Asianet News MalayalamAsianet News Malayalam

Child Attack Case : കുഞ്ഞിന്റെ ആരോ​ഗ്യനിലയിൽ പുരോ​ഗതി; വെന്റിലേറ്ററിൽ നിന്ന് കുട്ടിയെ മാറ്റി

48 മണിക്കൂർ നിരീക്ഷണം തുടരും. ശ്വാസതടസ്സം കണ്ടാൽ വെന്റിലേറ്ററിലേക്ക് മാറ്റേണ്ടി വന്നേക്കാമെന്നാണ് ആശുപത്രി അധികൃതര്‍ പറയുന്നത്.

improvement in child health condition removed from ventilator
Author
Kochi, First Published Feb 23, 2022, 1:47 PM IST

കൊച്ചി: തൃക്കാക്കരയിലെ  (Thrikkakara) രണ്ടര വയസ്സുകാരിയുടെ ആരോഗ്യനിലയിൽ പുരോഗതി. കഴിഞ്ഞ ദിവസങ്ങളെ അപേക്ഷിച്ച് ആരോഗ്യ നില മെച്ചപ്പെട്ടു വരുന്നു. വെന്റിലേറ്ററിൽ നിന്ന് കുട്ടിയെ മാറ്റി. എങ്കിലും 48 മണിക്കൂർ നിരീക്ഷണം തുടരും. ശ്വാസതടസ്സം കണ്ടാൽ വെന്റിലേറ്ററിലേക്ക് മാറ്റേണ്ടി വന്നേക്കാമെന്നാണ് ആശുപത്രി അധികൃതര്‍ പറയുന്നത്. വൈകുന്നേരത്തോടെ ട്യൂബ് വഴി ദ്രവ രൂപത്തിൽ ഭക്ഷണം നൽകാനാകുമെന്ന് പ്രതീക്ഷ.

അതിനിടെ, താന്‍ ഒളിവിലല്ലെന്ന് തൃക്കാക്കരയിൽ ക്രൂരമായി ആക്രമിക്കപ്പെട്ട രണ്ടരവയസുകാരിക്കും കുടുംബത്തിനും ഒപ്പം താമസിച്ചിരുന്ന ആന്‍റണി റ്റിജിന്‍ പ്രതികരിച്ചു. പൊലീസിനെ ഭയന്നാണ് മാറിനില്‍ക്കുന്നതെന്നും നേരത്തെയുള്ള പരാതിയിൽ പനങ്ങാട് പൊലീസ് തന്നെ ക്രൂരമായി മര്‍ദ്ദിച്ചിരുന്നെന്നും ആന്‍റണി പറഞ്ഞു. കുട്ടി കളിക്കുന്നതിനിടെ വീണാണ് പരിക്കേറ്റതെന്നാണ് ഇയാള്‍ പറയുന്നത്. ദേഹത്ത് പൊള്ളലേറ്റത് കുന്തിരിക്കം വീണാണെന്നും കുട്ടി കരഞ്ഞ് കാണാഞ്ഞതിനാലാണ് ആശുപത്രിയില്‍ എത്തിക്കാഞ്ഞതെന്നും ആന്‍റണി പറഞ്ഞു. നിരപരാധിത്വം തെളിയിക്കണമെന്നും ഇതിനായി പൊലീസിനെ ചെന്ന് ഉടൻ കാണുമെന്നും ആന്‍റണി ടിജിന്‍ പറഞ്ഞു. അപസ്മാരം കണ്ടതോടെ താനാണ് ആദ്യം ആശുപത്രിയിലെത്തിച്ചതെന്നും ടിജിന്‍ പറഞ്ഞു.

Read Also : രണ്ടരവയസ്സുകാരിയുടെ കുടുംബത്തിലേക്ക് യുവാവ് എത്തിയത് കഴിഞ്ഞ വർഷം; ബന്ധുകളെ അകറ്റി, അയൽവാസികളോടും അകൽച്ച

