14 ജില്ലകളിലും 35 ഡിഗ്രിക്ക് മുകളിലാണ് രേഖപ്പെടുത്തിയ താപനില. കണക്കുകള്‍ പ്രകാരം പാലക്കാട് ജില്ലയിലാണ് ഏറ്റവും കൂടുതൽ ചൂടിന് സാധ്യത

തിരുവനന്തപുരം: സംസ്ഥാനത്ത് കനത്ത ചൂട് ഉയരുന്നു. വരും ദിവസങ്ങളിലും താപനില ഉയരുമെന്നാണ് മുന്നറിയിപ്പ്. ഇടുക്കി, വയനാട് ഒഴികെയുള്ള 12 ജില്ലകളിലും ഉയര്‍ന്ന താപനിലയ്ക്ക് ജാഗ്രതാ പാലിക്കുന്നതിനുള്ള യെല്ലോ അലര്‍ട്ടാണ് പ്രഖ്യാപിച്ചിട്ടുള്ളത്. പാലക്കാട് ജില്ലയിൽ 45 ഡിഗ്രിവരെയാണ് രേഖപ്പെടുത്തിയത്. ചൂട് കൂടുന്നതോടെ സംസ്ഥാനത്തെ വൈദ്യുത ഉപയോഗത്തിലും റെക്കോർഡ് കണക്കാണ് ഓരോ ദിവസവും രേഖപ്പെടുത്തുന്നത്. രാത്രിയും പകലും ഒരു പോലെ കൊടും ചൂടിൽ വെന്തുരുകുകയാണ് സംസ്ഥാനം. പ്രതീക്ഷിച്ച വേനൽ മഴയും ലഭിക്കാത്തതോടെ നാട് വിയർത്തൊലിക്കുകയാണ്. 14 ജില്ലകളിലും 35 ഡിഗ്രിക്ക് മുകളിലാണ് രേഖപ്പെടുത്തിയ താപനില. പാലക്കാട് ഉള്‍പ്പടെ വരും ദിവസങ്ങളിലും ചൂട് കൂടുമെന്നാണ് അറിയിപ്പ്.

കേന്ദ്ര കാലാവസ്ഥ നീരീക്ഷണ കേന്ദ്രത്തിന്‍റെ മുന്നറിയിപ്പ് പ്രകാരം ഇടുക്കി, വയനാട് ജില്ലകളിലൊഴികെ യെല്ലോ അലർട്ടാണ്. കണക്കുകള്‍ പ്രകാരം പാലക്കാട് ജില്ലയിലാണ് ഏറ്റവും കൂടുതൽ ചൂടിന് സാധ്യത. 41 ഡിഗ്രിവരെ താപനില ഉയർന്നേക്കുമെന്നായിരുന്നു കേന്ദ്ര കാലാവസ്ഥ കേന്ദ്രത്തിന്‍റെ മുന്നറിയിപ്പെങ്കിലും ചിലയിടങ്ങളിൽ 45 ഡിഗ്രിവരെ രേഖപ്പെടുത്തി. കൊല്ലം ജില്ലയിൽ 40 ഡിഗ്രി വരെയും തൃശൂർ, കണ്ണൂർ, കോഴിക്കോട് , പത്തനംതിട്ട, കോട്ടയം ജില്ലകളിൽ 38 ഡിഗ്രി വരെയും കാസ‍ർകോട്,എറണാകുളം,ആലപ്പുഴ, ജില്ലകളിൽ 37 വരെയും തിരുവനന്തപുരം , മലപ്പുറം, ജില്ലകളിൽ 36 ഡിഗ്രിവരെയും താപനില ഉയരാനാണ് സാധ്യത.


ചൂട് കൂടുന്നതോടെ സംസ്ഥാനത്തെ പ്രതിദിന വൈദ്യുതി ഉപയോഗത്തിലും ഓരോ ദിവസവും റെക്കോർഡ് കണക്കാണ് രേഖപ്പെടുത്തുന്നത്. ഇന്നലെ സംസ്ഥാനത്ത് ഉപയോഗിച്ചത് 11.17 കോടി യൂണിറ്റായിരുന്നു. പീക്ക് സമയത്തെ വൈദ്യുതിയുടെ ആവശ്യകതയിലും ഓരോ ദിവസവും പുതിയ ഉയരങ്ങള്‍ താണ്ടുകയാണ്.


'ഒരു കാരുണ്യവും പ്രതീക്ഷിക്കണ്ട'; ബാബാ രാംദേവിന് തിരിച്ചടി, മാപ്പപേക്ഷ തള്ളി സുപ്രീം കോടതി