പലാരിവട്ടത്തെ സ്റ്റോപ്പിലെത്തിയപ്പോള്‍ ആദ്യം ഷിബി ഇറങ്ങിയെങ്കിലും മക്കള്‍ രണ്ടുപേരും ഇറങ്ങുന്നത് കാത്തുനില്‍ക്കാതെ ജീവനക്കാര്‍ ബസ് എടുത്തുപോവുകയായിരുന്നുവെന്നാണ് പരാതി.

കൊച്ചി: കൊച്ചിയില്‍ ബസില്‍നിന്നും അമ്മ ഇറങ്ങിയശേഷം പെണ്‍കുട്ടികളെ ഇറക്കാതെ സ്വകാര്യ ബസ് പോയതായി പരാതി. അമ്മയോടൊപ്പം ബസില്‍ യാത്ര ചെയ്ത ആറും ഒമ്പതും വയസുള്ള പെണ്‍കുട്ടികളെയാണ് സ്റ്റോപ്പില്‍ ഇറക്കാതെ സ്വകാര്യ ബസ് യാത്ര തുടര്‍ന്നതെന്നാണ് പരാതി. കൊച്ചി പലാരിവട്ടത്ത് ഇന്ന് രാത്രി ഏഴോടെയാണ് സംഭവം. കൊച്ചിന്‍ ഷിപ്പ് യാര്‍ഡിന് സമീപം ശിശുദിനാഘോഷത്തില്‍ പങ്കെടുത്തശേഷം തിരിച്ചുവരുന്നതിനിടെയാണ് സംഭം. മട്ടാഞ്ചേരി-ആലുവ റൂട്ടിലോടുന്ന സജിമോന്‍ എന്ന ബസിലാണ് പലാരിവട്ടം സ്വദേശിനിയായ ഷിബിയും രണ്ടു മക്കളും കയറിയത്.

പലാരിവട്ടത്തെ സ്റ്റോപ്പിലെത്തിയപ്പോള്‍ ആദ്യം ഷിബി ഇറങ്ങിയെങ്കിലും മക്കള്‍ രണ്ടുപേരും ഇറങ്ങുന്നത് കാത്തുനില്‍ക്കാതെ ജീവനക്കാര്‍ ബസ് എടുത്തുപോവുകയായിരുന്നുവെന്നാണ് പരാതി. താന്‍ ഇറങ്ങിയ ഉടനെ മക്കള്‍ ഇറങ്ങാനുണ്ടെന്ന് ജീവനക്കാരോട് പറഞ്ഞെങ്കിലും ഇത് ശ്രദ്ധിക്കാതെ ബസ് മുന്നോട്ട് എടുക്കുകയായിരുന്നുവെന്നും ബസില്‍ തട്ടി വിളിച്ചുപറഞ്ഞിട്ടും നിര്‍ത്തിയില്ലെന്നും ഷിബി പറഞ്ഞു. തുടര്‍ന്ന് ഓട്ടോറിക്ഷയില്‍ കയറി ബസിന് പിന്നാലെ പോവുകയായിരുന്നു. ഇതിനിടയില്‍ കുട്ടികള്‍ ഇറങ്ങാത്തത് മനസിലാക്കി ബസിലെ പെണ്‍കുട്ടി ബസ് നിര്‍ത്തിച്ച് കുട്ടികളുമായി അടുത്ത സ്റ്റോപ്പില്‍ ഇറങ്ങുകയായിരുന്നു.

ബസിലെ പെണ്‍കുട്ടിയുടെ ഇടപെടലുണ്ടായിരുന്നില്ലെങ്കില്‍ പിന്നെയും ഏറെ ദൂരം പോകേണ്ടിവരുമായിരുന്നുവെന്നും ചെറിയ കുട്ടികളാണെന്ന് പറഞ്ഞിട്ടും ബസ് ജീവനക്കാര്‍ ശ്രദ്ധിച്ചില്ലെന്നും ഷിബി പറഞ്ഞു. നിറയെ യാത്രക്കാരുണ്ടായിരുന്നതിനാലാണ് കുട്ടികള്‍ക്ക് പെട്ടെന്ന് ഇറങ്ങാന്‍ കഴിയാതിരുന്നത്. സംഭവത്തില്‍ ഷിബി പാലാരിവട്ടം പൊലീസില്‍ പരാതി നല്‍കി. സംഭവത്തില്‍ ബസ് ജീവനക്കാര്‍ക്കെതിരെ കേസെടുക്കുമെന്ന് പാലാരിവട്ടം പൊലീസ് പറഞ്ഞു.

കളമശ്ശേരി സ്ഫോടനം; ലിബ്നയുടെ അമ്മയും മരണത്തിന് കീഴടങ്ങി, 2മക്കള്‍ ആശുപത്രികിടക്കയില്‍

Asianet News Live | Malayalam News Live | ഏഷ്യാനെറ്റ് ന്യൂസ് ലൈവ് | Latest News