പാലക്കാട് മെഡിക്കൽ കോളേജിന്റെ വികസനത്തിലെ കെടുകാര്യസ്ഥത ആരോപിച്ച് രമേഷ് പിഷാരടി എംഎൽഎ നിയമസഭയിൽ സബ്മിഷൻ ഉന്നയിച്ചു. എന്നാൽ, കഴിഞ്ഞ സർക്കാരുകളുടെ കാലത്തെ വികസന പ്രവർത്തനങ്ങളുടെ കണക്കുകൾ നിരത്തി പി പി സുമോദ് എംഎൽഎ ഈ ആരോപണങ്ങളെ പ്രതിരോധിച്ചു. ഇതോടെ സഭയിൽ ഭരണ-പ്രതിപക്ഷ അംഗങ്ങൾ തമ്മിൽ രൂക്ഷമായ വാദപ്രതിവാദം നടന്നു.
തിരുവനന്തപുരം: സംസ്ഥാനത്തെ ഏക പട്ടികജാതി-പട്ടികവർഗ്ഗ ക്ഷേമ വകുപ്പിന് കീഴിലുള്ള പാലക്കാട് മെഡിക്കൽ കോളേജിന്റെ വികസനവുമായി ബന്ധപ്പെട്ട് നിയമസഭയിൽ ഭരണ-പ്രതിപക്ഷ അംഗങ്ങൾ തമ്മിൽ രൂക്ഷമായ വാദപ്രതിവാദം. മെഡിക്കൽ കോളേജിന്‍റെ നിർമ്മാണ പ്രവർത്തനങ്ങളിലെ കെടുകാര്യസ്ഥത ചൂണ്ടിക്കാട്ടി പാലക്കാട് എംഎൽഎ രമേഷ് പിഷാരടി ഉന്നയിച്ച സബ്മിഷന്, കണക്കുകൾ നിരത്തയായിരുന്നു പി പി സുമോദ് എംഎൽഎയുടെ മറുപടി.
പട്ടികജാതി-പട്ടികവർഗ്ഗ പിന്നോക്ക വികസന വകുപ്പിന് കീഴിൽ 70 ശതമാനം തുക നീക്കിവെച്ച് അവരുടെ ഉന്നമനത്തിനായി നിർമ്മിച്ച ഇന്ത്യയിലെ ഏക മെഡിക്കൽ കോളേജാണ് പാലക്കാട്ടേതെന്ന് രമേഷ് പിഷാരടി ചൂണ്ടിക്കാട്ടി. എന്നാൽ കഴിഞ്ഞ 10 വർഷമായി തുടരുന്ന കെടുകാര്യസ്ഥത കാരണം മെഡിക്കൽ കോളേജിന്‍റെ പ്രവർത്തനം അവതാളത്തിലാണെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. "ഏഴു വർഷവും ഒൻപത് മാസവുമായിട്ടും ഹോസ്പിറ്റൽ ബ്ലോക്കിന്റെ പൂർത്തീകരണം സാധ്യമായിട്ടില്ല. അഡീഷണൽ വർക്കുകൾ, ബോയിലർ മെയിൻ ഫോൾഡിങ് ബിൽഡിങ്, മോർച്ചറി, സീവേജ് ആൻഡ് ഡ്രെയിനേജ് സംവിധാനങ്ങൾ, ഇലക്ട്രോണിക്സ്-ഇലക്ട്രിക്കൽ ജോലികൾ എന്നിവയെല്ലാം ഇപ്പോഴും പാതിവഴിയിലാണെന്ന് രമേഷ് പിഷാരടി ചൂണ്ടിക്കാട്ടി.
വിദ്യാർത്ഥികളുടെ ഹോസ്റ്റൽ സൗകര്യങ്ങൾ വലിയ പ്രതിസന്ധിയിലാണെന്നും കാഷ്വാലിറ്റി സൗകര്യങ്ങൾ പരിമിതമായതിനാൽ കുട്ടികൾക്ക് ആവശ്യമായ പ്രായോഗിക പരിശീലന ലഭിക്കുന്നില്ലെന്നും അദ്ദേഹം സഭയിൽ പറഞ്ഞു. പൂർണ്ണമായ അനാസ്ഥ മൂലം പാലക്കാട് മെഡിക്കൽ കോളേജ് ഇന്ന് വലിയ ദുരവസ്ഥയിലാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കണക്കുകൾ നിരത്തി മറുപടി
രമേഷ് പിഷാരടിയുടെ ആരോപണങ്ങൾ പൂർണ്ണമായും വസ്തുതാവിരുദ്ധമാണെന്ന് പി പി സുമോദ് എംഎൽഎ സഭയിൽ വാദിച്ചു. മെഡിക്കൽ കോളേജിന്‍റെ ചികിത്സാ സൗകര്യങ്ങളും നിർമ്മാണവും കാര്യക്ഷമമല്ലെന്ന വാദം തെറ്റായ പഠനത്തിന്‍റെ അടിസ്ഥാനത്തിലുള്ളതാണെന്ന് അദ്ദേഹം പറഞ്ഞു. യുഡിഎഫ്, എൽഡിഎഫ് സർക്കാരുകളുടെ കാലത്തെ വികസന ഫണ്ടുകൾ താരതമ്യം ചെയ്തായിരുന്നു സുമോദിന്‍റെ പ്രത്യാക്രമണം: 2011-2016 ഉമ്മൻചാണ്ടി സർക്കാരിന്‍റെ കാലത്ത് മെഡിക്കൽ കോളേജിനായി അനുവദിച്ചത് വെറും 57 കോടി രൂപ മാത്രമാണ്. എൽഡിഎഫ് ഭരിച്ച കഴിഞ്ഞ പത്ത് വർഷത്തിനിടയിൽ 755 കോടി രൂപയുടെ വൻ വികസന പ്രവർത്തനങ്ങളാണ് നടപ്പിലാക്കിയതെന്ന് സുമോദ് പറഞ്ഞു.
ഒന്നാം പിണറായി സർക്കാരിന്റെ കാലത്ത് പട്ടികജാതി വകുപ്പ് മന്ത്രിയായിരുന്ന എ കെ ബാലന്‍റെ ഇടപെടലുകളെക്കുറിച്ചും സുമോദ് അനുസ്മരിച്ചു. കേന്ദ്ര മെഡിക്കൽ കൗൺസിലിന്‍റെ അംഗീകാരം നഷ്ടപ്പെടുന്ന സാഹചര്യമുണ്ടായപ്പോൾ, അത് കൃത്യമായി ഇടപെട്ട് വീണ്ടെടുത്ത് കോളേജിനെ ശരിയായ ദിശയിലേക്ക് നയിച്ചത് എൽഡിഎഫ് സർക്കാരാണെന്ന് അദ്ദേഹം വ്യക്തമാക്കി. "കാര്യങ്ങൾ അവതരിപ്പിക്കുമ്പോൾ കൃത്യമായ പഠനം നടത്തണം. മുൻപ് പാലക്കാട് മണ്ഡലത്തെ പ്രതിനിധീകരിച്ച ഷാഫി പറമ്പിൽ ഉൾപ്പെടെയുള്ള എംഎൽഎമാരോട് ചോദിച്ചാൽ പാലക്കാട് മെഡിക്കൽ കോളേജിനെ എങ്ങനെയാണ് മുൻപോട്ട് കൊണ്ടുപോയതെന്ന് ബോധ്യപ്പെടുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.


