കൊച്ചി: എറണാകുളം ഭൂതത്താൻകെട്ടിൽ വനഭൂമികളെ ബന്ധിച്ച് അനധികൃതമായി നിർമിച്ച ബണ്ട് ഇന്ന് പൂര്‍ണമായും പൊളിച്ചുനീക്കും. മണ്ണുമാന്തി യന്ത്രങ്ങൾ ഉപയോഗിച്ച് വൈകിട്ട് അഞ്ച് മണിക്കകം ബണ്ട് പൊളിച്ചു നീക്കാൻ പെരിയാ‍ർ വാലി കനാൽ അധികൃതർക്ക് ജില്ലാ കളക്ടർ നിർദേശം നൽകി.

വനത്തിനുളളിലെ പട്ടയഭൂമിയിലേക്ക് പോകുന്നതിന്, നേരത്തെയുണ്ടായിരുന്ന വിധമുളള നടപ്പാത മതിയെന്നാണ് ജില്ലാ ഭരണകൂടത്തിന്‍റെ നി‍ർദ്ദേശം. പ്രദേശത്ത് പൊലീസിനെ വിന്യസിക്കാനും ആവശ്യപ്പെട്ടിട്ടുണ്ട്. ഭൂതത്താൻകെട്ടിൽ പെരിയാർ വാലി കനാലിന് കുറുകെ വനഭൂമികളെ ബന്ധിച്ച് നിയമവിരുദ്ധമായി ബണ്ട് നിർമിച്ച സംഭവം കഴിഞ്ഞ ദിവസം ഏഷ്യാനെറ്റ് ന്യൂസാണ് പുറത്തുകൊണ്ടുവന്നത്. വാര്‍ത്ത പുറത്തുവന്നതോടെ ജില്ലാ കളക്ടർ അന്വേഷണം പ്രഖ്യാപിക്കുകയും ബണ്ട് പൊളിച്ചുനീക്കാന്‍ നി‍ർദ്ദേശിക്കുകയും ചെയ്തു.

സ്ഥല പരിശോധനയിൽ ബണ്ട് നിർമാണം അനധികൃതമെന്ന് ബോധ്യപ്പെട്ടതായി തഹസിൽദാർ അറിയിച്ചു. ഏകദേശം അമ്പത് മീറ്റർ നീളത്തിലും അഞ്ച് മീറ്റർ വീതിയിലുമാണ് ബണ്ട് പണിതതെന്ന് പ്രാഥമികാന്വേഷണത്തിൽ വ്യക്തമായി. തുടര്‍ന്ന്, കഴിഞ്ഞ ദിവസം തന്നെ പൊളിക്കല്‍ നടപടികള്‍ ആരംഭിച്ചിരുന്നു. 

Also Read: ഭൂതത്താൻകെട്ടിൽ അനധികൃത ബണ്ട് നിർമാണം; നിര്‍മ്മാണത്തിന് രാഷ്ട്രീയ ഉദ്യോഗസ്ഥ നേതൃത്വത്തിന്‍റെ പിന്തുണ