കഴിഞ്ഞ സർക്കാരിന്റെ കാലത്ത് കേരളഹൗസിലെ 38 താല്ക്കാലികക്കാരെ സ്ഥിരപ്പെടുത്തിയ യുഡിഎഫ് മന്ത്രിസഭയുടെ തീരുമാനമാണ് രേഖയുൾപ്പടെ ഇപ്പോൾ പുറത്ത് വന്നത്. ധനവകുപ്പിന്റെ എതിർപ്പ് മറികടന്ന് നടപടി.

തിരുവനന്തപുരം: ഇടതുസർക്കാരിന്റെ സ്ഥിരപ്പെടുത്തൽ നിയമനവിവാദം കൊഴുക്കുമ്പോൾ ഉമ്മൻ ചാണ്ടി സർക്കാരിന്റെ കാലത്ത് നടന്ന അനധികൃത നിയമനങ്ങളുടെ വിവരങ്ങളും പുറത്ത്. ദില്ലി കേരളഹൗസിൽ 38 താല്ക്കാലിക്കാരെ ചട്ടം മറികടന്ന് സ്ഥിരപ്പെടുത്തിയെന്ന രേഖയാണ് പുറത്ത് വന്നത്.

10 വ‌ർഷം പൂർത്തിയാക്കിയ താല്ക്കാലിക ജീവനക്കാരെ സ്ഥിരപ്പെടുത്താനുള്ള ഇടത് സ‍ർക്കാരിന്റെ തീരുമാനം വലിയ വിവാദമായിരിക്കുകയാണ്. ആക്ഷേപം ശക്തമാകുമ്പോഴാണ് കഴിഞ്ഞ സർക്കാരിന്റെ കാലത്തെ വിവരങ്ങൾ പുറത്ത് വിട്ട് പ്രതിരോധിക്കാനുളള സിപിഎം കേന്ദ്രങ്ങളുടെ നീക്കം. കഴിഞ്ഞ സർക്കാരിന്റെ കാലത്ത് കേരളഹൗസിലെ 38 താല്ക്കാലികക്കാരെ സ്ഥിരപ്പെടുത്തിയ യുഡിഎഫ് മന്ത്രിസഭയുടെ തീരുമാനമാണ് രേഖയുൾപ്പടെ ഇപ്പോൾ പുറത്ത് വന്നത്. തിരുവനന്തപുരം ഡിസിസിയുടേയും എൻജിഒ അസോസിയേഷന്റെ ശുപാർശകളിലായിരുന്നു തീരുമാനം. 

എൻ ശക്തൻ ആർ ശെൽവരാജ് എന്നിവരും ഇതിനായി ശുപാർശ നൽകി. രണ്ട് വർഷം കഴിഞ്ഞവരെപ്പോലും സ്ഥിരപ്പെടുത്താൻ ശുപാർശ നൽകിയിരുന്നു. 10 വർഷം പൂർത്തിയാക്കാത്തവരെ സ്ഥിരപ്പെടുത്തുരുതെന്ന് ധനവകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറി കെ എം ഏബ്രഹാമും പൊതുഭരണവകു്പ് സെക്രട്ടറി കെ ആർ ജ്യോതിലാലും നിലപാട് എടുത്തു. ഈ എതിർപ്പ് മറി കടന്നായിരുന്നു സ്ഥിരനിയമനം. ഉമ്മൻചാണ്ടി മന്ത്രിസഭ ഔട്ട് ഓഫ് അജണ്ടയായാണ് വിഷയം പരിഗണിച്ചത്.