Asianet News MalayalamAsianet News Malayalam

മലപ്പുറത്ത് കൊവിഡ് ബാധിച്ച കുഞ്ഞിന്‍റെ നില അതീവ ഗുരുതരം

കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിലെ ഐസൊലേഷന്‍ കേന്ദ്രത്തില്‍ തീവ്രപരിചരണ വിഭാഗത്തിലാണ് കുട്ടിയുള്ളത്. 

infant infected with covid 19 health condition is not stable
Author
Malappuram, First Published Apr 23, 2020, 10:52 AM IST

മഞ്ചേരി: മലപ്പുറത്ത് കൊവിഡ് സ്ഥിരീകരിച്ച നാലുമാസം പ്രായമായ കുഞ്ഞിന്‍റെ ആരോഗ്യനില അതീവ ഗുരുതരം. കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിലെ ഐസൊലേഷന്‍ കേന്ദ്രത്തില്‍ തീവ്രപരിചരണ വിഭാഗത്തിലാണ് കുട്ടിയുള്ളത്. ജന്മനാ ആരോഗ്യപ്രശ്‍നങ്ങളുള്ള കുട്ടിയെ ആശുപത്രിയിൽ പ്രവേശിപ്പിക്കുമ്പോൾ തന്നെ അവശനിലയിൽ ആയിരുന്നെന്ന് ആശുപത്രി അധികൃതർ പറഞ്ഞു. മഞ്ചേരി സ്വദേശിയായ കുഞ്ഞിന്‍റെ ബന്ധുവിന് നേരത്തെ കൊവിഡ് സ്ഥിരീകരിച്ചിരുന്നു. ഇയാളിൽ നിന്നാകാം കുഞ്ഞിന് വൈറസ് ബാധയേറ്റതെന്നാണ് സംശയം. 

നിരവധി ആരോഗ്യപ്രശ്‍നങ്ങളുള്ള കുട്ടിയെ വിവിധ ആശുപത്രികളിൽ നേരത്തെ ചികിത്സിച്ചിരുന്നു. ശ്വാസ തടസ്സത്തെ തുടര്‍ന്ന് ഏപ്രില്‍ 17 ന് കുട്ടിയെ മഞ്ചേരിയിലെ സ്വകാര്യ ആശുപത്രിയില്‍ കാണിച്ചിരുന്നു. ന്യുമോണിയ ബാധിച്ചെന്ന് കണ്ടെത്തിയതോടെ അതേദിവസം തന്നെ മഞ്ചേരിയിലെ മറ്റൊരു സ്വകാര്യ ആശുപത്രിയില്‍ കുട്ടിയെ പ്രവേശിപ്പിച്ചു. നാല് ദിവസങ്ങള്‍ക്ക് ശേഷം അപസ്‍മാരത്തെ തുടര്‍ന്ന് കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു.

സംസ്ഥാനത്ത് ഇന്നലെ ഈ കുട്ടിക്ക് അടക്കം 11 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. രണ്ട് ഹൗസ് സർജന്മാരും ഒരു നഴ്‍സും കൊവിഡ് സ്ഥിരീകരിച്ചവരുടെ കൂട്ടത്തിലുണ്ട്. കോഴിക്കോട് നേരത്തെ കൊവിഡ് രോഗിയെ ചികിത്സിച്ച് സ്വകാര്യ ആശുപത്രിയിലെ നഴ്‍സിനാണ് രോഗം. കോഴിക്കോട് മെഡിക്കൽ കോളേജിൽ നിന്നും അവസാനവർഷ  മെഡിക്കൽ പരീക്ഷ കഴിഞ്ഞ് ദില്ലിയിൽ  വിനോദയാത്രയ്ക്ക് പോയ പത്തംഗ സംഘത്തിലെ  രണ്ട് പേർക്കാണ് കൊവിഡ് സ്ഥിരികരിച്ചത്. ഇവർ തിരികെ നാട്ടിലേക്ക് വന്നത് തബ്ലിഗ് സമ്മേളനത്തിൽ പങ്കെടുത്ത് മടങ്ങിയവർ സഞ്ചരിച്ച ട്രെയിനിലെ ബോഗിയിലായിരുന്നു.
 

Follow Us:
Download App:
  • android
  • ios