Asianet News MalayalamAsianet News Malayalam

അസാധ്യമായത് ഒന്നുമില്ലെന്ന് കേരള ജനത തെളിയിച്ചു: സ്വാതന്ത്ര്യ ദിനത്തിൽ മുഖ്യമന്ത്രി

കേന്ദ്രത്തിന് പരോക്ഷ വിമർശനവുമായി മുഖ്യമന്ത്രിയുടെ സ്വാതന്ത്ര്യ ദിന പ്രസംഗം

independance day speech cm pinarayi vijayan
Author
Thiruvananthapuram, First Published Aug 15, 2019, 9:47 AM IST

തിരുവനന്തപുരം: സംസ്ഥാനത്ത് ഈ സ്വാതന്ത്ര്യദിനം ദു:ഖത്തിന്‍റെ നിഴൽ വീണ പശ്ചാത്തലത്തിലുള്ളതാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കേരളത്തിനെ പുനർ നിര്‍മ്മിക്കുന്നതാവണം ഈ സ്വാതന്ത്യ ദിനമെന്നും അദ്ദേഹം പറഞ്ഞു.

"എന്ത് ദുരന്തമുണ്ടായാലും നമ്മൾ തളരരുത്. നമുക്ക് വേണ്ടി മാത്രമല്ല, വരും തലമുറയ്ക്ക് വേണ്ടി കൂടിയാണ് ഈ പരിശ്രമം," അദ്ദേഹം പറഞ്ഞു. "സ്വാതന്ത്ര്യം, ജാതി-മത-വംശ-ഉപദേശീയ-സംസ്കാര-ഭാഷ തുടങ്ങിയ ഭേദങ്ങൾക്കെല്ലാം അതീതമായ സാഹോദര്യം ഇന്ത്യാക്കാരിൽ ഊട്ടിയുറപ്പിച്ചു. ഇതിന് അടിത്തറയായത് നമ്മുടെ വിഖ്യാതമായ ഭരണഘടനയാണ്. ഭരണഘടനയുടെ മൂല്യങ്ങളെ കണ്ണിലെ കൃഷ്ണമണി പോലെ കാക്കണമെന്നതാണ് സ്വാതന്ത്ര്യ ദിനം നൽകുന്ന സന്ദേശം. ഈ മൂല്യങ്ങൾ കാത്തുസൂക്ഷിക്കുന്നതിൽ അപാകതകൾ ഉണ്ടായെങ്കിൽ തിരുത്താൻ ശ്രമിക്കേണ്ടതുണ്ട്," മുഖ്യമന്ത്രി പറഞ്ഞു.

"മതത്തിന്‍റെ പേരിൽ വിവേചനമുണ്ടാകുന്നു, മതത്തിന്‍റെ പേരിൽ പൗരന്മാരെ നീക്കിനിർത്തുന്നു. സമഭാവനയോടെ സർവ്വരും കഴിയുന്ന സാമൂഹികമായ ജീവിതാവസ്ഥ നേടിയെടുക്കാനുള്ള യാത്രയിലാണ് ഇവിടെ പൊതുമേഖലാ സംരംഭങ്ങൾ ഉയർന്നത്. എന്നാൽ അവ തകരുന്നു. സമ്പത്ത് കുത്തകകളിലേക്ക് മാത്രമായി ഒതുങ്ങുന്നു." മുഖ്യമന്ത്രി പറഞ്ഞു.

"ജാതിയുടെ പേരിൽ പൗരന്മാർക്ക് നീതി നിഷേധിക്കപ്പെടുന്നു. തെരുവില്‍ അവർ അതിക്രൂരമായി പീഡിപ്പിക്കപ്പെടുന്നു. മനുഷ്യത്വപരമായ സമൂഹം എന്ന പേരിനെ ഇത് കളങ്കപ്പെടുത്തുന്നു. ഭരണഘടനയുടെ ജീവസത്തയാണ് ഫെഡറൽ സ്പിരിറ്റ്. വൈവിധ്യത്തെ ഏക ശിലാരൂപമായ യൂണിറ്ററി സംവിധാനം കൊണ്ട് പകരം വയ്ക്കാനുള്ള ശ്രമം ഉണ്ടായാൽ, ഇതിനെ ഭരണഘടനാ തത്വത്തിന്‍റെ ലംഘനമായേ കാണാനാകൂ."

"കവളപ്പാറയിൽ പോസ്റ്റ‌്മോർട്ടത്തിനായി പളളി വിട്ടു കൊടുത്ത സഹോദരങ്ങൾ രാജ്യത്തെ മഹത്തായ മാതൃകയാണ്. ക്ഷേത്രത്തിന്‍റെ അയൽവഴിയിലൂടെ നടക്കാൻ പോലും സ്വതന്ത്ര്യമില്ലാതിരുന്ന സമുദായങ്ങളിൽപ്പെട്ടവരെ ക്ഷേത്ര പൂജാരിയാക്കി മാറ്റുന്നിടം വരെയെത്തി നവോത്ഥാനത്തിന്‍റെ പുതിയ കാല സംരംഭങ്ങൾ."

"പൊതുവിദ്യാഭ്യാസത്തെ തകർച്ചയിൽ നിന്ന് വീണ്ടെടുത്തത് സർക്കാരിന്‍റെ നേട്ടം. മാലിന്യം നിറഞ്ഞ പുഴകളെയും മറ്റും വീണ്ടെടുത്തു. പൊതുമേഖലയെ ശക്തിപ്പെടുത്തി. ഐടി രംഗത്തെ ആകർഷകമാക്കി."

"പ്രളയം, വിഭവ പ്രതിസന്ധിയുണ്ടാക്കി. അസാധ്യമായി ഒന്നുമില്ലയെന്ന് കേരള ജനത തെളിയിച്ചു. അതേ നിശ്ചയദാർഢ്യം തന്നെ ഇപ്പോഴത്തെ വിഷമാവസ്ഥകളിൽ നിന്ന് കരകയറാൻ നമുക്ക് കൈമുതലാകും. നിർഭയമായ മനസ്സും സമുന്നതമായ ശിരസുമുള്ള ജനതയാണ് നമ്മൾ. അനാചാരങ്ങളെയും അന്ധവിശ്വാസങ്ങളെയും ശാസ്ത്ര വിരുദ്ധമായ മനോഭാവങ്ങളെയും ചെറുത്തു തോൽപ്പിക്കണം," മുഖ്യമന്ത്രി സ്വാതന്ത്രദിന പ്രസംഗത്തില്‍ പറഞ്ഞു.

Follow Us:
Download App:
  • android
  • ios