെ ഷട്ടറുകളാണ് തുറക്കുന്നത്. ഭൂകമ്പത്തെ ചെറുക്കുന്നതിനായുള്ള പ്രത്യേക സാങ്കേതിക വിദ്യകൾ, ഉപയോഗിച്ചാണ് പെരിയാറിനു കുറുകെ ഇത് നിർമ്മിച്ചിരിക്കുന്നതെന്നും മന്ത്രി ഫേസ്ബുക്കില്‍ കുറിച്ചു. അതേസമയം, ഇടുക്കി ഡാമിന്‍റെ മൂന്ന് ഷട്ടറുകളാണ് നിലവില്‍ തുറന്നിട്ടുള്ളത്. 100 ക്യൂ മെക്സ്  ജലം പുറത്തേക്ക് ഒഴുക്കി. തുറന്നു വിടുന്ന വെള്ളത്തിന്റെ അളവ് സെക്കന്റിൽ ഒരു ലക്ഷം ലിറ്റർ ആണ്. അധികമായി തുറന്നുവിട്ട ജലം ചെറുതോണിയിലെത്തി.

റെഡ് അലേർട്ട് പ്രഖ്യാപിച്ചതിന് പിന്നാലെയാണ് ഇടുക്കി ഡാമിന്‍റെ ഷട്ടറുകള്‍ പല ഘട്ടങ്ങളായി തുറന്നത്. ചട്ടപ്രകാരം മൂന്ന് തവണ സൈറണ് മുഴക്കിയ ശേഷം രാവിലെ പത്ത് മണിയോടെ ഡാം തുറന്നു.   ഡാം തുറന്നെങ്കിലും പെരിയാർ തീരത്തുള്ളവരുടെ വീടുകളിലേക്കൊന്നും വെള്ളം കയറില്ലെന്നാണ് ജില്ലാ ഭരണകൂടത്തിന്‍റെ വിലയിരുത്തൽ. മുൻകരുതലായി 79 കുടുംബങ്ങൾക്ക് നോട്ടീസ് നൽകിയിട്ടുണ്ട്. ക്യാമ്പ് തുടങ്ങാൻ 23 സ്ഥലങ്ങളും കണ്ടെത്തി. ഇടുക്കി, കഞ്ഞിക്കുഴി, തങ്കമണി, വാത്തിക്കുടി, ഉപ്പുതോട് വില്ലേജുകളിൽ അനൗൺസ്മെൻറും നടത്തി. 

ബാണാസുരസാഗർ അണക്കെട്ട് നാളെ തുറക്കും; സെക്കന്‍റില്‍ 8.50 ക്യുബിക് മീറ്റർ വെളളം പുറത്തേക്ക് ഒഴുകും

Follow Us:
Download App:
  • android
  • ios