പിണറായിയെ പേടിച്ച് കേരള ജനതക്ക് വഴി നടക്കാൻ പറ്റാത്ത അവസ്ഥയെന്നും എഐസിസി ജനറല്‍ സെക്രട്ടറി കെസി വേണുഗോപാല്‍
കണ്ണൂര്‍: സംസ്ഥാന ധനമന്ത്രി കെ എന്‍ ബാലഗോപാലിനെ വെല്ലുവിളിച്ച് എഐസിസി ജനറല്‍ സെക്രട്ടറി കെസി വേണുഗോപാല്‍ രംഗത്ത്. ജിഎസ്ടി കുടിശ്ശിക സംബന്ധിച്ച് കേന്ദ്ര ധനമന്ത്രി നിര്‍മ്മല സീതാരാമന്‍ പാര്‍ലമെന്‍റില്‍ പറഞ്ഞത് തെറ്റാണെങ്കിൽ ബാലഗോപാൽ തെളിയിക്കണമെന്നും അങ്ങനെ തെളിയിച്ചാൽ കോൺഗ്രസ് കൂടെ നിൽക്കുമെന്നും അദ്ദേഹം പറഞ്ഞു. 2017 മുതൽ എ ജിയുടെ സർട്ടിഫിക്കേറ്റ് കേരളം ഹാജരാക്കിയിട്ടില്ലെന്നാണ് നിർമ്മല സീതാരാമൻ ഇന്നലെ പറഞ്ഞത്.
കണക്കുകൾ ഹാജരാക്കിയാൽ നഷ്ടപരിഹാര കുടിശ്ശിക ഉടൻ നൽകും. കേന്ദ്രത്തെ കുറ്റപ്പെടുത്തരുത്. അടുത്ത മാസത്തെ നികുതി വിഹിതം കൂടി സംസ്ഥാനങ്ങൾക്ക് മുൻകൂറായി നൽകിയിട്ടുണ്ടെന്നും അതിൻ്റെ വിഹിതം കേരളത്തിനും കിട്ടുമെന്നും ധനമന്ത്രി വ്യക്തമാക്കിയിരുന്നു. കൊല്ലം എംപി എൻ കെ പ്രേമചന്ദ്രൻ ലോക്സഭയിൽ ഇത് സംബന്ധിച്ച വിഷയം ചൂണ്ടിക്കാട്ടിയപ്പോഴായിരുന്നു ധനമന്ത്രിയുടെ മറുപടി. ഇത് വലിയ രാഷ്ട്രീയ വിവാദത്തിന് വഴി വച്ച സാഹചര്യത്തിലാണ് കെസി വേണുഗോപാലിന്‍റെ പ്രതികരണം.
പാർലമെന്‍റില്‍ അദാനി-മോദി ബന്ധത്തെക്കുറിച്ച് ചോദ്യം ചോദിക്കുന്നത് തെറ്റല്ലെന്നും കെസി വേണുഗോപാല്‍ പറഞ്ഞു. മോദി-അദാനി ബന്ധം എല്ലാവർക്കും വ്യക്തമാണ്. പിണറായിയെ പേടിച്ച് കേരള ജനതയ്ക്ക് വഴി നടക്കാൻ പറ്റാത്ത അവസ്ഥയാണ്. കെ സുധാകരനെ മാറ്റാൻ എം പി മാർ ഹൈക്കമാൻഡിന് കത്ത് നൽകി എന്ന വാർത്ത അടിസ്ഥാന രഹിതമാണെന്നും അദ്ദേഹം വ്യക്തമാക്കി,
ഐജിഎസ്ടിയിൽ കേരളത്തിന് നഷ്ടമെത്ര, ബാലഗോപാൽ തെറ്റിദ്ധാരണ പരത്തുകയാണ്; വിമർശനവുമായി പ്രേമചന്ദ്രൻ
ജിഎസ്ടി കുടിശിക: കേരളവും കേന്ദ്രവും തമ്മിൽ തർക്കമില്ല, പ്രേമചന്ദ്രനെ വിമർശിച്ച് ധനമന്ത്രി ബാലഗോപാൽ
