കേരളം ഉൾപ്പെടെ അഞ്ച് സംസ്ഥാങ്ങൾക്കാണ് കേന്ദ്രം കത്തയച്ചത്. മാസ്‌കും സാമൂഹ്യ അകലവും ഉൾപ്പെടെയുള്ള പ്രതിരോധ മാർഗ്ഗങ്ങൾ ശക്തമാക്കണമെന്നാണ് നിർദേശം.

ദില്ലി: രാജ്യത്തെ കൊവിഡ് (Covid) വർധനവിൽ കേരളം ഉൾപ്പെടെ അഞ്ച് സംസ്ഥാനങ്ങൾക്ക് കത്തയച്ച് കേന്ദ്ര ആരോഗ്യ മന്ത്രാലയം. കേരളം ഉൾപ്പെടെ അഞ്ച് സംസ്ഥാങ്ങൾക്കാണ് കേന്ദ്രം കത്തയച്ചത്. മാസ്‌കും സാമൂഹ്യ അകലവും ഉൾപ്പെടെയുള്ള പ്രതിരോധ മാർഗ്ഗങ്ങൾ ശക്തമാക്കണമെന്നാണ് നിർദേശം. കൊവിഡ് മാനദണ്ഡങ്ങൾ കർശനമായി പാലിക്കണമെന്ന് കേരളത്തിന് പുറമേ തെലങ്കാന, തമിഴ്നാട്, കർണാടക, മഹാരാഷ്ട്ര സംസ്ഥാനങ്ങൾക്ക് അയച്ച കത്തിൽ വ്യക്തമാക്കുന്നു. കേരളത്തിൽ തിരുവനന്തപുരം ഉൾപ്പെടെ പതിനൊന്ന് ജില്ലകളിലെ പോസ്റ്റീവിറ്റി നിരക്കിലും കേന്ദ്രം ആശങ്കയറിച്ചു.

രാജ്യത്ത് കൊവിഡ് കേസുകൾ കുത്തനെ ഉയരുകയാണ്. ഒരു ദിവസത്തിനിടെ 4041 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. മൂന്ന് മാസത്തിന് ശേഷമാണ് പ്രതിദിന രോഗബാധിതരുടെ എണ്ണം നാലായിരത്തിന് മുകളിലെത്തിയത്. കഴിഞ്ഞ ആഴ്ചകളില്‍ പ്രതിദിന കേസുകളിൽ നാല്പത് ശതമാനം വർധനയുണ്ടായി. കേരളത്തിലും മഹാരാഷ്ട്രയിലുമാണ് പ്രതിദിന രോഗികളുടെ എണ്ണം കൂടുതൽ. മാസ്ക് ഉൾപ്പടെയുള്ള പ്രതിരോധ മാർഗ്ഗങ്ങൾ പിന്തുടരുന്നതിൽ വീഴ്ച്ച സംഭവിച്ചതാകാം കേസുകളുയരാൻ കാരണമെന്നാണ് ആരോഗ്യ വിദഗ്ധരുടെ വിലയിരുത്തൽ. ഇതിനിടെ പ്രിയങ്ക ഗാന്ധിക്ക് കൊവിഡ് സ്ഥിരീകരിച്ചു. നേരിയ ലക്ഷണങ്ങളോടെ വീട്ടിൽ ചികിത്സയിലാണ് പ്രിയങ്ക. നേരത്തെ സോണിയ ഗാന്ധിക്കും കൊവിഡ് സ്ഥിരീകരിച്ചിരുന്നു.

Also Read : രാജ്യത്ത് കൊവിഡ് കേസുകൾ കുത്തനെ ഉയർന്നു; ഒരു ദിവസത്തിനിടെ രോഗം സ്ഥിരീകരിച്ചത് 4041 പേർക്ക്

സംസ്ഥാനത്ത് ഇന്നലെ 1,278 പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. എറണാകുളത്താണ് ഏറ്റവുമധികം രോഗികൾ ഉള്ളത്. 407 കേസുകളാണ് എറണാകുളം ജില്ലയില്‍ ഇന്നലെ റിപ്പോര്‍ട്ട് ചെയ്തത്. ഒരു കൊവിഡ് മരണവും ഇന്നലെ സ്ഥിരീകരിച്ചിരുന്നു. നീണ്ട ഇടവേളയ്ക്ക് ശേഷം തിങ്കളാഴ്ചയാണ് സർക്കാർ വീണ്ടും കൊവിഡ് കണക്കുകൾ പുറത്തുവിട്ടത്. മെയ് 31ന് 1,161 പേർക്കായിരുന്നു സംസ്ഥാനത്ത് രോഗബാധ. 

Also Read : ആദ്യമായി കൊവിഡ് കേസ് സ്ഥിരീകരിച്ച് ഉത്തര കൊറിയ; ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ച് കിം ജോംഗ് ഉൻ

പുതിയ വകഭേദങ്ങളില്ല,കൊവിഡിൽ ആശങ്ക വേണ്ടെന്ന് വീണാ ജോര്‍ജ്

സംസ്ഥാനത്ത് കൊവിഡ് കേസുകള്‍ ചെറുതായി ഉയര്‍ന്നെങ്കിലും ആശങ്കപ്പെടേണ്ടതില്ലെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. ഇപ്പോള്‍ ബാധിച്ചിരിക്കുന്നത് ഒമിക്രോണ്‍ വകഭേദമാണ്. പരിശോധനകളില്‍ മറ്റ് വകഭേദങ്ങള്‍ കണ്ടെത്തിയിട്ടില്ല. കൊവിഡിനോടൊപ്പം ജീവിക്കുക എന്നതാണ് പ്രധാനം. എല്ലാവരും മാസ്‌ക് നിര്‍ബന്ധമായും ധരിക്കുക. കിടപ്പ് രോഗികള്‍, വയോജനങ്ങള്‍ എന്നിവരെ സംരക്ഷിക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ നടത്തണം. രണ്ടാം ഡോസ് വാക്‌സിന്‍ എടുക്കാനുള്ളവരും പ്രിക്കോഷന്‍ ഡോസ് എടുക്കാനുള്ളവരും അതെടുക്കേണ്ടതാണ്. ആരോഗ്യ പ്രവര്‍ത്തകര്‍ നിര്‍ബന്ധമായും പ്രിക്കോഷന്‍ ഡോസ് എടുക്കണം. വളരെ ശക്തമായ ബോധവത്ക്കരണം നടത്തണമെന്നും മന്ത്രി നിര്‍ദേശിച്ചു. മന്ത്രിയുടെ നേതൃത്വത്തില്‍ നടന്ന ഉന്നതതല യോഗത്തിലാണ് നിര്‍ദേശം നല്‍കിയത്. 

Also Read : പുതിയ വകഭേദങ്ങളില്ല,കൊവിഡിൽ ആശങ്ക വേണ്ടെന്ന് വീണാ ജോര്‍ജ്, മന്ത്രിയുടെ നേതൃത്വത്തില്‍ ഉന്നതതലയോഗം