Asianet News MalayalamAsianet News Malayalam

ദക്ഷിണ കന്നഡ ജില്ലയിൽ ഇന്റർനെറ്റ്‌ നിരോധനം; മംഗലാപുരത്ത് കർഫ്യൂ നീട്ടി

  • പ്രതിഷേധത്തിനിടെ മംഗലാപുരത്ത് രണ്ട് പേർ പൊലീസിന്റെ വെടിയേറ്റ് കൊല്ലപ്പെട്ട പശ്ചാത്തലത്തിലാണ് തീരുമാനം
  • കാസർകോട്, കണ്ണൂർ വയനാട്, കോഴിക്കോട് ജില്ലകളിൽ പൊലീസിന് അതീവ ജാഗ്രതാ നിർദ്ദേശം നൽകി
Internet withdrawn in Dakshina Kannada curfew extended in mangalore
Author
Mangalore, First Published Dec 19, 2019, 10:48 PM IST

മംഗലാപുരം: പൊലീസ് വെടിവയ്പ്പിൽ രണ്ട് പേർ കൊല്ലപ്പെട്ട സംഭവത്തിന് പിന്നാലെ കേരള അതിർത്തിയോട് ചേർന്നുള്ള ദക്ഷിണ കന്നഡ ജില്ലയിൽ ഇന്റർനെറ്റിന് വിലക്ക്. രണ്ട് ദിവസത്തേക്കാണ് നിരോധനം ഏർപ്പെടുത്തിയത്. അതേസമയം മംഗലാപുരത്ത് കർഫ്യൂ ഞായറാഴ്ച വരെയും നീട്ടിയിട്ടുണ്ട്.

പൗരത്വ ഭേദഗതി നിയമത്തിനെതിരായ പ്രതിഷേധത്തിനിടെ മംഗലാപുരത്ത് രണ്ട് പേർ പൊലീസിന്റെ വെടിയേറ്റ് കൊല്ലപ്പെട്ട പശ്ചാത്തലത്തിലാണ് തീരുമാനം. കേരളത്തിൽ നാല് ജില്ലകളിൽ ജാഗ്രതാ നിർദ്ദേശം പുറപ്പെടുവിച്ചിട്ടുണ്ട്. കാസർകോട്, കണ്ണൂർ വയനാട്, കോഴിക്കോട് ജില്ലകളിലാണ് പൊലീസിന് അതീവ ജാഗ്രതാ നിർദ്ദേശം നൽകിയിരിക്കുന്നത്.

പ്രതിഷേധത്തിനിടെ പൊലീസ് വെടിവയ്പ്പിൽ ഇന്ന് രാജ്യത്താകെ മൂന്ന് പേരാണ് കൊല്ലപ്പെട്ടത്. മംഗലാപുരത്ത് രണ്ട് പേരും ലക്‌നൗവിൽ ഒരാളുമാണ് കൊല്ലപ്പെട്ടത്. രണ്ടിടത്തും പൊലീസ് വെടിവയ്പ്പിലാണ് പ്രതിഷേധക്കാർ കൊല്ലപ്പെട്ടതെന്നാണ് റിപ്പോർട്ടുകൾ.  അതേസമയം തങ്ങൾ ഉപയോഗിച്ചത് റബ്ബർ പെല്ലെറ്റാണെന്ന് കർണ്ണാടക പൊലീസും വെടിവച്ചിട്ടില്ലെന്ന് യുപി പൊലീസും പറഞ്ഞു.

മംഗളൂരുവിൽ വെടിയേറ്റ ജലീൽ, നൗഷീൻ എന്നിവരാണ് കൊല്ലപ്പെട്ടത്. പ്രതിഷേധക്കാര്‍ക്ക് നേരെ പൊലീസ് വെടിവെയ്പ്പിന്റെ ദൃശ്യങ്ങൾ പുറത്തുവന്നു.  മറ്റൊരാൾക്കും സാരമായി പരിക്കേറ്റിട്ടുണ്ട്. 

