ബാലുശ്ശേരി എകരൂരില്‍ ഇതരസംസ്ഥാന തൊഴിലാളി കുത്തേറ്റ് മരിച്ചു. ഝാർഖണ്ഡ് സ്വദേശിയായ പരമേശ്വർ ആണ് മരിച്ചത്. സംഭവത്തിൽ രണ്ട് ഇതരസംസ്ഥാന തൊഴിലാളികളെ അറസ്റ്റ് ചെയ്തു.
കോഴിക്കോട്: കോഴിക്കോട് ബാലുശ്ശേരി എകരൂരില്‍ ഇതരസംസ്ഥാന തൊഴിലാളി കുത്തേറ്റ് മരിച്ചു. ഝാർഖണ്ഡ് സ്വദേശിയായ പരമേശ്വർ ആണ് മരിച്ചത്. സംഭവത്തിൽ രണ്ട് ഇതരസംസ്ഥാന തൊഴിലാളികളെ അറസ്റ്റ് ചെയ്തു. മുന്‍ വൈരാഗ്യമാണ് കൊലപാതകത്തിലേക്ക് നയിച്ചത്. എകരൂരില്‍ ഇതരസംസ്ഥാന തൊഴിലാളികള്‍ താമസിക്കുന്ന സ്ഥലത്താണ് ഇന്നലെ രാത്രി പതിനൊന്ന് മണിയോടെ കൊലപാതകം നടന്നത്. ഝാർഖണ്ഡ് സ്വദേശിയായ പരമേശ്വർ എന്ന യുവാവാണ് കൊല്ലപ്പെട്ടത്. 25 വയസാണ് ഇയാളുടെ പ്രായം. നേരത്തെയുള്ള വൈരാഗ്യമാണ് കൊലപാതക കാരണം. എകരൂരില്‍ തന്നെ വാടകയ്ക്ക് താമസിക്കുന്ന ഝാർഖണ്ഡ് സ്വദേശികളായ സുനില്‍, ഘനശ്യാം എന്നിവരാണ് അറസ്റ്റിലായത്.
ഫോണില്‍ പ്രതികളും കൊല്ലപ്പെട്ട പരമേശ്വരും തമ്മില്‍ വൈകീട്ട് വെല്ലുവിളിച്ചിരുന്നു. രാത്രി പരമേശ്വർ താമസിക്കുന്ന സ്ഥലത്തെത്തി ഏറ്റുമുട്ടുകയായിരുന്നു. തുടര്‍ന്ന് മദ്യലഹരിയിലായിരുന്ന പ്രതികള്‍ കത്തിയെടുത്ത് കുത്തി. നെഞ്ചിലും പുറത്തുമേറ്റ ആഴത്തിലുള്ള മുറിവാണ് മരണ കാരണമെന്ന് ഡോക്ടർ അറിയിച്ചു. കൂടെ താമസിക്കുന്ന 7 പേരെ ചോദ്യം ചെയ്യുന്നതിനായി പൊലീസ് ഇന്നലെ രാത്രി തന്നെ കസ്റ്റഡിയിലെടുത്തിരുന്നു. സുനില്‍, ഘനശ്യാം എന്നിവരുടെ അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം മറ്റുള്ളവരെ വിട്ടയച്ചു. കുത്തിയ കത്തി പൊലീസ് കണ്ടെത്തി. ഫോറന്‍സിക് സംഘം സ്ഥലത്ത് പരിശോധന നടത്തി. മൃതദേഹം മെഡിക്കൽ കോളേജ് മോർച്ചറിയിലേക്ക് മാറ്റി. പോസ്റ്റ് മോര്‍ട്ടത്തിന് ശേഷം ബന്ധുക്കള്‍ക്ക് വിട്ടുകൊടുക്കും. കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്‍ഡ് ചെയ്തു.