ആന്‍റണിയാകാം കുഞ്ഞിനെ പീഡിപ്പിച്ചതെന്നായിരുന്നു കുഞ്ഞിന്‍റെ അച്ഛന്‍  ഇന്നലെ പറഞ്ഞത്. കുട്ടിക്കും കുടുംബത്തിനുമൊപ്പം താമസിച്ചരുന്ന ആന്‍റണി ടിജിനെ ഉടന്‍ ചോദ്യം ചെയ്യേണ്ടതിലെന്നായിരുന്നു ഞായറാഴ്ച പൊലീസിന്‍റെ തീരുമാനം. അമ്മയുടെ സഹോദരിക്കും മകനുമൊപ്പം ഇയാള്‍ ഫ്ലാറ്റ് വിട്ടെങ്കിലും പൊലീസ് വിളിക്കുമ്പോഴെല്ലാം  ഫോണില്‍ പ്രതികരിക്കുകയും ചെയ്തിരുന്നു. എന്നാല്‍ ആന്‍റണിയാകാം മര്‍ദ്ദനത്തിന് പിന്നിലെന്ന  ആരോപണവുമായി കുഞ്ഞിന്‍റെ അച്ഛന്‍ ഇന്നലെ രംഗത്തെത്തി. കൂടാതെ ആന്‍റണിയുടെ സംശയാസ്പദമായ പശ്ചാത്തലത്തെകുറിച്ച പൊലീസിന് നിരവധി വിവരങ്ങള്‍ ലഭിക്കുകയും ചെയ്തിരുന്നു. തുടര്‍ന്ന് ഇന്നലെ പകല്‍ മുഴുവന്‍ പൊലീസ് ആന്‍റണിയെ ചോദ്യം ചെയ്യാനായി ഫോണില്‍ ബന്ധപ്പെട്ടെങ്കിലും മിക്കപ്പോഴും സ്വിച്ച് ഓഫ് ചെയ്ത നിലയിലായിരുന്നു.

സൈബർ പൊലീസ് ഉദ്യോഗസ്ഥന്‍ എന്ന വ്യാജേനയാണ്  ആന്‍റണി കാക്കാനാട്ട് ഫ്ലാറ്റ് വാടകക്കെടുത്തത്. കുഞ്ഞിനെ ആശുപത്രിയിലാക്കിയശേഷം ഇയാളും കുഞ്ഞിന്‍റെ അമ്മയുടെ സഹോദരിയും പുലര്‍ച്ചെ രണ്ട് മണിക്ക് ബാഗുകള്‍ എടുത്ത് കാറില്‍ രക്ഷപ്പെടുന്നതിന്‍റെ സിസിടിവി ദൃശ്യങ്ങള്‍ പൊലീസിന് ലഭിച്ചിരുന്നു. സഹോദരിയുടെ ഭര്‍ത്താവല്ല ഇയാളെന്നും പൊലീസ് വ്യക്തമാക്കി. ഇതിനിടെ ഫ്ലാറ്റില്‍ ഒപ്പം താമസിച്ചിരുന്ന സഹോദരിയുടെ മകന്‍റെ മൊഴിയെടുക്കണം എന്നാവശ്യപ്പെട്ട് പൊലീസ് ശിശുക്ഷേമ സമിതിക്ക് കത്ത് നല്‍കി. കൗണ്‍സിലരുടെ സഹായത്തോടെ മൊഴിയെടുക്കാനാണ് ആവശ്യപ്പെട്ടിരിക്കുന്നത്. പത്ത് വയസ്സുള്ള മകന് സമാന രീതിയില്‍ മര്‍ദ്ദനം ഏറ്റിട്ടുണ്ടൊ എന്നും പൊലീസ് അന്വേഷിക്കുന്നുണ്ട്.

ബന്ധുക്കൾ പറയുന്നത് - 

നിഗൂഡമായ രീതിയിലാണ് കുട്ടിയുടെ കുടുംബം കുമ്പളത്തെ വീട് വിട്ടു പോയത്. കുറച്ചു കാലമായി ആരോടും ഇവർ ഒന്നും പറഞ്ഞിരുന്നില്ല, ആരുമായും കാര്യമായ ബന്ധം പുലർത്തിയിരുന്നില്ല. കണ്ണൂരിലേക്ക് പോകുന്നെന്നാണ് ഒടുവിൽ പറഞ്ഞത്. പരിക്കേറ്റ കുട്ടിയ്ക്ക് ഇവിടെ നിന്ന് പോകുമ്പോൾ യാതൊരു കുഴപ്പവും ഉണ്ടായിരുന്നില്ല. കുട്ടി ഹൈപ്പർ ആക്ടീവ് അല്ല, സാധാരണ കുട്ടിയായിരുന്നു, ഇവർക്കൊപ്പം താമസിച്ചിരുന്ന ടി ജിൻ എ.ടി.എസ് ഉദ്യോഗസ്ഥനായിരുന്നു എന്നാണ് പരിചയപ്പെടുത്തിയിരുന്നത്. തങ്ങളുടെ രക്ഷകൻ എന്നാണ് ഇയാളെ ഇവർ വിശേഷിപ്പിച്ചിരുന്നത്.

Follow Us:
Download App:
  • android
  • ios