Asianet News MalayalamAsianet News Malayalam

ഇന്ന് ലോക ജലദിനം; കേരളത്തിൽ കുടിവെളളത്തില്‍ മാലിന്യത്തോത് കൂടി, ഭൂജലനിരപ്പ് താഴുന്നു

കേരളത്തിലെ 152 ബ്ലോക്കുകളിൽ നാലിടത്ത് ഭൂജല നിരപ്പ് കുറയുന്നു എന്നാണ് കണക്ക്. പാലക്കാട് ജില്ലയിലെ മലമ്പുഴ, ചിറ്റൂർ കാസർകോട് ജില്ലയിലെ കാസർഗോഡ്, മഞ്ചേശ്വരം എന്നീ ബ്ലോക്കുകളിലാണ് ജലനിരപ്പ് താഴുന്നത്

In Kerala, the level of waste in drinking water is increasing, and the ground water level is falling
Author
First Published Mar 22, 2023, 7:36 AM IST

കോഴിക്കോട്: കുടിവെളളത്തില്‍ മാലിന്യത്തിന്‍റെ തോത് ഉയരുന്നതും ഭൂജലനിരപ്പ് താഴുന്നതുമടക്കം ലോക ജലദനത്തില്‍ കേരളത്തിന് മുന്നിലുമുണ്ട് ഒരു പിടി ആശങ്കകള്‍. കേരളത്തിലെ നാലു ബ്ളോക്കുകളില്‍ ഭൂജലനിരപ്പ് താഴുന്നതായാണ് കണക്കുകള്‍. ജലസ്രോതസുകളുടെ സംരക്ഷണവുമായി ബന്ധപ്പെട്ട് മഹാപ്രളയ ശേഷം നടത്തിയ പ്രഖ്യാപനങ്ങള്‍ പലതും ലക്ഷ്യം കൈവരിച്ചിട്ടുമില്ല.

അതിതീവ്ര കാലാവസ്ഥ വ്യതിയാനങ്ങളുടെ പിടിയിലാണ് വര്‍ഷങ്ങളായി കേരളം. മഴയായാലും വെയിലായാലും അതിതീവ്രം. മഴയുടെ വിതരണത്തിലുണ്ടായ താളപ്പിഴ ഏറ്റവുമധികം ബാധിച്ചത് ഭക്ഷ്യോല്‍പ്പാദനത്തെ. ഇത് കണക്കിലെടുത്ത് കൃഷി രീതിയിലും ഭൂവിനിയോഗത്തിലും ജീവിതശൈലിലും മാറ്റം വരുത്തേണ്ട കാലം ആതിക്രമിച്ചെന്ന് വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നു.

ഭൂജല നിരപ്പ് താഴുന്നതും കുടിവെളളത്തില്‍ മാലിന്യത്തിന്‍റെ തോത് ഉയരുന്നതുമാണ് മറ്റൊരു ആശങ്ക. കേരളത്തിലെ 152 ബ്ലോക്കുകളിൽ നാലിടത്ത് ഭൂജല നിരപ്പ് കുറയുന്നു എന്നാണ് കണക്ക്. പാലക്കാട് ജില്ലയിലെ മലമ്പുഴ, ചിറ്റൂർ കാസർകോട് ജില്ലയിലെ കാസർഗോഡ്, മഞ്ചേശ്വരം എന്നീ ബ്ലോക്കുകളിലാണ് ജലനിരപ്പ് താഴുന്നത്. ജലസ്രോതസുകളിലെ മാലിന്യത്തിന്‍റെ തോത് വര്‍ഷം തോറും ഉയരുന്നതായും കണക്കുകള്‍ വ്യക്തമാക്കുന്നു.

2018ലെ മഹാപ്രളയം അന്നോളം ഇല്ലാത്ത അനുഭവങ്ങളാണ് മലയാളിക്ക് സമ്മാനിച്ചതെങ്കിലും പ്രഖ്യാപിച്ച പല തിരുത്തല്‍ നടപടികളും യാഥാര്‍ഥ്യമായില്ല. സംസ്ഥാനത്തെ 44 പുഴകളുമായി ബന്ധപ്പെട്ട പ്രളയ സാധ്യത മുന്നറിയിപ്പ് സംവിധാനം ശക്തമാക്കാനും പ്രളയ മാപ്പ് തയ്യാറാക്കാനും തീരുമാനിച്ചിരുന്നു. ജലവിഭവ വകുപ്പും ദുരന്ത നിവാരണ അതോറിറ്റിയും ചില ശ്രമങ്ങള്‍ നടത്തിയതൊഴിച്ചാല്‍ ഇതടക്കം പല ലക്ഷ്യങ്ങളും ഇനിയും ഏറെ അകലെയാണ്.

മുല്ലപ്പെരിയാർ അണക്കെട്ടിൻ്റെ സുരക്ഷ തൃപ്തികരമെന്ന് കേന്ദ്ര ജല കമ്മീഷൻ്റെ റിപ്പോര്‍ട്ട്

Follow Us:
Download App:
  • android
  • ios