Asianet News MalayalamAsianet News Malayalam

'വസ്ത്രങ്ങളില്ല, ശരീരം പ്ലാസ്റ്റിക്കിൽ പൊതിഞ്ഞു, കുഴിയിൽ മുളക് വിതറി'; സിന്ധുവിന്റെ മൃതദേഹം ഒളിപ്പിച്ചതിങ്ങനെ

വസ്ത്രം പൂർണമായും മാറ്റിയിട്ടുണ്ട്. മൃതദേഹം കാണാതായ സിന്ധുവിന്റെ തന്നെയാണെന്ന് ബന്ധുക്കൾ തിരിച്ചറിഞ്ഞു

idukki sindhu murder case dead body identified
Author
Idukki, First Published Sep 4, 2021, 10:43 AM IST

ഇടുക്കി: പണിക്കൻകുടിയിൽ വീട്ടമ്മയുടെ മൃതദേഹം അടുക്കളയിൽ കുഴിച്ചുമൂടിയ അയൽവാസി മൃതദേഹം ഒളിപ്പിക്കാൻ ചെയ്തത് വൻ ശ്രമങ്ങൾ. മൃതദേഹം പ്ലാസ്റ്റിക് കൊണ്ട് പൊതിഞ്ഞ ശേഷമാണ് അടുക്കളയിൽ കുഴിച്ചുമൂടിയത്. അന്വേഷണമുണ്ടായാൽ പൊലീസ് നായ മണം പിടിച്ചെത്താതിരിക്കാൻ കുഴിയിലാകെ മുളക് പൊടി വിതറി. വസ്ത്രം പൂർണമായും മാറ്റിയിട്ടുണ്ട്. മൃതദേഹം ഇന്ന് രാവിലെ പുറത്തെടുത്തു. കാണാതായ സിന്ധുവിന്റേത് തന്നെയാണെന്ന് ബന്ധുക്കൾ തിരിച്ചറിഞ്ഞിട്ടുണ്ട്. ഇൻക്വസ്റ്റ് പൂർത്തിയായ ശേഷം പോസ്റ്റുമോർട്ടത്തിനായി കോട്ടയം മെഡിക്കൽ കോളേജിലേക്ക് കൊണ്ടുപോകും. 

അതിനിടെ കേസ് അന്വേഷണത്തിൽ പൊലീസിൻ്റെ ഭാഗത്ത് വലിയ വീഴ്ച്ചയുണ്ടായെന്ന് ആരോപിച്ച്  സിന്ധുവിന്റെ  കുടുംബം രംഗത്തെത്തി. സിന്ധുവിനെ ബിനോയ് കൊല്ലപ്പെടുത്തി കുഴിച്ചിട്ടതാകാമെന്ന തരത്തിലുള്ള മകൻ്റെ മൊഴിയുണ്ടായിട്ടും പൊലീസ് അത് ഗൗരവമായെടുത്തില്ലെന്ന് ബന്ധുക്കൾ ആരോപിച്ചു. മൃതദേഹം കണ്ടെത്തിയ അടുകളയിലെ തറയിലെ മണ്ണ് മാറ്റിയെന്ന് മൊഴിയുണ്ടായിട്ടും അന്വേഷിച്ചില്ല. ആഗസ്റ്റ് 16ന് മാത്രമാണ് ബിനോയി ഒളിവിൽ പോയതെന്നും ബന്ധുക്കൾ പറഞ്ഞു. 

ബിനോയ് എവിടെ? അയൽക്കാരിയെ കൊന്നതെന്തിന്? അകൽച്ചയിലായിരുന്ന ഭ‍ർത്താവിനെ കാണാൻ പോയ ശേഷം സിന്ധുവിന് സംഭവിച്ചത്

 

ഇന്നലെയാണ് ഇടുക്കി പണിക്കൻകുടിയിൽ നിന്ന് മൂന്നാഴ്ച മുമ്പ് കാണാതായ വീട്ടമ്മ സിന്ധുവിന്റെ മൃതദേഹം അയൽവാസിയുടെ അടുക്കളയിൽ കുഴിച്ചുമൂടിയ നിലയിൽ കണ്ടെത്തിയത്. അയൽവാസി ബിനോയ് ഒളിവിലാണ്. ഭര്‍ത്താവുമായി പിണങ്ങി കാമാക്ഷി സ്വദേശിയായ സിന്ധു കഴിഞ്ഞ ആറ് കൊല്ലമായി പണിക്കൻകുടിയിൽ വാടയ്ക്ക് താമസിക്കുകയായിരുന്നു. ഈ വീടെടുത്ത് നൽകിയത് ബിനോയ് ആയിരുന്നു. ഇരുവരും അടുപ്പത്തിലായിരുന്നുവെന്നാണ് നാട്ടുകാർ പറയുന്നത്.

കഴിഞ്ഞ 12ന് ചികിത്സയിൽ കഴിയുന്ന ഭര്‍ത്താവിനെ കാണാൻ പോയെന്ന പേരിൽ സിന്ധുവും ബിനോയും തമ്മിൽ തര്‍ക്കമുണ്ടായെന്നും അന്ന് മുതൽ അമ്മയെ കാണാനില്ലെന്നുമായിരുന്നു ഇളയ മകൻ പൊലീസിന് നൽകിയ മൊഴി. ഇതിന്റെ അടിസ്ഥാനത്തിൽ പൊലീസ് അന്വേഷണം നടത്തി. ഡോഗ് സ്കോഡടക്കം സ്ഥലത്തെത്തി പല കുറി പരിശോധിച്ചെങ്കിലും തുമ്പൊന്നും കിട്ടിയില്ല. പിന്നീട് സിന്ധുവിന്റെ ബന്ധുക്കളായ ചെറുപ്പക്കാര്‍ ബിനോയിയുടെ വീട്ടിലെത്തി പരിശോധിച്ചപ്പോഴാണ് മൃതദേഹം കണ്ടെത്തുന്നത്. 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

Follow Us:
Download App:
  • android
  • ios