വയനാട് ദുരന്ത ബാധിതരുടെ സാമ്പത്തിക ബാധ്യതകളിൽ സുപ്രധാന തീരുമാനം ഇന്ന്; ബാങ്കേഴ്സ് സമിതി യോഗം ചേരും
ദുരിത ബാധിതരുടെ അക്കൗണ്ടുകളിൽ നിന്ന് ഇഎംഐ ഈടാക്കുന്നത് അടക്കം നടപടികൾ വലിയ വിമർശനത്തിനും ഇടയാക്കിയിട്ടുണ്ട്. ഈടും വസ്തുവകകളും നഷ്ടമായവരുടെ ബാധ്യതകൾ എഴുതിത്തള്ളുകയോ വായ്പകൾക്ക് മൊറൊട്ടോറിയം ഏർപ്പെടുത്തുകയോ ചെയ്യാൻ നടപടികളുണ്ടായേക്കും
തിരുവനന്തപുരം: വയനാട് ദുരന്ത ബാധിതരുടെ സാമ്പത്തിക ബാധ്യത അടക്കമുള്ള കാര്യങ്ങളിൽ സുപ്രധാന തീരുമാനങ്ങൾക്ക് സംസ്ഥാന തല ബാങ്കേഴ്സ് സമിതി ഇന്ന് യോഗം ചേരും. തിരുവനന്തപുരത്ത് നടക്കുന്ന യോഗത്തിൽ വിവിധ ബാങ്ക് പ്രതിനിധികൾ അടക്കമുള്ളവർ യോഗത്തിൽ പങ്കെടുക്കും. ദുരിത ബാധിതരുടെ സാമ്പത്തിക ബാധ്യതകളിൽ മനുഷ്യത്വപരമായ സമീപനം വേണമെന്ന് ഇതിനകം തന്നെ അഭിപ്രായം ഉയർന്നുവന്നിട്ടുണ്ട്.
ദുരിത ബാധിതരുടെ അക്കൗണ്ടുകളിൽ നിന്ന് ഇഎംഐ ഈടാക്കുന്നത് അടക്കം നടപടികൾ വലിയ വിമർശനത്തിനും ഇടയാക്കിയിട്ടുണ്ട്. ഈടും വസ്തുവകകളും നഷ്ടമായവരുടെ ബാധ്യതകൾ എഴുതിത്തള്ളുകയോ വായ്പകൾക്ക് മൊറൊട്ടോറിയം ഏർപ്പെടുത്തുകയോ ചെയ്യാൻ നടപടികളുണ്ടായേക്കും. ഇതിനകം ഈടാക്കിയ മാസതവണകൾ തിരിച്ച് നൽകാൻ തീരുമാനവും എസ്എൽബിസി യോഗത്തിൽ പ്രതീക്ഷിക്കുന്നുണ്ട്. എല്ലാ ബാങ്കുകളുടെയും ഉന്നത അധികാരികൾ യോഗത്തിൽ പങ്കെടുക്കും.
വയനാട്ടിലെ ഉരുൾപൊട്ടൽ ദുരന്തബാധിതരിൽ നിന്ന് ഗ്രാമീൺ ബാങ്ക് പിടിച്ച പണം തിരികെ നൽകുമെന്ന് ബാങ്കേഴ്സ് സമിതി ജനറൽ മാനേജർ കെ എസ് പ്രദീപ് നേരത്തെ വ്യക്തമാക്കിയിരുന്നു.അടിയന്തര സഹായമായി സർക്കാർ ദുരിതബാധിതർക്ക് നൽകിയ 10,000 രൂപയിൽ നിന്ന് 5,000 രൂപ വരെ പലരിൽ നിന്നും ബാങ്ക് പിടിച്ചത് ചൂണ്ടിക്കാട്ടിയപ്പോൾ ഏഷ്യാനെറ്റ് ന്യൂസ് 'എൻനാട് വയനാട്' മൂന്നാം ലൈവത്തോണിലായിരുന്നു പ്രദീപിൻറെ പ്രതികരണം. വായ്പകൾ സംബന്ധിച്ച ആശങ്ക തുടരുന്നതിനിടെ നാളത്തെ യോഗത്തിൽ അനുകൂല തീരുമാനം ഉണ്ടാകുമെന്ന പ്രതീക്ഷയിലാണ് വയനാട്ടിലെ ദുരന്ത ബാധിതർ.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം