തിരുവനന്തപുരം: കസ്റ്റംസിനെതിരെ നിയമസഭാസെക്രട്ടറിക്ക് അവകാശ ലംഘന നോട്ടീസ് നൽകി രാജു എബ്രഹാം എംഎൽഎ. ഇന്നലെ സ്പീക്കറുടെ അസിസ്റ്റൻറ് പ്രവൈറ്റ് സെക്രട്ടറി കെ അയ്യപ്പന്‍റെ ചോദ്യം ചെയ്യലുമായി ബന്ധപ്പെട്ട് നിയമസഭാ സെക്രട്ടറിക്ക് നൽകിയ മറുപടിയാണ് നോട്ടീസിന് ആധാരം. നിയമസഭാ ചട്ടം 165 കുറ്റവാളികളെ സംരക്ഷിക്കാൻ ഉള്ളതല്ല എന്നായിരുന്നു ഈ നോട്ടീസിൽ ഉണ്ടായിരുന്നത്.

ഒരാളെ ചോദ്യം ചെയ്യാൻ വിളിപ്പിക്കുന്ന ഉടനെ അയാളെ കുറ്റവാളിയായി കാണുന്നത് ശരിയല്ലെന്നും അത് ചട്ടങ്ങളുടെ ലംഘനമാണ് എന്നും കാണിച്ചുകൊണ്ടാണ് രാജു എബ്രഹാമിന്‍റെ നോട്ടീസ്. നിയമസഭാ സെക്രട്ടറിക്ക് കിട്ടിയ നോട്ടീസ് നിയമസഭാ എത്തിക്സ് ആൻഡ് പ്രിവിലേജ് കമ്മിറ്റിക്ക് കൈമാറാൻ ആണ് സാധ്യത. നേരത്തെ ലൈഫ് പദ്ധതിയിലെ അന്വേഷണവുമായി ബന്ധപ്പെട്ട് ഫയലുകൾ ആവശ്യപ്പെട്ടപ്പോൾ ഇഡിക്കെതിരെ ജെയിംസ് മാത്യു എംഎൽഎയും അവകാശ ലംഘന നോട്ടീസ് നൽകിയിരുന്നു.