Asianet News MalayalamAsianet News Malayalam

ബസുകളുടെ വാഹന നികുതി കുടിശ്ശിക ഇൻഡിഗോ അടച്ചു, കസ്റ്റഡിയിലെ ബസ് വിട്ടുനൽകുമെന്ന് എംവിഡി

പിഴത്തുക ഉൾപ്പെടെ അടച്ച് തീർത്തതായി അറിയിച്ച മോട്ടോർ വാഹന വകുപ്പ്, കസ്റ്റഡിയിലെടുത്ത ബസ് അടുത്ത ദിവസം തന്നെ വിട്ടുകൊടുക്കുമെന്നും വ്യക്തമാക്കി.

indigo airlines Paid  vehicle tax  arrears of the buses says mvd kerala
Author
Kozhikode, First Published Jul 20, 2022, 9:04 PM IST

കോഴിക്കോട്: മോട്ടോര്‍ വാഹന വകുപ്പ് പിഴ ചുമത്തിയതിന് പിന്നാലെ ബസുകളുടെ വാഹന നികുതി കുടിശ്ശിക ഇൻഡിഗോ വിമാന കമ്പനി അടച്ചു തീർത്തു. വിമാനത്താവളത്തിൽ സർവീസ് നടത്തുന്ന രണ്ട് ബസ്സുകളുടെ നികുതിയാണ് കമ്പനി കുടിശ്ശിക വരുത്തിയത്. പിഴത്തുക ഉൾപ്പെടെ അടച്ച് തീർത്തതായി അറിയിച്ച മോട്ടോർ വാഹന വകുപ്പ്, കസ്റ്റഡിയിലെടുത്ത ബസ് അടുത്ത ദിവസം തന്നെ വിട്ടുകൊടുക്കുമെന്നും വ്യക്തമാക്കി. ഇൻഡിഗോയുടെ രണ്ടു ബസുകളുടെ വാഹനനികുതി അടച്ചില്ലെന്നാണ് കഴിഞ്ഞ ദിവസം കണ്ടെത്തിയത്. തുടർന്ന് ഒരു ബസ് ഇന്നലെ രാമനാട്ടുകരയിൽ വെച്ച് മോട്ടോർ വാഹന വകുപ്പ് കസ്റ്റഡിയിലെടുത്തിരുന്നു. കരിപ്പൂർ വിമാനത്താവളത്തിൽ സർവീസ് നടത്തുന്ന ബസിന് പിഴ സഹിതം അടക്കേണ്ടത് 37,000 രൂപയായിരുന്നു.

ഇതോടെ ഇൻഡിഗോ ബസുകൾക്കെതിരെ പരിശോധന വ്യാപകമാക്കാൻ മോട്ടോർ വാഹനവകുപ്പ് തീരുമാനിച്ചിരുന്നു. നികുതി ഒടുക്കാതെ ഇൻഡിഗോ യുടെ എത്ര വാഹനങ്ങൾ ഇത്തരത്തിൽ ഓടുന്നുണ്ട് എന്ന കണക്കും മോട്ടോർ വാഹന വകുപ്പ് ശേഖരിക്കുന്നുണ്ട്. 

Read Also: ആറു മാസമായി നികുതി അടയ്ക്കുന്നില്ല, കുടിശിക പെരുകി; ഇൻഡിഗോ എയർലൈൻസിന്‍റെ ബസ് കസ്റ്റഡിയില്‍

വിമാനത്താവളത്തിനകത്ത് സർവീസ് നടത്തുന്ന വാഹനങ്ങൾക്ക് സാധാരണ രജിസ്ട്രേഷൻ ആവശ്യമില്ല. എന്നാൽ ഇന്നലെ പിടികൂടിയ ബസ് നേരത്തെ രജിസ്റ്റർ ചെയ്തതാണ്. ഇത്തരത്തിൽ രജിസ്റ്റർ ചെയ്ത വാഹനങ്ങൾ ടാക്സ് അടയ്ക്കാതെ സർവീസ് നടത്തുന്നുണ്ടോ എന്നാണ് പരിശോധിക്കുക. സമാനരീതിയിൽ മറ്റ് വിമാന കമ്പനികളും ചട്ടലംഘനം നടത്തിയിട്ടുണ്ടോ എന്നും പരിശോധിക്കും. ബസ് കസ്റ്റഡിയിൽ എടുത്ത വിവരം മോട്ടോർ വാഹനവകുപ്പ് ഇൻഡിഗോ എയർലൈൻസിനെ ഇന്നലെ തന്നെ ഇ-മെയിൽ വഴി അറിയിച്ചെങ്കിലും അവർ പ്രതികരിച്ചിട്ടില്ല. നികുതി കുടിശ്ശിക ഉൾപ്പടെ അടച്ചാൽ വാഹനം വിട്ട് നൽകുമെന്നും മറ്റ് സാങ്കേതിക തടസ്സങ്ങൾ ഇല്ലെന്നും ആർടിഒ അറിയിച്ചു.

Read Also: റെയില്‍പ്പാളത്തിന് മീതേപ്പറന്ന് ഇൻഡിഗോ; ജയരാജനെ വിമാനക്കമ്പനി ട്രോളിയെന്ന് സോഷ്യല്‍ മീഡിയ!

ഇപി ജയരാജന് വിലക്കേർപ്പെടുത്തിയതിന് പിന്നാലെയാണ് ഇൻഡിഗോയ്ക്കെതിരെ നടപടി ആരംഭിച്ചതെന്ന വിമർശനം ഇതിനോടകം തന്നെ ഉയർന്നിട്ടുണ്ട്. ഇൻഡിഗോ എയർലൈൻസ് ബസ് കസ്റ്റഡിയിലെടുത്ത സംഭവത്തെ കെപിസിസി അധ്യക്ഷൻ കെ സുധാകരനും പ്രതിപക്ഷ നേതാവ് വി ഡി സതീശനും വിമർശിച്ചു. ഇൻഡിഗോ ബസ് പിടിച്ചിട്ടത് അൽപത്തരമാണെന്നും എന്ത് പ്രതികാര നടപടിയും കൈക്കൊള്ളുമെന്നതിന് തെളിവാണെന്നും സുധാകരൻ പറഞ്ഞു. ഇൻഡിഗോ ബസിനെതിരായ നടപടി മുണ്ടുടുത്ത മോദിയാണ് പിണറായി എന്ന പരാമർശത്തിന് അടിവരയിടുന്ന നടപടിയാണെന്നായിരുന്നു സതീശൻ പറഞ്ഞത്. മോദി ഭരണവും പിണറായി ഭരണവും തമ്മിൽ എന്താണ് വത്യാസമെന്നും വിവാദങ്ങൾ ഉണ്ടാക്കുന്നത് സ്വർണക്കടത്ത് കേസിൽ നിന്ന് ശ്രദ്ധ തിരിക്കാനെന്നും പ്രതിപക്ഷ നേതാവ് അഭിപ്രായപ്പെട്ടു.

Follow Us:
Download App:
  • android
  • ios