Asianet News MalayalamAsianet News Malayalam

ദില്ലിയിൽ റെക്കോഡ് ശൈത്യം തുടരുന്നു; ഇന്നത്തെ താപനില1.9 ഡിഗ്രി സെൽഷ്യസ്

ഉത്തരേന്ത്യയിൽ കൊടും ശൈത്യം തുടരുമ്പോൾ ജീവിതം മുന്നോട്ട്കൊണ്ടുപോകാൻ പാടുപെടുന്ന സാധാരണക്കാരെയാണ് എല്ലായിടത്തും കാണുന്നത്.

Intense cold wave grips Delhi as mercury drops to record low
Author
First Published Jan 8, 2023, 4:08 PM IST

ദില്ലി: ഉത്തരേന്ത്യയിൽ കൊടും ശൈത്യം തുടരുന്നു. പല സംസ്ഥാനങ്ങളിലും മൂടൽ മഞ്ഞ് കനത്തു. ഗതാഗത സംവിധാനങ്ങൾ താളം തെറ്റി. വിമാനങ്ങളും ട്രെയിനുകളും മണിക്കൂറുകൾ വൈകിയാണ് ഓടുന്നത്. ദില്ലിയിലെ തെരുവിൽ കഴിയുന്നവരെ താല‍്‍കാലിക അഭയ കേന്ദ്രങ്ങളിലേക്ക് മാറ്റി. രണ്ട് ദിവസം കൂടി ശൈത്യ തരംഗം തുടരും എന്നാണ് കാലാവസ്ഥാ വിദഗ്ദ്ധരുടെ പ്രവചനം. 

ഉത്തരേന്ത്യയിൽ കൊടും ശൈത്യം തുടരുമ്പോൾ ജീവിതം മുന്നോട്ട്കൊണ്ടുപോകാൻ പാടുപെടുന്ന സാധാരണക്കാരെയാണ് എല്ലായിടത്തും കാണുന്നത്. റോഡ് റെയിൽ വ്യോമ ഗതാഗതത്തെയും ശൈത്യം നന്നായി ബാധിച്ചു. മൂടൽമഞ്ഞ് കനത്തതോടെ രാജ്യതലസ്ഥാനത്തെ റോഡ് ഗതാഗതവും ദുഷ്കരമായി. കാഴ്ചാ പരിധി 25 മീറ്റർ വരെയായി ഇന്നും ചുരുങ്ങി. ദില്ലിയിൽ ഇന്ന് രേഖപ്പെടുത്തിയ കുറഞ്ഞ താപനില 1.9 ഡിഗ്രി സെൽഷ്യസ്. മൂന്ന് ഡിഗ്രിക്കും താഴെയാണ് പല മേഖലകളിലും കൂടിയ താപനില. 

മധ്യപ്രദേശിലെ നൗഗോങ്ങിലും രാജസ്ഥാനിലെ ചുരുവിലും കുറഞ്ഞ താപനില പൂജ്യത്തിലും താഴെയാണ്. പ‍ഞ്ചാബ് , ഹരിയാന, ചണ്ഡീഗഡ് സംസ്ഥാനങ്ങളിലും സ്ഥിതി രൂക്ഷമാണ്. ദില്ലി വിമാനത്താവളത്തിൽ 20 വിമാനങ്ങൾ വൈകി. ഉത്തരേന്ത്യയിലാകെ 42 തീവണ്ടികൾ വൈകിയോടുകയാണ്. ജനജീവിതത്തെയും ശൈത്യം കാര്യമായി ബാധിച്ചു. വഴിയരുകിൽ ജീവിക്കുന്നവരെ മാറ്റിപാർപ്പിക്കാനായി ദില്ലിയിൽ ഷെൽട്ടർ ഹോമുകൾ തയാറാക്കിയിട്ടുണ്ട്. ഇവിടെയെത്തുന്നവർക്ക് മരുന്നും ഭക്ഷണവും ലഭിക്കും.

Follow Us:
Download App:
  • android
  • ios