കർണാടക എഡിജിപി ദയാനന്ദയോട് അടിയന്തരമായി മംഗളൂരുവിൽ എത്താൻ മുഖ്യമന്ത്രി ബിഎസ് യെദ്യൂരപ്പ നിർദ്ദേശം നൽകി. അക്രമങ്ങളിലേക്ക് പോകരുതെന്ന് മുഖ്യമന്ത്രി അഭ്യർത്ഥിച്ചു. അതേസമയം സംഭവത്തിന്റെ പൂർണ്ണ ഉത്തരവാദികൾ സംസ്ഥാന സർക്കാരാണെന്ന വിമർശനവുമായി കോൺഗ്രസ് രംഗത്തെത്തി.

പ്രതിഷേധം സംഘര്‍ഷത്തിലേക്ക് വഴിമാറാനുള്ള സാധ്യത കണക്കിലെടുത്ത് മംഗലാപുരത്ത് നേരത്തെ തന്നെ നിരോധനാജ്ഞ പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ നിരോധനാജ്ഞ നിലനില്‍ക്കുമ്പോള്‍ തന്നെ ആയിരക്കണക്കിന് ആളുകളാണ് പ്രതിഷേധപ്രകടനത്തില്‍ പങ്കെടുക്കാനെത്തിയത്. കമ്മീഷണര്‍ ഓഫീസിലേക്ക് നീങ്ങിയ പ്രതിഷേധമാര്‍ച്ച് പൊലീസ് തടഞ്ഞതോടെയാണ് സംഘര്‍ഷം ആരംഭിച്ചത്. 

പൊലീസ് ആദ്യം പ്രതിഷേധക്കാര്‍ക്ക് നേരെ ലാത്തി ചാര്‍ജ് നടത്തുകയും പിന്നീട് ഗ്രനേഡ് പ്രയോഗിക്കുകയും ചെയ്തു. തുടര്‍ന്നാണ് റബര്‍ ബുള്ളറ്റിന്‍ ഉപയോഗിച്ച് വെടിവെപ്പ് നടത്തിയത്. സംഘര്‍ഷത്തിന് പിന്നാലെ മംഗലാപുരത്തെ അഞ്ച് പൊലീസ് സ്റ്റേഷനുകളുടെ പരിധിയില്‍ നാളെ രാത്രി വരെ കൂടി നിരോനാജ്ഞ പ്രഖ്യാപിച്ചിട്ടുണ്ട്. മംഗലാപുരം നഗരപരിധിയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും നാളെ അവധിയാണ്. 

പ്രതിഷേധത്തിനിടെ ലക്‌നൗവിൽ 37 വാഹനങ്ങളെങ്കിലും അഗ്നിക്കിരയാക്കിയെന്നാണ് വിവരം. മാധ്യമസ്ഥാപനങ്ങളുടെ നാല് ഓബി വാനുകളും ഇതിൽ പെടും. മൂന്ന് ബസുകളും 10 കാറുകളും 20 ബൈക്കുകളുമാണ് കത്തിച്ചത്. യുപി തലസ്ഥാനമായ ലക്നൗവിൽ പ്രതിഷേധക്കാർക്ക് നേരെ പൊലീസ് ലാത്തിവീശിയതാണ് സംഭവങ്ങളുടെ തുടക്കം. ഇതോടെ സംഘർഷം പടർന്നു. വൻതോതിൽ അക്രമങ്ങൾ അരങ്ങേറുകയായിരുന്നു. പ്രതിഷേധക്കാർക്ക് നേരെ പൊലീസ് കണ്ണീർവാതക ഷെല്ലുകൾ പ്രയോഗിച്ചെങ്കിലും പ്രതിഷേധം നിയന്ത്രിക്കാനായില്ല.

Follow Us:
Download App:
  • android
  • ios