തിരുവനന്തപുരം: വഞ്ചിയൂർ സബ്-ട്രഷറിയിൽ നിന്ന് രണ്ട് കോടി രൂപ തട്ടിയ കേസിൽ കൂടുതൽ ഉദ്യോഗസ്ഥർക്കെതിരെ നടപടിക്ക് ശുപാർശ ചെയ്ത് ട്രഷറി ഡയറക്ടർ സർക്കാറിന് റിപ്പോർട്ട് നൽകി. ട്രഷറി തട്ടിപ്പിൽ ഉദ്യോഗസ്ഥർക്ക് വീഴ്ചയുണ്ടായെന്നാണ് ട്രഷറി ഡയറക്ടറുടെ അന്വേഷണ റിപ്പോർട്ട്. ജില്ലാ ട്രഷറി ഓഫീസർ, ടെക്നിക്കൽ കോർഡിനേറ്റർ എന്നിവർക്ക് വീഴ്ച പറ്റിയെന്നും ഇവർക്കെതിരെ നടപടി വേണമെന്നുമാണ് ശുപാർശ. 

റിപ്പോർട്ടിൻറെ അടിസ്ഥാനത്തിൽ ധനമന്ത്രി ഉന്നതതലയോഗം വിളിച്ചു. ധനകാര്യസെക്രട്ടറിയും സോഫ്റ്റ് വെയർ ചുമതലയുള്ള എൻഐഎസി ഉദ്യോഗസ്ഥരും യോഗത്തിൽ പങ്കെടുക്കും. ഇന്ന് തന്നെ നടപടിയുണ്ടാകുമെന്നാണ് സൂചന. പണം തട്ടിയെടുത്ത ഒന്നാം പ്രതി ബിജുലാൽ ഇപ്പോഴും ഒളിവിലാണ്. ബിജുലാൽ നൽകിയ മുൻകൂർ ജാമ്യാപേക്ഷ  തിരുവനന്തപുരം ജില്ലാ കോടതി മടക്കി.

ഇതിനിടെ സൈബർ വിദഗ്ദർ ഉള്‍പ്പെടെ ട്രഷറിൽ പരിശോധന നടത്തി. പണം പോയത് ഏത് അക്കൗണ്ടിൽ നിന്നാണെന്ന കാര്യം ഇനിയും വ്യക്തമാകേണ്ടതുണ്ട്. കള്കടറുടെ അക്കൗണ്ടിൽ നിന്നയിരുന്നു പണം മാറ്റാൻ ശ്രമിച്ചിരുന്നത്. ഇടപാടിന് ശേഷം ഡീലേറ്റ് ചെയ്തതിനാൽ ആ അക്കൗണ്ടിലേക്ക് പണം തിരിയെത്തി. പക്ഷെ മറ്റേതോ അക്കൗണ്ടിൽ നിന്നും ബിജു ലാലിൻറെയും ഭാര്യയുടെയും അക്കൗണ്ടിലേക്ക് പണം പോയെന്നാണ് പ്രാഥമിക കണ്ടെത്തൽ.

അതിനിടെ ട്രഷറി തട്ടിപ്പ് സർക്കാറിനെതിരെ പ്രതിപക്ഷം ആയുധമാക്കുകയാണ്. ഒളിവിലുള്ള പ്രധാന പ്രതി ബിജുലാലിന് സംരക്ഷണം നൽകുന്നതെന്ന് സർക്കാറാണെന്ന് പ്രതിപക്ഷനേതാവ് കുറ്റപ്പെടുത്തി. ട്രഷറി തട്ടിപ്പ് കേന്ദ്ര ഏജൻസി അന്വേഷിക്കണമെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് ആവശ്യപ്പെട്ടു.