2021-ലെ നിയമസഭ തെരഞ്ഞെടുപ്പിൽ എൽഡിഎഫ് തുടർഭരണം നേടിയപ്പോൾ കോൺഗ്രസിന് കനത്ത തിരിച്ചടിയാണ് നേരിടേണ്ടി വന്നത്. കോഴിക്കോട്, പത്തനംതിട്ട, ഇടുക്കി, കാസർകോട് എന്നീ നാല് ജില്ലകളിൽ ഒരു എംഎൽഎയെ പോലും വിജയിപ്പിക്കാൻ കോണ്‍ഗ്രസിന് കഴിഞ്ഞില്ല. കൂടാതെ, മറ്റ് അഞ്ച് ജില്ലകളിൽ ഓരോ സീറ്റിൽ മാത്രമായി കോൺഗ്രസിൻ്റെ വിജയം ഒതുങ്ങി.

തിരുവനന്തപുരം: 2021-ലെ നിയമസഭ തെരഞ്ഞെടുപ്പിൽ 99 സീറ്റുകള്‍ നേടി എൽഡിഎഫ് തുടർഭരണത്തിലേക്ക് കടന്നപ്പോള്‍ യുഡിഎഫിലെ പ്രധാന പാര്‍ട്ടിയായ കോൺഗ്രസിന്‍റെ അവസ്ഥ വളരെ ദയനീയമായിരുന്നു. ആകെ 21 സീറ്റ് മാത്രമാണ് കഴിഞ്ഞ തവണ കോണ്‍ഗ്രസിന് നേടാനായത്. കോൺഗ്രസിന് അടിപതറിയ 2021-ലെ തെരഞ്ഞെടുപ്പിൽ പാര്‍ട്ടിക്ക് നാല് ജില്ലയിൽ ഒരു എംഎൽഎ പോലുമില്ലായിരുന്നു എന്നതാണ് സത്യം. കേരളം വീണ്ടുമൊരു നിയമസഭ തെരഞ്ഞെടുപ്പിലേക്ക് കടക്കുമ്പോൾ ഏതൊക്കെയാണ് ആ ജില്ലകൾ എന്ന് ഒന്ന് നോക്കാം. ഇത്തവണ ഈ നാല് ജില്ലകളിലും വന്‍ തിരിച്ചുവരവാണ് ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് ലക്ഷ്യമിടുന്നത്.

കോഴിക്കോട് സംഭവിച്ചത്

കോഴിക്കോട് ജില്ലയിൽ 2021 നിയമസഭ തെരഞ്ഞെടുപ്പ് എൽഡിഎഫ് തൂത്തുവാരിയെന്ന് വേണം പറയാൻ. ജില്ലയിലുള്ള 13 നിയോജക മണ്ഡലങ്ങളിൽ 11 സീറ്റും പിടിച്ച് എൽഡിഎഫ് മുന്നേറിയപ്പോൾ യുഡിഎഫിന് രണ്ടിടങ്ങള്‍ മാത്രമാണ് കൈപ്പിടിയിലൊതുക്കാനായത്. വടകരയില്‍ യുഡിഎഫ് പിന്തുണയോടെ മത്സരിച്ച ആർഎംപിയും, കൊടുവള്ളിയില്‍ മുസ്ലീം ലീഗും വിജയിച്ചതായിരുന്നു അവ. കോണ്‍ഗ്രസ് സ്ഥാനാര്‍ഥികളാരും കോഴിക്കോട് ജില്ലയില്‍ കഴിഞ്ഞ തവണ വിജയിച്ചില്ല.

പത്തനംതിട്ട ജില്ലയിലെ തോൽവി

പത്തനംതിട്ട ജില്ലയിൽ കോൺഗ്രസിന് ഒരു സീറ്റ് പോലും നേടാൻ കഴിയാത്തത് അന്ന് പാര്‍ട്ടിക്ക് വലിയ നാണക്കേടുണ്ടാക്കിയിരുന്നു. ആറന്‍മുളയില്‍ സിപിഎമ്മിലെ വീണാ ജോർജും, കോന്നിയിൽ കെ.യു. ജനീഷ് കുമാറും, അടൂരില്‍ സിപിഐയിൽ നിന്നും ചിറ്റയം ഗോപകുമാറും വിജയിച്ചു. കൂടാതെ, തിരുവല്ല ജെഡിഎസിലെ മാത്യു ടി. തോമസും റാന്നി കേരള കോൺഗ്രസ് എമ്മിലെ പ്രമോദ് നാരായണനുമാണ് ജയിച്ചത്. 

ഇടുക്കി മണ്ഡലത്തിൽ ഒന്നിൽ ഒതുങ്ങിയ യുഡിഎഫ്

ഹൈറേഞ്ച് അന്ന് യുഡിഎഫിനെ കൈവിട്ടെന്ന് തന്നെ വേണം പറയാൻ. ഇടുക്കി ജില്ലയിലെ അഞ്ച് നിയോജക മണ്ഡലങ്ങളിൽ നാലിടത്തും എൽഡിഎഫ് ആയിരുന്നു കുതിച്ചത്. ഇടുക്കി നിയോജക മണ്ഡലം കേരള കോൺഗ്രസ് എമ്മിലെ റോഷി അഗസ്റ്റിനിലൂടെ എൽഡിഎഫ് പിടിച്ചപ്പോൾ എ.രാജ ഇടതിന് വേണ്ടി ദേവികുളം നേടി. ഉടുമ്പൻചോല സിപിഎം മുതിര്‍ന്ന നേതാവ് എം.എം മണിയിലൂടെയും പീരുമേട് സിപിഐ വാഴൂർ സോമനിലൂടെയും കൈപ്പിടിയിലാക്കി. ഇടുക്കിയുടെ ഇങ്ങേയറ്റമായ തൊടുപുഴ സീറ്റ് കേരള കോൺഗ്രസ് (ജെ) അധ്യക്ഷന്‍ പി.ജെ. ജോസഫ് നിലനിർത്തിയതോടെ ജില്ലയില്‍ ഒരു സീറ്റുമായി വന്‍ നാണക്കേടില്‍ നിന്ന് യുഡിഎഫ് തടിതപ്പുകയായിരുന്നു. 

കാസർകോട് ജില്ലയിൽ നിന്ന് ഒരു കോൺഗ്രസ് പ്രതിനിധിക്കും വിജയിക്കാനായില്ല

കാസർകോട് ജില്ലയിൽ നിന്ന് ഒരു കോൺഗ്രസ് പ്രതിനിധിക്കും 2021-ലെ നിയമസഭ തെരഞ്ഞെടുപ്പില്‍ വിജയിക്കാനായില്ല. 1987-ലാണ് കാസർകോട് നിന്ന് അവസാനമായി കോൺഗ്രസ് അംഗങ്ങൾ നിയമസഭയിലെത്തിയത്. ഉദുമയിൽ നിന്നും കാഞ്ഞങ്ങാട് നിന്നുമായിരുന്നു ഇത്.

2021-ലെ നിയമസഭ തെരഞ്ഞെടുപ്പില്‍ നാല് ജില്ലകളില്‍ കോണ്‍ഗ്രസ് സീറ്റുകളൊന്നും നേടിയില്ല എന്നതുപോലെ തന്നെ, അഞ്ച് ജില്ലകളില്‍ ഒരാളെ വീതം മാത്രമേ കോണ്‍ഗ്രസിന് വിജയിപ്പിക്കാനായുള്ളൂ എന്ന പ്രഹരവുമുണ്ടായിരുന്നു. മലപ്പുറം ജില്ലയിലെ വണ്ടൂരിൽ എ.പി. അനിൽ കുമാർ, പാലക്കാട് ജില്ലയിലെ പാലക്കാട് മണ്ഡലത്തില്‍ ഷാഫി പറമ്പിൽ, തൃശൂരിലെ ചാലക്കുടിയിൽ സനീഷ് കുമാർ, ആലപ്പുഴ ജില്ലയിലെ ഹരിപ്പാട് രമേശ് ചെന്നിത്തല, തിരുവനന്തപുരത്ത് കോവളം മണ്ഡലത്തില്‍ എം. വിൻസെന്‍റ് എന്നിവരായിരുന്നു അത്.

Asianet News Live | Malayalam Live News | Kerala News Updates | Breaking News | HD News Streaming